തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പി ഹരികുമാർ കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന സനൽകുമാർ കൊലപാതക കേസിൽ കീഴടങ്ങിയ ബിനുവിന്റ മൊഴി പുറത്ത്. ഡിവൈഎസ്‌പി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ഇന്നലെ പൊലീസിൽ കീഴടങ്ങിയത്. ഇന്നലെ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യൽ നടന്നു.

ഡിവൈഎസ്‌പി ഹരികുമാർ രക്ഷപ്പെട്ട ശേഷം ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലാണ്. തുടർന്ന് ഇരുവരും വീട്ടിൽ നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവിൽ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കർണ്ണാടകയിലെ ധർമ്മസ്ഥല വരെ യാത്ര ചെയ്തു. ഒളിവിൽ പോകുന്നതിന് മുമ്പ് ഹരികുമാർ അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശം. എന്നാൽ ഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെ നടത്തിയ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കി. ആരോഗ്യം മോശമായതിനെ തുടർന്ന് കേരളത്തിലേക്ക് തിരിച്ച് വരാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മൊഴി.

തുടർന്ന് ഇരുവരും ചെങ്കോട്ട വഴി ആറ്റിങ്ങൽ കല്ലമ്പലത്തെ ഹരികുമാറിന്റെ വീട്ടിലെത്തി. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാർ വിശ്വസിച്ചിരുന്നതായി ബിനു മൊഴി നൽകി. എന്നാൽ പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴടങ്ങാൻ തീരുമാനിച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നെയ്യാറ്റിൻകര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്‌പി പലപ്പോഴും പറഞ്ഞിരുന്നതായും ബിനു മൊഴി നൽകി. കടുത്ത മാനസിക സമ്മർദ്ദം ഹരികുമാർ നേരിട്ടിരുന്നുവെന്നാണ് ബിനുവിന്റെ മൊഴി വ്യക്തമാക്കുന്നത്. അതിനിടെ ഹരികുമാറിന്റെ മരണത്തിലെ ദുരൂഹത തീർക്കാൻ പൊലീസും തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി അനിൽകുമാറിനാണ് അന്വേഷണ ചുമതല.

സനൽകുമാർ വധക്കേസിൽ ഇന്നലെ കീഴടങ്ങിയ രണ്ട് പേരെയും പ്രതി ചേർത്തിട്ടുണ്ട്. ഡി.വൈ.എസ്‌പി ഹരികുമാറിന്റെ സുഹൃത്ത് ബിനു രണ്ടാം പ്രതിയാകും. ഡ്രൈവർ രമേശ് അഞ്ചാം പ്രതിയാകും. യുവാവിനെ വാഹനത്തിനുമുന്നിൽ തള്ളിയിട്ടുകൊന്നെന്ന കേസിൽ ഒമ്പതുദിവസം പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഡിവൈ.എസ്‌പി. ബി. ഹരികുമാറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഒളിവിൽക്കഴിഞ്ഞ ഹരികുമാർ എങ്ങനെയാണ് കല്ലമ്പലത്തെ വീട്ടിലെത്തിയെന്നതാണ് പൊലീസിനെ കുഴക്കുന്നത്. ബിനുവിന്റെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം.

കൊലപാതകശേഷം തമിഴ്‌നാട്ടിലും കർണാടകയിലും ഒളിവിൽക്കഴിഞ്ഞ ശേഷമാണ് ഹരികുമാർ നാട്ടിൽ തിരിച്ചെത്തിയത്. കീഴടങ്ങാനുള്ള തീരുമാനത്തിനൊടുവിലായിരുന്നു ആത്മഹത്യ. ചൊവ്വാഴ്ച തലസ്ഥാനത്ത് കീഴടങ്ങുമെന്നായിരുന്നു പൊലീസിനുലഭിച്ച വിവരം. ഹരിക്കൊപ്പം സുഹൃത്ത് ബിനുവും കീഴടങ്ങുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. പ്രതിയെ നേരത്തേ തിരിച്ചറിഞ്ഞ കേസിൽ അയാളെ പിടികൂടുക മാത്രമാണ് അന്വേഷണ സംഘത്തിന്റെ ദൗത്യമായിരുന്നത്. ഇതിനായി പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഹരികുമാറിനെ പിടികൂടാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും സാധാരണ പ്രതികളെപ്പോലെ ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.

ഒളിവിലായിരുന്ന ഹരികുമാർ തിങ്കളാഴ്ച കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാറിനെ ബന്ധപ്പെട്ട് കീഴടങ്ങാൻ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് വിവരം. ഇതിനിടെ, ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കേ, തങ്ങളുടെ നിരീക്ഷണത്തിലായിരുന്ന കല്ലമ്പലത്തിലെ വീട്ടിൽ ഹരികുമാർ എത്തിയത് പൊലീസിന് നാണക്കേടായിട്ടുണ്ട്. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷം ഈ വീട്ടിൽ പൊലീസ് പരിശോധന നടത്താനെത്തി. എന്നാൽ, ഗേറ്റും വീടും പൂട്ടിക്കിടക്കുകയായിരുന്നതിനാൽ പരിശോധന നടത്താനായില്ല. വീട്ടിൽ വളർത്തുനായ്ക്കൾ മാത്രമാണുണ്ടായിരുന്നത്. അന്ന് പൊലീസ് പരിശോധന നടത്താതെ മടങ്ങി.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോൾ ബന്ധുക്കളിൽനിന്ന് താക്കോൽ വാങ്ങി വീട് പരിശോധിച്ചു. ഈ പരിശോധനയിൽ ഹരികുമാറിനെ കണ്ടെത്താനായില്ല. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷ് നൽകിയ രണ്ട് സിംകാർഡ് ഉപയോഗിച്ചാണ് ഹരികുമാർ പലരെയും വിളിച്ചത്. പക്ഷേ, നവംബർ ഏഴിനുശേഷം ഈ സിംകാർഡുകളിൽനിന്ന് ആരെയും വിളിച്ചിട്ടില്ല.