തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യാഴാഴ്ച മുതൽ നിലവിൽ വന്നിരിക്കുകയാണ്. അപ്രായോഗികമായ പല നിർദ്ദേശങ്ങളും ഉണ്ടെന്ന് ആക്ഷേപം ഉയരുമ്പോൾ, പ്രായോഗികമെന്ന വാദം ആരോഗ്യമന്ത്രി ഉയർത്തുന്നു. കടകളിൽ എത്തുന്നവർക്ക് എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് നടത്തിയ ആർ ടി പി സി ആർ സർട്ടിഫിക്കറ്റോ വാക്‌സിൻ സ്വീകരിച്ച രേഖയോ കൈയിൽ കരുതണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വാക്‌സിനെടുക്കാൻ ആകാത്തവർ നിരവധിയാണെന്നും ആർ ടി പി സി ആർ പരിശോധന പണച്ചെലവുള്ള കാര്യവുമാണെന്നും പ്രതിഷേധക്കാർ പറയുന്നു.സർക്കാരിന്റെ പുതുക്കിയ നിർദ്ദേശങ്ങളെ പരിഹസിച്ച് അഡ്വ.ഹരീഷ് വാസുദേവൻ ഇങ്ങനെ കുറിച്ചു: വാക്സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്.

പോസ്റ്റിന്റെ പൂർണരൂപം:

വാക്സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേൽ ഇപ്പൊ കിട്ടും. വന്നാൽ 30 ദിവസം കാത്തിരുന്നാൽ മതി. ജീവനോടെ ഉണ്ടെങ്കിൽ പിന്നെ പുറത്തിറങ്ങാം.സർവ്വതും തകർന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാൻസ്

(ഗൗരവമായി മെറിറ്റിൽ സംസാരിച്ചിട്ടു കാര്യമില്ലാത്തതുകൊണ്ട്..... തൽക്കാലം ഇങ്ങനെ)

പുതുക്കിയ നിർദേശങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. പ്രായോഗികമായ നിർദേശങ്ങൾ തന്നെയാണ് പുതിയ ഉത്തരവിലുള്ളതെന്നും ഇനി അത് തിരുത്താൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അതേസമയം, വാക്‌സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിലും ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.