മേരിക്കൻ രാഷ്ട്രീയത്തിൽ സജീവമാകാൻ തുടങ്ങു എന്നതിന്റെ സൂചനയുമായി മേഗൻ രംഗത്തെത്തി. അമേരിക്കയിലെ മുതിർന്ന നേതാക്കൾക്ക് തുറന്ന കത്തെഴുതിക്കൊണ്ടാണ് മേഗന്റെ രാഷ്ട്രീയ പ്രവേശനം. ഒരു പൗര, ഒരു രക്ഷകർത്താവ്,,, ഒരു അമ്മ എന്ന നിലയിലാണ് താൻ കോൺഗ്രസ്സ് അംഗങ്ങൾക്ക് കത്തെഴുതുന്നതെന്നും മേഗൻ പറയുന്നു. ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്കും അതുപോലെ അമേരിക്കൻ സെനെറ്റിലെ മജോറിറ്റി നേതാവ് ചക്ക് ഷൂമർക്കുമാണ് മേഗൻ കത്തയച്ചിരിക്കുന്നത്.

പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങൾക്ക് നൽകിയ, 1030 പേജോളം വരുന്ന കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് കുട്ടി ജനിച്ചാൽ ഉടൻ മാതാപിതാക്കൾക്ക് ലീവ് അനുവദിക്കണം എന്നാണ്. ആർച്ചീ, ലിലി, ഹാരി എന്നിവരുൾപ്പടെയുള്ള തന്റെ കുടുംബത്തിന്റെ പേരിലാണ് കത്തെന്നും അത് പരിഗണിക്കണമെന്നും അതിൽ ആവശ്യപ്പെടുന്നുണ്ട്. എല്ലാ തൊഴിലാളികൾക്കും 12 ആഴ്‌ച്ചക്കാലത്തെ പെയ്ഡ് ഫാമിലി ആൻഡ് സിക്ക് ലീവ് അനുവദിക്കുന്നതിനുള്ള നിയമം കോൺഗ്രസ്സിന്റെ പരിഗണനയിൽ ഇരിക്കുന്ന സമയത്താണ് ഈ കത്ത്. പെയ്ഡ് സിക്ക് ലീവോ മറ്റേണിറ്റി ലീവോ പറ്റേണിറ്റി ലീവോ ഉറപ്പുനൽകാത്ത രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക.

വിവാദ വിഷയമൊന്നുമല്ലെങ്കിലും നിരവധി പേരാണ് ഈ കത്തിനെ പിന്താങ്ങി രംഗത്ത് എത്തിയിരിക്കുന്നത്. മേഗന്റെ രാഷ്ട്രീയഭിലാഷങ്ങൾ ചിറകുവിരുത്തി പറക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. താൻ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോ, ഒരു രാഷ്ട്രീയ നേതാവോ അല്ലെന്ന് വ്യക്തമാക്കുന്ന കത്തിൽ, മറ്റു പലരേയും പോലെ തൊഴിൽ എടുക്കുന്ന ഒരു പൗരയാണെന്നും ഒരു അമ്മയാണെന്നും ചൂണ്ടിക്കാട്ടുന്നു. വരും തലമുറയ്ക്കായി കുടുംബ പശ്ചാത്തലമൊരുക്കേണ്ട ചുമതല കോൺഗ്രസ്സിനുണ്ട് എന്ന് ബോദ്ധ്യമായതിനാലാണ് ഇത്തരമൊരു കത്തെഴുതുന്നത് എന്നും അതിൽ പറയുന്നു.

സമൂഹത്തിലെ ഏറെ ന്യുനതകൾ ഈ കോവിഡ് കാലത്ത് പുറത്തുവന്നു എന്ന് മേഗൻ കത്തിൽ പറയുന്നു. സ്‌കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതിനാൽ നിരവധി സ്ത്രീകൾക്ക് ജോലി ഉപേക്ഷിച്ച് കുട്ടികളെ നോക്കുന്നതിനായി വീടുകളിൽ ഒതുങ്ങേണ്ടതായി വന്നു എന്നും അതിൽ പറയുന്നുണ്ട്. എമ്മി അവാർഡ് ജേതാവായ ഒരു പിതാവിന്റെ പുത്രിയാണെങ്കിലും താൻ വളർന്നത് കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ് കത്തിൽ മേഗൻ പറയുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തന്റെ മാതാപിതാക്കൾ കഷ്ടപ്പെടുകയായിരുന്നു എന്നും പറയുന്നു.

സഹപാഠികളൊക്കെ വലിയ ആഘോഷവിരുന്നിനായി പോകുമ്പോൾ ഒരു ചെറിയ സലാഡ് ബാറിൽ ഒതുങ്ങാനായിരുന്നു തന്റെ വിധി എന്ന് അവർ പറയുന്നു. 13 വയസ്സുള്ളപ്പോൾ ശീതീകരിച്ച യോഗർട്ടുകൾ വിൽക്കുന്ന കടയിൽ ജോലി ചെയ്യേണ്ടി വന്ന സാഹചര്യവും അവർ കത്തിൽ വിശദീകരിക്കുന്നുണ്ട്. അതിനുശേഷം മറ്റു പല തൊഴിലുകളും ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അമേരിക്കയുടെ സമ്പദ്വ്യവസ്ഥ കാലപ്പഴക്കം സംഭവിച്ച ഒന്നാണെന്നും ധാരാളം അമേരിക്കക്കാർ ഇപ്പോൾ ദുരിതത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബത്തെ മുൻനിർത്തിയുള്ള നയങ്ങളായിരിക്കണം സർക്കാർ രൂപീകരിക്കേണ്ടത്.അതുകൊണ്ടുതന്നെ ഓരോ അമേരിക്കക്കാരനും കുട്ടികൾ ജനിച്ചാൽ പെയ്ഡ് ലീവ് ഉറപ്പാക്കണം എന്നു അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. അമേരിക്കയിലെ നിരാലംബരായ കുടുംബങ്ങളെ കുറിച്ച് മേഗൻ എന്നും ആശങ്കപ്പെടാറുണ്ട് എന്നാണ് മേഗന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല, ആഗോളാടിസ്ഥാനത്തിൽ തന്നെ കുടുംബ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ പ്രവർത്തിക്കുന്ന മൂന്ന് സംഘടനകൾക്കൊപ്പം ചേർന്ന് അവർ പ്രവർത്തിക്കുന്നുണ്ട് എന്നും അവർ വ്യക്തമാക്കുന്നു.