ദുബായ്: ഭാഗ്യം വരുന്നത് ഏത് വഴിക്കാണ് പറയാൻ പറ്റില്ല. ദുബായിലെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഹരികൃഷ്ണൻ ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. കാരണം അബുദാബി ഡ്യൂട്ടി ഫ്രീ ഡിസംബർ മാസ നറുക്കെടുപ്പിന്റെ ശനിയാഴ്ച നടന്ന ഡ്രീം 12 നറുക്കെടുപ്പിൽ തനിക്ക് ഒന്നാം സമ്മാനമായി 20 കോടി ഏഴ് ലക്ഷം രൂപ സമ്മാനം ലഭിച്ചെന്ന വാർത്ത ഹരികൃഷ്ണൻ ഞെട്ടലോടെയാണ് കേട്ടത്.'ദൈവത്തിന്റെ സമ്മാനമാണിത് എന്നാണ് ഹരികൃഷ്ണൻ ഇതിനെക്കുറിച്ച് പറഞ്ഞത്.ആലപ്പുഴ ടൗണിലെ രജനി നിവാസിൽ പരേതനായ വേലപ്പൻ നായർപത്മാവതി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ.

'ദുബായിൽ ജോലിത്തിരക്കിലായിരുന്നപ്പോൾ, രാവിലെ 10 നായിരുന്നു ആദ്യ ഫോൺ കോൾ വന്നത്. ഒരു ഫിലിപ്പീൻ യുവതി മൊബൈൽ ഫോണിൽ നിന്നായിരുന്നു വിളിച്ചത്. അഭിനന്ദനങ്ങൾ. അബുദാബി ഡ്യൂട്ടി ഫ്രീ ഡ്രീം 12 നറുക്കെടുപ്പിൽ താങ്കൾക്ക് 12 മില്യൻ ദിർഹം സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് അവർ പറഞ്ഞപ്പോൾ, വിശ്വസിച്ചില്ല. ആരോ കളിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണെന്ന് ഉറപ്പ്. അതേപ്പറ്റി കാര്യമായി ചിന്തിക്കാതെ ജോലിയിൽ മുഴുകി. പക്ഷേ, വൈകാതെ അബുദാബി ലാൻഡ് ലൈനിൽ നിന്ന് ഒരു കോൾ കൂടി വന്നു. ഫിലിപ്പീനി യുവതി പറഞ്ഞതിന്റെ ആവർത്തനം. ആ വിളി വിശ്വസിക്കാൻ തോന്നി. ഉടൻ അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യ നിഷയെ വിളിച്ച് കാര്യം പറഞ്ഞു. അത് ചേട്ടനെ ആരോ കളിപ്പിക്കാൻ ചെയ്തതായിരിക്കും എന്നായിരുന്നു ലാഘവത്തോടെയുള്ള മറുപടി. എന്നാലും ഡ്യൂട്ടിഫ്രീ സൈറ്റിൽ പോയി നോക്കാൻ പറഞ്ഞു. ഞാനെടുത്ത കൂപ്പണിലെ നമ്പറിന് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കി. താമസിയാതെ മാധ്യമങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ. പിന്നീട്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമായിരുന്നു. പക്ഷേ, എനിക്കിപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല'ഹരികൃഷ്ണൻ പറയുന്നു.

രണ്ട് വർഷം മുൻപാണ് ഇപ്പോഴുള്ള ജോലിയിൽ പ്രവേശിച്ചത്. ഇതിന് ശേഷം നാട്ടിൽ പോയിട്ടില്ല. അടുത്തയാഴ്ച നാട്ടിലേയ്ക്ക് കുടുംബ സമേതം പോകാൻ വിമാന ടിക്കറ്റ് എടുത്തിരുന്നു. നാട്ടിലുള്ള അമ്മയോട് സമ്മാനം ലഭിച്ച കാര്യം പറഞ്ഞപ്പോൾ, അതൊന്നും എനിക്കറിയേണ്ട. നീ എത്രയും പെട്ടെന്ന് ഒന്നു വാ മോനേ എന്നായിരുന്നു മറുപടി. ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നത്. അതേതായാലും ഇത്രവലിയ ഭാഗ്യമായത് ദൈവാനുഗ്രഹം കൊണ്ടാണ് എന്ന് ഹരികൃഷ്ണൻ പറയുന്നു.

കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള ഹരികൃഷ്ണൻ ആദ്യമായി കഴിഞ്ഞ മേയിലാണ് കൂപ്പൺ എടുത്തത്. പിന്നീട്, നവംബറിലും ഭാഗ്യ പരീക്ഷണം നടത്തി. ഒന്നു പോയാൽ മൂന്നെന്ന പോലെ, ഡിസംബർ രണ്ടാം വാരത്തിലെടുത്ത മൂന്നാമത്തെ ടിക്കറ്റിലൂടെ ഭാഗ്യമെത്തിയപ്പോൾ അത് ഈ നറുക്കെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനവുമായിത്തീർന്നു.