കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്ത താര സംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. രാജ്യം പാസ്‌പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും, പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റുവെന്ന് ഹരീഷ് പേരടി പരിഹസിച്ചു. ഫേസ്‌ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

'അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല, 'അമ്മ ഡാ...സംഘടന..ഡാ'. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്, പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക- ഹരീഷ് പേരടി ഫേസ്‌ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് നടൻ ഷമ്മി തിലകൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്കിന്റെ പൂർണരൂപം;

രാജ്യം പാസ്‌പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും...പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു...കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല....A.M.M.A ഡാ...സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല..തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.

അതേസമയം വിജയ് ബാബുവിന് പൊലീസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നേരത്തെ മെയ് 19-ന് പാസ്‌പോർട്ട് ഓഫീസർ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്‌പോർട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോർജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് .