രു സിനിമയുടെ കപ്പിത്താൻ അതിന്റെ സംവിധായകനാണ്. ബാക്കിയുള്ളവരൊക്കെ അതിലെ യാത്രക്കാര് മാത്രമാണ്. സിനിമ എങ്ങനെ എടുക്കണമെന്ന് ആരും ഒരു സംവിധായകന് പറഞ്ഞ് കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന് എങ്ങനെ വേണമെങ്കിലും സിനിമയെടുക്കാം. അതിനുള്ള പൂർണ സ്വാതന്ത്രം സംവിധായകന് സിനിമയിലുണ്ട്. എന്നാൽ സംവിധായകന്റെ സൃഷ്ടിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ആവിഷ്‌കാര സ്വാന്തന്ത്രത്തിന് മേൽ ആണിയടിച്ച് അതിന്റെ മുകളിൽ താര ദൈവങ്ങളുടെ ഫോട്ടോ വെക്കുകയും ആരാധനയുടെ പേര് പറഞ്ഞ് അവർക്ക് വേണ്ടി ഗീർവാണം മുഴക്കി വാഗ്വാദത്തിലേർപ്പുകയും ചെയ്ത് മൊത്തം മലയാള സിനിമാ സംവിധായകരുടേയും ആഗ്രഹത്തിന് ഭംഗം വരുത്തിയ ഒരു സിനിമ 18 വർഷം മുമ്പ് റിലീസ് ചെയ്തു.

'ഹരി കൃഷ്ണൻസ്'. - മമ്മൂട്ടിയും മോഹൻലാലും തുല്യ വേഷത്തിലഭിനയിച്ച ഈ സിനിമയിൽ അന്നത്തെ ഏറ്റവും വില കൂടിയ ബോളിവുഡ് സുന്ദരി 'ജൂഹി ചൗള' ആയിരുന്നു നായിക. പ്രഗത്ഭനായ സംവിധായകൻ ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച 'ഹരി കൃഷ്ണൻസ്' പ്രണവം ആർട്‌സിന് വേണ്ടി മോഹൻലാലും ഭാര്യ സുചിത്രയും ചേർന്നായിരുന്നു നിർമ്മിച്ചത്. ഇന്നസെന്റ്, നെടുമുടി വേണു, ഷാമിലി, കൊച്ചിൻ ഹനീഫ, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒട്ടുമിക്ക മുൻ നിരതാരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആനന്ദക്കുട്ടന്റെ ക്യാമറയും ടി. ആർ, ശേഖർ, കെ.ആർ ഗൗരി ശങ്കർ തുടങ്ങിയവരുടെ എഡിറ്റിംഗും മനോഹരമായിരുന്നു. ഔസേപ്പച്ചന്റെ ഹൃദ്യമായ ഗാനങ്ങൾ സിനിമയെ മറ്റൊരു അനുഭൂതിയിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിച്ചു. പൊന്നാമ്പൽ, പൂജാബിംഭം, സമയമിതപൂർവ തുടങ്ങിയ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളി ഉണ്ടാകില്ല. 

1998 സെപ്റ്റംബർ മാസം 16 ന് റിലീസ് ചെയ്ത ഹരി കൃഷ്ണൻസ് അന്ന് മലയാള സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു. ഏകദേശം 2.5 കോടി രൂപ. പക്ഷെ സിനിമ ഇറങ്ങിയതും വിവാദങ്ങളും ചർച്ചകളും ചൂട് പിടിച്ചു. ഒരു നായികക്ക് വേണ്ടി രണ്ട് നായകന്മാർ നടത്തുന്ന സൗഹൃദ മത്സരമായിരുന്നു കഥയുടെ പ്രധാന ഉള്ളടക്കം. സിനിമ ക്‌ളൈമാക്‌സിനോടടുത്തപ്പോൾ നായികയെ ആർക്ക് കെട്ടിച്ച് കൊടുക്കുമെന്ന് സംവിധായകന് ആശയ കുഴപ്പമായി. അതുകൊണ്ട് തന്നെ നായിക ആദ്യം സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതായി കാണിച്ചു. ശേഷം ആ സുഹൃത്ത് നായികയുടെ ജീവിത പങ്കാളിയെ നിർദേശിക്കുന്നു എന്ന് സ്‌ക്രീനിൽ എഴുതി കാണിക്കുകയും ചെയ്ത് സംവിധായകൻ തടി തപ്പാൻ നോക്കിയെങ്കിലും പ്രശ്നം തീർന്നില്ല. നായകന്മാർ രണ്ടും സൂപ്പർ താരങ്ങളായതുകൊണ്ട് തന്നെ ഈ വ്യക്തതയില്ലായ്മ അവരുടെ ഒട്ടുമിക്ക ആരാധകരെയും മുറിവേൽപ്പിച്ചു. തങ്ങളുടെ താരത്തിന് നായികയെ കൊടുക്കണമെന്നും പറഞ്ഞ് ഫാൻസുകാർ പ്രതിഷേധവും പ്രകടനവും ആർപ്പുവിളിയും തുടങ്ങിയതോടെ ഫാസിൽ ശരിക്കും വെട്ടിലായി. 'സുഹൃത്തുക്കളേ മമ്മൂട്ടിക്കും മോഹൻലാലിനും ജൂഹി ചൗളയെ ശരിക്കും കെട്ടിച്ച് കൊടുക്കിന്നില്ല. താരങ്ങളുടെ മക്കളേ ഇത് സിനിമയാണ്. സിനിമയെ ജീവിതവുമായി ബന്ധിപ്പിക്കല്ലേ. നമ്മൾ മലയാളികളല്ലേ സാക്ഷരതയിൽ ഇന്ത്യയിൽ ഒന്നാമതായിട്ടും ഇത് പോലെയുള്ള കാര്യങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നത് യുക്തിക്ക് നിരക്കാത്തതല്ലേ? നിങ്ങൾ ദയവ് ചെയ്ത് അടങ്ങി നിൽക്കൂ, പ്ലീസ് എല്ലാവരും സംയമനം പാലിക്കണം' തുടങ്ങി പല വിധ സിനിമാ സംഭാഷണങ്ങൾ സംവിധായകനും കൂട്ടരും ജീവിതത്തിലും പയറ്റി നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ആരാധകരുടെ ആക്രോശത്തിന് ഇതൊന്നും ഒരു ശമനമായില്ല.

ഇനി രണ്ട് നായകന്മാർക്കുമല്ലാതെ മൂന്നാമതൊരു നായകനെ ക്‌ളൈമാക്‌സിൽ പരിചയപ്പെടുത്തി നായികയെ അയാൾക്ക് കെട്ടിച്ച് കൊടുക്കാം എന്ന ഫാസിലിന്റെ ശ്രമവും അമ്പേ പരാജയപ്പെട്ടു. കാരണം, സിനിമയുടെ ബാക്കിയുള്ള സീനുകളിലെല്ലാം മമ്മൂട്ടിയേയോ മോഹൻലാലിനേയോ കല്ല്യാണം കഴിക്കാൻ താൻ തയ്യാറാണെന്ന് ജൂഹി ചൗള പറയുന്നുണ്ട്. അപ്പോൾ പിന്നെ ആ ലോജിക് ഇല്ലായ്മ സിനിമയെ മൊത്തം ബാധിക്കും അതുമല്ല, ക്‌ളൈമാക്‌സിൽ മൂന്നാമത്തെ നായകന്റെ കൂടെ ഇറങ്ങി പോകുന്ന നായികയെ കണ്ടാൽ സാംസ്‌കാരിക കേരളം സംസ്‌കാരമില്ലാതെ സംവിധായകൻ നായികയെ മോശമായി ചിത്രീകരിച്ചു എന്നും പറഞ്ഞ് സിനിമ പരാജയപ്പെടുമോ എന്ന ഉൾഭയവും കൂടി ആയതോടെ അത് നടക്കില്ലെന്ന് ഫാസിൽ ഉറപ്പിച്ചു.

ഒടുവിൽ മമ്മൂട്ടി ആരാധകർക്ക് ആധിപത്യമുള്ള മലബാർ മേഖലയിലും കേരളത്തിന്റെ വടക്ക് ഭാഗത്തും മമ്മൂട്ടി കല്ല്യാണം കഴിക്കുന്നതായും, മോഹൻലാലിന്റെ ആരാധകരുള്ള കേരളത്തിന്റെ തെക്ക് ഭാഗത്ത് മോഹൻലാൽ കല്ല്യാണം കാഴിക്കുന്നതായും കാണിച്ച് ഫാസിൽ തടിയൂരി. സിനിമ ഇറങ്ങിയിട്ട് 18 വർഷം കഴിയുന്നു. അതായത് സിനിമക്ക് പ്രായപൂർത്തിയായി. പക്വതയോടെ ഒരു തീരുമാനമെടുക്കാൻ 'ഹരി കൃഷ്ണൻസിന്' ഇപ്പോൾ കഴിയും. അന്ധമായ താരാധന ഇല്ലാത്ത സിനിമയെ സ്‌നേഹിക്കുന്ന സാധാ പ്രേക്ഷകർക്ക് ഇന്നും മനസ്സിൽ ബാക്കിയുണ്ട് ആ സംശയം. 'ശരിക്കും ജൂഹി ചൗള 'ഹരികൃഷ്ണൻസിൽ' മമ്മൂട്ടിയേയോ മോഹൻലാലിനേയോ'? രണ്ടിൽ ഒരാളെ ആത്മാർത്ഥമായി സ്‌നേഹിച്ച് കാണില്ലേ? ഒരു പെണ്ണിന് രണ്ട് പേരോട് ഒരേ സമയം സത്യ സന്ധമായ പ്രേമം ഉണ്ടാകുമോ? ഇല്ലല്ലോ? അപ്പോൾ പിന്നെ ശരിക്കും സിനിമയിൽ ജൂഹി ചൗള പ്രണയിച്ചതാരെയാണ്? മമ്മൂട്ടിയേയോ? മോഹൻലാലിനേയോ? സിനിമ പലവട്ടം കണ്ടിട്ടും ആ സംശയം ഇപ്പോഴും ബാക്കിയാണ്. ഇനിയെങ്കിലും ഇതിന് ഉത്തരം തരാൻ സംവിധായകന് കഴിയുമോ?