തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ യേശുദാസിനും ജയരാജിനും എതിരായി വിമർശനം ശക്തമാകുന്ന സമയമാണിപ്പോൾ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും പുരസ്‌ക്കാരം വാങ്ങില്ലെന്ന നിലപാട് കൈക്കൊണ്ട് മലയാളത്തിൽ നിന്നുള്ള നിരവധി അവാർഡ് ജേതാക്കൾ വിട്ടു നിന്നു. യേശുദാസും ജയരാജും പുരസ്‌ക്കാരം വാങ്ങുകയും ചെയ്തു. എന്നാൽ, അതിന്റെ പേരിൽ ഇവർക്കെതിരെ കടുത്ത വിമർശനം സൈബർ ലോകത്തുകൊഴുക്കുകയാണ്.

ഇതിനിടെ, വിവാദങ്ങളിൽ യേശുദാസിനും ജയരാജിനും പിന്തുണയുമായി നടൻ ഹരീഷ് പേരടി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരങ്ങൾ കൈമാറിയത് കെണ്ട് അതിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല. തരുന്ന വ്യക്തിയെക്കാൾ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണെന്ന് അദേഹം പറയുന്നു. ചാനൽ മുതലാളിമാരുടെ സകല കോമാളിത്തരങ്ങളും മണിക്കുറുകളോളം സഹിച്ച് ഊരും പേരും അറിയാത്ത സ്പോൺസർമാരുടെ മുന്നിൽ വിനീതവിധേയരായി നിന്ന് അവാർഡുകൾ വാങ്ങുന്നവരാണ് എല്ലാവരും എന്ന് ഓർത്താൽ നന്നെന്ന് ഹരീഷ് പറയുന്നു. നേരത്തെ യേശുദാസും ജയരാജും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയതിനെതിരെ സംവിധായകരായ സിബി മലയിലും സനൽ കുമാർ ശശിധരനും രംഗത്ത് എത്തിയിരുന്നു.

ആത്മാഭിമാനം അടിയറവു വയ്ക്കാത്ത സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. യേശുദാസിനെയും ജയരാജിനെയും ഓർത്ത് ലജ്ജിക്കുന്നുവെന്നാണ് സിബി മലയിൽ പറഞ്ഞത്. നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാർക്ക് ഒരു വലിയ സലാം. യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമാണെന്നാണ് സനൽ കുമാർ ശശിധരനും വ്യക്തമാക്കിയത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ച വിവാദം കത്തി നിൽക്കെ, പ്രതിഷേധിച്ചവരെ വിമർശിച്ച് സംവിധായകൻ ജയരാജ് രംഗത്തെത്തി. പുരസ്‌കാര വിതരണ ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌കരിച്ചവർ അക്കൗണ്ടിൽ വന്ന പണം തിരികെ നൽകണമെന്നും ജയരാജ് വ്യക്തമാക്കി.

അവാർഡിന് അർഹരായവരിൽ, തിരഞ്ഞെടുത്ത പതിനൊന്നു പേർക്കു മാത്രമേ രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നൽകുകയുള്ളുവെന്നും മറ്റുള്ളവർക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നൽകുമെന്നും വാർത്താവിതരണ മന്ത്രാലയം തീരുമാനിച്ചതിനെതിരെയാണ് കടുത്ത പ്രതിഷേധമുയർന്നത്. മലയാളി താരങ്ങളടക്കം അവാർഡിന് അർഹരായ 140 പേരിൽ, 68 പേർ ചടങ്ങ് ബഹിഷ്‌കരിച്ചു. എന്നാൽ കേരളത്തിൽ നിന്നും ജയരാജും യേശുദാസും പുരസ്‌കാരം സ്വീകരിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ മലയാള സിനിമാ മേഖലയിൽ നിന്നുയർന്നു.