- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും കളഞ്ഞു ആദർശവതി ആവണം എന്നാരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ മകളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്'; വിധുബാലയുടെയും ആനിയുടേയും സ്ത്രീവിരുദ്ധ പരാമർശത്തിൽ പരോക്ഷ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ
കോഴിക്കോട്: അമൃത ടി.വിയിലെ ആനീസ് കിച്ചൻ പരിപാടിയിൽ നടിമാരായ വിധുബാലയുടെയും ആനിയുടേയും ചില പരാമർശങ്ങൾ ഈയിടെ സോഷ്യൽ മീഡിയിൽ വലിയ വിവാദം ആയിരുന്നു. 'എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും' -എന്നായിരുന്നു വിധുബാലയുടെ പരാമർശം. ഇത് ശരിയാണെന്ന് ആനിയും പരിപാടിയിൽ സമ്മതിക്കുന്നുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണുയരുന്നത്. സെലിബ്രിറ്റി സ്ത്രീകൾ തന്നെ ഇങ്ങനെ സ്ത്രീവിരുദ്ധത പ്രമോട്ട് ചെയ്യാമോ എന്നാണ് ചോദ്യം ഉയരുന്നത്.
ഇതിൽ പരോക്ഷ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും രംഗത്തെി. തന്റെ മകൾ ശ്രേയയേയും മകളെ പഠിപ്പിച്ച ചില കാര്യങ്ങളേയും പറ്റിയാണ് ഹരീഷിന്റെ പ്രതികരണം. പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും ഹരീഷ് പറയുന്നു. ഈ പ്രതികരണവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഹരീഷ് ശിവരാമകൃഷ്ണന്റേ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇത് എന്റെ മകളാണ്...
ഇവൾക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാൻ അറിയാം, അവൾ അത് വ്യക്തമായി പറയാറും ഉണ്ട് ... കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷൻ ആയ ഞാൻ 'കഷ്ണം മുഴുവൻ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും 'എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല.
സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും ( പാത്രം കഴുകുകയോ, ടോയ്ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കിൽ ആയിക്കോട്ടെ ) അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യം അല്ല. അവളായാലും ഞാൻ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.
പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.
പിന്നെ പിൽക്കാലത്തു അവളുടെ വീട്ടിലോ, എന്റെ വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ വാടക വീട്ടിലോ എവിടെയായാലും അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും, അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.
സ്വന്തമായി അഭിപ്രായം ഉണ്ട് എന്ന കാരണത്താലോ, പാചകം അറിയില്ല എന്ന കാരണത്താലോ, ഇഷ്ടം അല്ലാത്ത കാര്യങ്ങൾ അവൾ ചെയ്യില്ല എന്ന കാരണത്താലോ വരുന്ന 'വരും വരായ്കകളെ ' അങ്ങോട്ട് വരട്ടെ എന്ന് പറയാനും പഠിപ്പിച്ചിട്ടുണ്ട്. ഈ പഠിപ്പിച്ചതുകൊണ്ടുള്ള ബുദ്ധിമുട്ട് അവൾ സഹിച്ചോളും. ചുറ്റും ഉള്ള കുലമമ്മീസ് ആൻഡ് കുലഡാഡീസ് വിഷമിക്കേണ്ടതില്ല.
ഞാൻ എന്തോ ഭയങ്കര സംഭവം ആയ അച്ഛൻ ആണ് ഇങ്ങനെ ഒക്കെ പറയാൻ എന്ന തെറ്റിധാരണ ഒന്നും എനിക്ക് ഇല്ല. സ്വന്തം മകൾക്ക് അവളുടെ തീരുമാനങ്ങൾ എടുക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു അച്ഛൻ അത്രേ ഉള്ളു. വേറെ എന്തെങ്കിലും ഒക്കെ നിങ്ങക്ക് തോന്നിയാൽ അതിനു എനിക്ക് ഒന്നും പറയാൻ ഇല്ല. പുരോഗമനം എന്ന് കേൾക്കുമ്പോ പൊട്ടി ഒലിക്കുന്നവർക്ക് ഉള്ള ointment ഇവിടെ ലഭ്യമല്ല.
മറുനാടന് ഡെസ്ക്