തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തെ പരിഹസിച്ചു നടൻ ഹരീഷ് പേരടി. ഡോ. ജോ ജോസഫിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹരീഷ് വിമർശനവുമായി എത്തിയത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അയാൾ സഭയുടെ കുട്ടിയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും. പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും. തൃക്കാക്കരയിൽ എൽ.ഡി.എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗീയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ'- ഹരീഷ് പേരടി കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം...

അയാൾ സഭയുടെ കുട്ടിയാണ്...സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും...പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയിൽ എൽഡിഎഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ..സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നു...എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല...നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം...

അതേസമയം തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപതയും രംഗത്തെത്തിയിരുന്നു. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദ്ദേശിച്ചു എന്നതുകൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആർക്ക് വോട്ട് എന്നതിൽ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവർക്ക് മാത്രം പിന്തുണയെന്നും ഫാദർ ജോസഫ് പാറേക്കാട്ടിൽ പറഞ്ഞു.

സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയിൽ ജോ ജോസഫിലെത്തിയത്. എന്നാൽ ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ എതിർത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാൽ ക്രൈസ്തവ വിശ്വാസികളിൽ, വിശിഷ്യ കത്തോലിക്ക വോട്ടർമാരിൽ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഉണർത്താനാകുമെന്നാണ് സിപിഎം കരുതുന്നത്.