തിരുവനന്തപുരം: യുവാവിനെ ഡിവൈ.എസ്‌പി. കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലും കൊടങ്ങാവിളയിലും ഇപ്പോഴും രോഷം പുകയുകയാണ്. എന്നാൽ ഡി വൈ എസ് പിയെ കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. കേസിലെ കൂട്ടുപ്രതിയായ ഹരികുമാറിന്റെ സുഹൃത്തായ ബിനുവിനെ കസ്റ്റഡിയിൽ എടുക്കാനും പൊലീസ് തയ്യാറാകുന്നില്ല. ഹരികുമാറിനെ ഒളിവിൽ പോകാൻ സഹായിച്ചത് ബിനുവാണ്. അതുകൊണ്ട് തന്നെ ബിനുവിനേയും കൊലക്കേസിൽ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടതാണ്. എന്നാൽ എങ്ങനേയും ബിനുവിനെ രക്ഷിക്കാനാണ് നീക്കം. സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്‌പിക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കാറെത്തിച്ചു കൊടുത്തത് ബിനുവാണ്. അതിനിടെ ഹരികുമാറിന്റെ ബിനാമിയാണ് ബിനുവെന്ന സുപ്രധാന വിവരം മറുനാടന് ലഭിച്ചു. രണ്ട് കൊല്ലമുമ്പ് ബിനുവിനെ കേസിൽ നിന്നും രക്ഷിച്ചെടുത്തതും ഹരികുമാറായിരുന്നു. കൊടങ്ങാവളിയിലെ മാഫിയാ നായകനായി ബിനു മാറിയത് ഡിവൈഎസ്‌പിയുടെ പിന്തുണയോടെയാണ്.

രണ്ടരക്കൊല്ലം മുമ്പ് കൊടങ്ങാവിളയിലെ സാധാരണക്കാരനായിരുന്നു ബിനു. ചെറിയ സ്വർണ്ണക്കടയായിരുന്നു നടത്തിയിരുന്നു. എബിസി ജ്യൂലറിയെന്നായിരുന്നു പേര്. സാമ്പത്തിക തകർച്ചയെ തുടർന്ന് എല്ലാം പൂട്ടി. എന്നാൽ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പിയായി ഹരികുമാർ എത്തിയതോടെ നല്ലകാലം തുടങ്ങി. ധനകാര്യ ഇടപാടു സ്ഥാപനവുമായി പലിശയ്ക്ക് പണം കൊടുക്കുന്ന വ്യക്തിയായി. സ്വർണ്ണക്കട പൂർണ്ണമായും വിട്ടു. ഈ സ്വർണ്ണകടയുമായി ബന്ധപ്പെട്ടാണ് ബിനുവിന്റെ വീട്ടിന് മുമ്പിൽ നാടിനെ നടുക്കിയ ആത്മഹത്യയുണ്ടായത്. ബിനുവിനെതിരെ ഏത് പൊലീസുകാരനും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തേണ്ട കേസ്. എന്നാൽ ആലുവയിൽ ഡിവൈഎസ്‌പിയായിരുന്ന ഹരികുമാർ പറന്നെത്തി ബിനുവിനെ രക്ഷിച്ചെടുത്തു. അതിന് ശേഷം ഹരികുമാർ തന്നെ നെയ്യാറ്റിൻകരയിൽ അവതരിച്ചു. ഇതോടെ ബിനുവിന്റെ പുഷ്‌കരകാലം തുടങ്ങി. കടമെല്ലാം തീർന്നു. ഒപ്പം പണം കടംകൊടുക്കുന്ന മുതലാളിയായി.

നെയ്യാറ്റിൻകരയ്ക്ക് അടുത്ത് തൊഴുക്കൽ സ്വദേശി അയ്യപ്പനാണ് രണ്ടര വർഷം മുമ്പ് ബിനുവിന്റെ വീടിന് മുമ്പിൽ ആത്മഹത്യ ചെയ്തത്. ഒരു ദിവസം രാവിലെ ബിനുവിന്റെ വീട്ടിന് മുമ്പിലെത്തി കടം കൊടുത്ത കാശ് തിരിച്ചു ചോദിച്ചു. ഇതോടെ ബിനുവിന്റെ ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾക്കെതിരെ ബിനു തിരിഞ്ഞു. അടിക്കുകയും ചെയ്തു. വാക്കു തർക്കത്തിനിടെ നിന്നെ ജയിലിൽ അടയ്ക്കുമെന്ന് പ്രഖ്യാപിച്ച് അയ്യപ്പൻ സയനൈഡ് കഴിച്ചു. ആത്മഹത്യ നടന്നതും പരസ്യമായി. എല്ലാം പൊലീസും അറിഞ്ഞു. ഇവർ തമ്മിലെ സാമ്പത്തിക ഇടപാടുകളും ചർച്ചയായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കേസു പോലും പൊലീസ് എടുത്തില്ല. സാധാരണ ആത്മഹത്യയാക്കി മാറ്റി ബിനുവിനെ രക്ഷിച്ചു. ഇതിന് ശേഷമാണ് ബിനു വളർന്ന് കയറിയത്. കേസ് ഒതുക്കിയത് ഹരികുമാറാണെന്ന് ഏവർക്കും അറിയാം.

അയ്യപ്പൻ സ്വർണ്ണപണിക്കാരനായിരുന്നു. ബിനുവിന്റെ ജ്യൂലറിയിൽ ഒന്നരക്കൊല്ലത്തോളം ജോലി ചെയ്തു. ഇതിനിടെ അയ്യപ്പന്റെ സമ്പാദ്യമെല്ലാം ബിനു കൈക്കലാക്കി. പലിശ നൽകാമെന്ന് പറഞ്ഞ് കാശുവാങ്ങി പറ്റിച്ചതോടെയാണ് അയ്യപ്പൻ ആത്മഹത്യ ചെയ്തത്. വീടിന് മുന്നിലെ മരണം കൊടങ്ങാവിളയെ നടുക്കി. ബിനു സാമ്പത്തികമായി മോശം അവസ്ഥയിലാണെന്ന് നാട്ടുകാർ വിലയിരുത്തുകയും ചെയ്തു, ഈ കേസ് തേച്ചു മായക്കാൻ ഹരികുമാർ തന്നെ നെയ്യാറ്റിൻകരയിൽ നേരിട്ട് എത്തി. അയ്യപ്പന്റെ വീട്ടുകാരെ ഇയാൾ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. ഇങ്ങനെയാണ് ബിനുവിനെ ഹരികുമാർ പൊലീസിലെ സ്വാധീനമുപയോഗിച്ച് പരാതി ഇല്ലാതാക്കി രക്ഷിച്ചെടുത്തത്. ഇതിന് ശേഷം ഹരികുമാർ നെയ്യാറ്റിൻകയിൽ ജോലിക്കെത്തി. പൊലീസ് പണിക്കിടെ കിട്ടിയ കൈക്കൂലിയെല്ലാം ബിനുവിനെയാണ് ഹരികുമാ്ർ ഏൽപ്പിച്ചതെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

ഈ കള്ളപ്പണത്തിന്റെ കരുത്തിൽ എബിസി ജ്യൂലറി പൂട്ടി പണമിടപാട് സ്ഥാപനം ബിനു തുടങ്ങി. കൊള്ളപ്പലിശയ്ക്ക് പണം നൽകി കൊടങ്ങാവിളയിലെ മാഫിയാ തലവനായി. എന്നും ഡിവൈഎസ്‌പി എത്തുന്ന വീട്ടിലെ മുതലാളിക്കെതിരെ നാട്ടുകാർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. .ഹരികുമാർ പാറശ്ശാല എസ് ഐ ആയിരുന്നപ്പോൾ തുടങ്ങിയതാണ് ബന്ധം. അന്ന് ബിനുവിനെ രക്ഷിച്ചെടുത്തത് ഭാര്യയുടെ ഇടപെടലായിരുന്നു. ഈ ബന്ധമാണ് വീട്ടിലെ നിത്യ സന്ദർശകനായി ഹരികുമാറിനെ മാറ്റിയത്. നാട്ടുകാർ പലവട്ടം എതിർത്ത ഈ ബന്ധമാണ് സനൽ കുമാർ എന്ന യുവാവിന്റെ ജീവനെടുത്തതും.

സനൽകുമാറിനെ ഡിവൈ.എസ്‌പി. ബി.ഹരികുമാർ റോഡിലേക്കു തള്ളിയിടുമ്പോൾ കൊടങ്ങാവിളയിൽ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമാണുണ്ടായിരുന്നത്. സംഭവമറിഞ്ഞതോടെ നാട്ടുകാർ അവിടെ പ്രതിഷേധവുമായി തടിച്ചുകൂടി. തിങ്കളാഴ്ച രാത്രി പത്തരമണിക്കു തുടങ്ങിയ പ്രതിഷേധം അവസാനം സനൽകുമാറിന്റെ മൃതദേഹവുമായി മൂന്നുകല്ലിന്മൂട് കവലയിലെ ഉപരോധസമരംവരെ നീണ്ടു. നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു സനൽകുമാർ. എന്ത് അത്യാവശ്യമുണ്ടായാലും നാട്ടുകാർ വിളിച്ചാൽ സനൽകുമാർ എത്തും. അതുകൊണ്ടുതന്നെ യാതൊരു പ്രകോപനവുമില്ലാതെ ഡിവൈ.എസ്‌പി. സനൽകുമാറിനെ മർദിക്കുകയും റോഡിലേക്കു പിടിച്ചുതള്ളിയിടുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഹരികുമാർ കൊടങ്ങാവിള എ.ബി.എസ്. ഫിനാൻസ് നടത്തുന്ന ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. തുടർച്ചയായ ദിവസങ്ങളിൽ ഡിവൈ.എസ്‌പി. ഇവിടെ തങ്ങാറുണ്ട്. സനൽകുമാറിന്റെ മരണത്തിൽ ബിനുവിന്റെ പങ്കും അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നിട്ടും ബിനുവിനെ പൊലീസ് വെറുതെ വിട്ടിരിക്കുകയാണ്.

ഹരികുമാർ അഴിമതിക്കാരനാണെന്നു രഹസ്യാന്വേഷണ വിഭാഗം സർക്കാരിനും ആഭ്യന്തരവകുപ്പിനും റിപ്പോർട്ട് നൽകിയതു പലവട്ടം. ഒരു നടപടിയുമുണ്ടായില്ല. ജില്ലയിലെ ഒരു ഉന്നത സിപിഎം. നേതാവിന്റെ ശിപാർശയിലാണു നെയ്യാറ്റിൻകരയിൽ നിയമിച്ചതെന്നു സൂചന. ഹരികുമാർ പാറശാല എസ്‌ഐയായിരിക്കെ, ബ്യൂട്ടി പാർലർ ഉടമയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുടെ വീട്ടിൽ നിത്യസന്ദർശകനാണെന്നും പരാതിയുണ്ടായി. ഇതു ശരിവയ്ക്കുന്ന റിപ്പോർട്ടാണു പാറശാല സിഐ. റൂറൽ എസ്‌പിക്കു സമർപ്പിച്ചത്. അതോടെ പാറശാലയിൽനിന്നു മാറ്റി. ഈ ബന്ധമാണ് ഇപ്പോഴും വിനയായി മാറുന്നത്. ഹരികുമാർ ഫോർട്ട് സിഐയായിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലിൽനിന്ന് ഇറക്കിവിട്ടു. വിവാദമായതോടെ സസ്പെൻഷനിലായി.വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു വടിവാളുമായി വേദിക്കരികിലെത്തിയ സുരക്ഷാവീഴ്ചയുടെ പേരിലും സസ്പെൻഷനിലായി.

ഒരു കൊല്ലത്തിനു ശേഷം ആലുവ സിഐയായി സർവീസിൽ തിരിച്ചെത്തി. ഡിവൈ.എസ്‌പിയായി സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷമാണു രാഷ്ട്രീയ പിന്തുണയോടെ ഇഷ്ടപ്പെട്ട തട്ടകത്തിലേക്ക് എത്തിയത്. മണൽ വ്യാപാരിയിൽനിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ സഹിതം ഹരികുമാറിനെതിരെ കെ.കെ.സി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വിജിലൻസിന് പരാതിനൽകിയിരുന്നു.
വിജിലൻസ് അന്വേഷണം ഇഴഞ്ഞതോടെ ഹൈക്കോടതിയിൽ പരാതിയെത്തി. നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കെയാണു പുതിയ കുരുക്കിൽപ്പെട്ടത്.പൊലീസിലെ ഒരേ ബാച്ചുകാരനായ പൂവാർ കോസ്റ്റൽ സിഐ: കെ.ജെ. ജോൺസനെ ഡി.ജി.പിക്കു വ്യാജ റിപ്പോർട്ട് നൽകി സസ്പെൻഡ് ചെയ്യിച്ചെന്ന ആരോപണം വിവാദമാണ്.

നേരത്തേ ജോൺസൺ വലിയതുറ എസ്‌ഐയായിരുന്നപ്പോൾ ഹരികുമാർ ഫോർട്ട് സിഐയായിരുന്നു. അന്ന് ഒരു കുപ്രസിദ്ധ മോഷ്ടാവിനെ ജോൺസൺ പിടികൂടി. ഇയാളെ വിടാൻ ഹരികുമാർ പലതവണ ആവശ്യപ്പെട്ടിട്ടും ജോൺസൺ വിസമ്മതിച്ചു. അന്നത്തെ ശത്രുതയാണ് ഇപ്പോൾ വ്യാജ റിപ്പോർട്ട് നൽകാൻ കാരണമെന്നാണു പൊലീസിലെ സംസാരം. കൊടങ്ങാവിളയിലെ പെൺസുഹൃത്തിന്റെ വീട്ടിൽ ഹരികുമാർ പതിവുസന്ദർശകനാണെന്നു നാട്ടുകാർ പറയുന്നു. ആദ്യം കീഴുദ്യോഗസ്ഥരെ നിയോഗിച്ച് 'റൂട്ട്' ക്ലിയറാക്കും. ഈ വീടിന്റെ പരിസരത്തു നിൽക്കുന്നവരെ വിരട്ടിയോടിക്കും. തുടർന്നു സ്വകാര്യ വാഹനത്തിലാണു വരികയെന്നും നാട്ടുകാർ വ്യക്തമാക്കി.