കൊച്ചി: അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന് പറഞ്ഞ് നടീ നടന്മാരുടെ സംഘടനയായ അമ്മയിൽ നിന്ന് മാറി നിൽക്കുകയാണ് നടൻ ഹരീഷ് പേരടി. ഈ പശ്ചാത്തലത്തിൽ അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനൊപ്പം പ്രിയദർശന്റെ ഓളവും തീരവും സിനിമയിൽ അഭിനയിക്കുന്ന അനുഭവം പറയുകയാണ് ഹരീഷ്.

മോഹൻലാൽ എന്ന വ്യക്തി വിസ്മയമാണെന്ന് ഹരീഷ് പേരടി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മാറ്റിനിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത് അഭിപ്രായ വ്യത്യാസം ഒരാളുടെ സ്വാതന്ത്ര്യമെന്ന തിരിച്ചറിവോടെ അദ്ദേഹം ചേർത്തുനിർത്തും. അദ്ദേഹം അഭിനയത്തിലും മനുഷ്യത്വത്തിലും ഒരു വിസ്മയമാണ് എന്ന് ഹരീഷ് പേരടി പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

'എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു... അഭിനയത്തിൽ മാത്രമല്ല.. മനുഷ്യത്വത്തിലും. തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും.. ഓളവും തീരവും പോലെ', ഹരീഷ് പേരടി കുറിച്ചു.

മോഹൻലാൽ നായകനാകുന്ന സിനിമയിൽ കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മോഹൻലാൽ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. എംടി വാസുദേവൻ നായരുടെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ പ്രിയദർശൻ ആണ് സംവിധാനം ചെയ്യുന്നത്. 1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് 'ഓളവും തീരവും'. 1970ൽ പിഎൻ മേനോന്റെ സംവിധാനത്തിൽ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ ജോസ് പ്രകാശ് ആയിരുന്നു അന്ന് വില്ലൻ വേഷത്തിലെത്തിയത്.