- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുണ്ടിന് താഴെ കടിച്ചതിന്റെ ചുവന്ന പാട്; ദേഹത്ത് മണ്ണലും പറ്റി; ഭാര്യയുടെ സഹോദരിയെ തന്ത്രത്തിൽ വീട്ടിൽ എത്തിച്ചത് മക്കളെ കുടുംബ വീട്ടിലാക്കി; രതീഷിനെ കുടുക്കിയത് അച്ഛൻ ഉല്ലാസിന്റെ സംശയം; നേഴ്സ് ഹരികൃഷ്ണയുടെ കൊലയിൽ ദുരൂഹത; പറ്റിയത് അബദ്ധമെന്ന് കുറ്റസമ്മതം
ചേർത്തല: ഹരികൃഷ്ണയുടെ മരണത്തിൽ രതീഷിന്റെ കുറ്റസമ്മതത്തിലും ദുരൂഹത. ഹരികൃഷ്ണയുടെ സഹോദരി ഭർത്താവാണ് രതീഷ്. വീട്ടിലെത്തിയ ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് താൻ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്ന് രതീഷ് സമ്മതിച്ചു. ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി. ഹരികൃഷ്ണ ബോധരഹിതയായോ, മരണം സംഭവിച്ചത് എങ്ങനെയെന്നോ ഒന്നും വ്യക്തമായി രതീഷ് പറയുന്നുമില്ല.
ഹരികൃഷ്ണയുടെ ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകൾ ഇല്ല. ദേഹത്തു മണൽ പറ്റിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചു കൊല്ലനാണ് സാധ്യത. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ ഹരികൃഷ്ണയാണ് (25) കഴിഞ്ഞ ദിവസം മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് ഹരികൃഷ്ണ. മൂത്തസഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷ് (ഉണ്ണി 40) ആണ് കഴിഞ്ഞദിവസം രാത്രി ഏഴോടെ ചേർത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടിൽനിന്നു പിടിയിലായത്.
ഹരികൃഷ്ണയുടെ വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നു പൊലീസ് സംശയിക്കുന്നു.തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു. അബദ്ധം പറ്റിയതാണെന്നാണു രതീഷ് പറഞ്ഞത്. എന്നാൽ, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. സംഭവിച്ച കാര്യങ്ങൾ കുറെയൊക്കെ രതീഷ് പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്തിട്ടില്ല.
ഹരികൃഷ്ണയുടെ അച്ഛന് തോന്നിയ സംശയമാണ് കേസ് അതിവേഗം പുറത്തെത്തിച്ചത്. അച്ഛൻ വിളിച്ചപ്പോൾ ബസിൽ ചേർത്തലയിൽ എത്താറായെന്നു ഹരികൃഷ്ണ പറഞ്ഞു. പിന്നാലെ രതീഷ് പറഞ്ഞത് ഹരികൃഷ്ണ ഇന്നു വരില്ലെന്നും. ഈ പ്രതികരണത്തിലാണു സംശയം തോന്നിയതെന്ന് ഉല്ലാസ് പറയുന്നു. വെള്ളിയാഴ്ച ഉച്ചമുതലുള്ള ഡ്യൂട്ടിയായിരുന്നു ഹരികൃഷ്ണയ്ക്ക്. അതുകഴിഞ്ഞ് രാത്രി ഏഴരയോടെ വീട്ടിലേക്കു പുറപ്പെടാറാണു പതിവ്. സാധാരണ എത്തുന്ന സമയമായപ്പോൾ 9 മണിയോടെ വീട്ടുകാർ ഹരികൃഷ്ണയെ ഫോണിൽ വിളിച്ചു.
ബസിലാണെന്നും ചേർത്തല എത്താറായെന്നും പറയുകയും ചെയ്തു. പക്ഷേ, അര മണിക്കൂർ കഴിഞ്ഞു വിളിച്ചപ്പോൾ ഫോണെടുത്തില്ല. തുടർന്നാണ് വീട്ടുകാർ രതീഷിന്റെ ഫോണിലേക്കു വിളിച്ചത്. ജോലി കഴിഞ്ഞു ഹരികൃഷ്ണ വൈകിയെത്തുമ്പോൾ തങ്കിക്കവലയിൽനിന്നു സ്‌കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ളതു രതീഷാണ്. ശനിയാഴ്ച ലോക്ഡൗൺ കാരണം യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഹരികൃഷ്ണ വീട്ടിലേക്കു വരുന്നില്ലെന്നും കൂട്ടുകാരിയുടെ അടുത്തേക്കു പോയെന്നും രതീഷ് പറഞ്ഞു. കൂട്ടുകാരിയെ വിളിച്ചപ്പോൾ ഹരികൃഷ്ണ അവിടെയില്ലെന്ന് അറിഞ്ഞു. ഇതോടെ സംശയം തോന്നി. പൊലീസിനേയും വിവരം അറിയിച്ചു.
ഹരികൃഷ്ണയെ വീട്ടിലെത്തിക്കുന്നതിനു മുൻപായി സഹോദരീഭർത്താവ് രതീഷ് തന്റെ 2 കുട്ടികളെയും തൊട്ടടുത്തുള്ള കുടുംബവീട്ടിലാക്കിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരികൃഷ്ണയുടെ സഹോദരി നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. നീതുവിനു സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു.
ഹരികൃഷ്ണ അവിവാഹിതയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം ഇന്നു പോസ്റ്റ്മോർട്ടം നടത്തും.
മറുനാടന് മലയാളി ബ്യൂറോ