ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഭരണം അട്ടിമറിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ് വിജയം നേടിയതോടെയാണ് ബിജെപിക്ക് കനത്ത പ്രഹരമായത്. 33 പേരുടെ പിന്തുണയോടെയാണ് വിശ്വാസ വോട്ടെടുപ്പിൽ ഹരീഷ് റാവത്തിന് ലഭിച്ചത്. ഒരു ബിജെപി എംഎൽഎയും കോൺഗ്രസിനെ പിന്തുണച്ചു. ഇതോടെ നിലവിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണം തുടരാൻ അവസരം ഒരുങ്ങും.

രാവിലെ 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. വീഡിയോ ചിത്രീകരണം സഹിതം രഹസ്യമായാണ് വോട്ടെടുപ്പ് നടന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ വിവരങ്ങൾ സീൽ ചെയ്ത കവറിൽ സുപ്രീം കോടതിയിൽ അയക്കും. സുപ്രീം കോടതി നിയോഗിച്ച പ്രത്യക അംഗങ്ങളുടെ സാന്നിധ്യത്തിൽ കോടതിയിൽ ആയിരിക്കും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. വോട്ടെടുപ്പിൽ കോൺഗ്രസ് ജയിച്ചതായി ബിജെപി എംഎൽഎ ഗണേശ് ജോഷിയും പറഞ്ഞു.

മാർച്ച് 18ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്കൊപ്പം ചേർന്ന് നിയമസഭയിൽ ഹരീഷ് റാവത്ത് സർക്കാരിനെതിരെ പടനയിച്ചതോടെയാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. മാർച്ച് 27ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി. അംഗബലം സംബന്ധിച്ച തർക്കങ്ങൾക്ക് വിശ്വാസവോട്ടെടുപ്പാണ് അന്തിമതീർപ്പെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കോടതിയുടെ മേൽനോട്ടത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ മെയ്‌ ആറിന് ഉത്തരവിടുകയായിരുന്നു.

സഭയിൽ നിന്നും തങ്ങളെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത് വിമത എംഎൽഎമാർ നൽകിയ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് വിധിക്കെതിരെ തിരക്കിട്ട് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകുകായിരുന്നു. അയോഗ്യതയ്‌ക്കെതിരായ ഹർജി തള്ളിയ ഉത്തരാഖണ്ഡ് ഹൈക്കോടതി എംഎൽഎമാരോട് സ്പീക്കർ ഗോവിന്ദ് സിങ് കുഞ്ജ്വാലിനെ കണ്ട് അയോഗ്യത പിൻവലിക്കാൻ അഭ്യർത്ഥിക്കുകയാണ് വേണ്ടതെന്ന് നിർദേശിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജി ജസ്റ്റീസ് യുസി ധ്യാനിയാണ് ഹർജി തള്ളിയത്.

എഴുപതംഗ സഭയിലെ ഒമ്പത് വിമതർക്ക് അയോഗ്യത കൽപിച്ചതോടെ നിയമസഭയിലെ മൊത്തം അംഗബലം 61 ആയി. നോമിനേറ്റഡ് അംഗം അടക്കം 62 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഭൂരിപക്ഷത്തിന് കോൺഗ്രസിന് 32 വോട്ടാണ് വേണ്ടിയിരുന്നത്. 27 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് തങ്ങളുടെ 26 വോട്ടിന് പുറമെ ആറു പി.ഡി.എഫ്. (പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട്) എംഎ‍ൽഎമാരുടെയും ഒരു ബിജെപി എംഎ‍ൽഎയുടെയും വോട്ട് ലഭിച്ചു.

പി.ഡി.എഫിൽ രണ്ടുപേർ ബി.എസ്‌പിക്കാരും മൂന്നുസ്വതന്ത്രരും ഒരാൾ ഉത്തരാഖണ്ഡ് ക്രാന്തിദൾ അംഗവുമാണ്. ബിജെപി എംഎ‍ൽഎ ഭീംലാൽ ആര്യയാണ്? ഹരീഷ്? റാവത്തിനെ പിന്തുണച്ചത്. 28 അംഗങ്ങളുള്ള ബിജെപിക്ക് തങ്ങളുടെ 27 വോട്ടിന് പുറമെ കോൺഗ്രസ് എംഎ‍ൽഎ രേഖ ആര്യയുടെ വോട്ടും ലഭിച്ചു.

ഒമ്പതു വിമത കോൺഗ്രസ് എംഎ‍ൽഎമാർ മാർച്ച് 18 ന് ബിജെപിയുമായി ചേർന്നതോടെയാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. മാർച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താൻ ഗവർണർ നൽകിയ നിർദ്ദേശം അട്ടിമറിച്ച് തലേദിവസം കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.