'സർ ഞാൻ നാളെ വരില്ല.. '

കാരണം?

'നാളെ ഓഗസ്റ്റ് 14 അല്ലേ സർ പാക്കിസ്ഥാന്റെ independence day പിന്നെ അവനെങ്ങനെ വരും.. '

കുട്ടികൾ ആർത്തു ചിരിച്ചു.. നവാസ് മാലിക് തലകുനിച്ചു നിക്കുകയാണ്..

സത്യമാണോ മാലിക്..?

പാട്രിയോട്ടിസവും ദേശീയതയും തലയിലൂടെ ഇരച്ചു കയറിയ ഞാൻ പതിനഞ്ചു മിനിറ്റോളം നിന്ന് പറഞ്ഞു..ഫ്രീഡം struggle രാജ്യസ്‌നേഹം.. യുദ്ധങ്ങൾ.. വിഭജനം.. അതിർത്തി.. അങ്ങനെ പലതും.. ഒടുക്കം ഇനി മേലാൽ ഇങ്ങനെ ചിന്തിക്കുക പോലുമരുത് എന്ന താക്കീതോടെ ഇരിക്കാൻ പറഞ്ഞു...

നവാസ് തല കുനിച്ചിരുന്നു....അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഞാൻ മെല്ലെ ഫ്‌ളാറ്റിലേക്ക് നടന്നു.. കുട്ടികൾ എല്ലാവരും പോയി കഴിഞ്ഞിരുന്നു..ഒരാൾ ഒഴികെ.

നവാസ് മാലിക് മെല്ലെ നടന്നു വരുന്നത് എന്റെ അരികിലേക്കാണ്.. ഞാൻ അവനെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു..ആമുഖമില്ലാതെ നവാസ് പറഞ്ഞു തുടങ്ങി.. 'വിഭജന കാലത്ത് എന്റെ അമ്മയുടെ ആളുകൾ മുഴുവൻ പാക്കിസ്ഥാനിൽ പെട്ടുപോയതാണ് സർ.. ഞങ്ങൾ ഇന്ത്യയിലും..വാജ്പേയ് സർക്കാരിന്റെ കാലത്ത് ബസ് സർവീസ് എല്ലാം ഉണ്ടായിരുന്നു..

എല്ലാ വെക്കേഷനുകൾക്കും ഞങ്ങൾ ഇസ്ലാമാബാദിലേക്ക് പോകും.. എന്റെ അമ്മയുടെ ആളുകളെ കാണാൻ..ഒരു മലയടിവാരത്താണ് വീട്.. കൊറേ കുട്ടികൾ.. അമ്മമ്മ..കളിചിരികൾ ഒക്കെയായി ഞങ്ങൾ ഓരോ അവധിക്കാലവും ആഘോഷിക്കും..ഓരോ മടക്കയാത്രയും കണ്ണുനീരിന്റേതാണ്.. ഇനിയെന്നാണ് എന്ന് ഓരോ മുഖവും എന്നോട് ചോദിക്കാതെ ചോദിച്ചു കൊണ്ട് യാത്രയാക്കും..

അതിർത്തിയിൽ ഉണ്ടാവുന്ന ഓരോ പ്രകോപനവും ഞങ്ങളിൽ ഉണ്ടാക്കുന്ന ആധി ചില്ലറയല്ല..വിഭജനവും യുദ്ധങ്ങളും ഭരണകൂടങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കിയിരിക്കാം.. ഞങ്ങളെ പോലുള്ളവർക്കോ.. സാറ് പറഞ്ഞ ഏത് ദേശ സ്‌നേഹ കഥകൊണ്ടാണ് സർ ഞാൻ എന്റെ അമ്മ വീടിനെ വെറുക്കുക...ഞാൻ പ്രജ്ഞയറ്റു നിന്നു..

രാഷ്ട്രവും മനുഷ്യരും എന്നത് പുസ്തകങ്ങളിലും ഭൂപടങ്ങളിലും കുരുങ്ങിക്കിടക്കുന്ന കുറച്ചു കാഴ്ചകൾ മാത്രമായിരുന്നു എനിക്ക് ആ നിമിഷം വരെ.... സാമൂഹിക ശാസ്ത്രത്തിൽ നിന്ന് മനുഷ്യനെ അടർത്തിമാറ്റിയാണ് ഞാൻ അടക്കമുള്ളവർ പഠിപ്പിച്ചിരുന്നത്.. തിരിച്ചറിവ് നൽകിയത് നവാസ് മാലിക് നീയാണ്...

ഓരോ അദ്ധ്യാപകന്റെയും പാഠ പുസ്തകങ്ങളാണ് കുട്ടികൾ....ഇപ്പോഴും തിരിച്ചറിവ് നല്കികൊണ്ടിരിക്കുന്ന എന്നെ പഠിപ്പിക്കുന്ന എന്റെ കുട്ടികൾക്കല്ലാതെ മറ്റാർക്കാണ് ഞാൻ ഈ അദ്ധ്യാപകദിനം സമർപ്പിക്കുക...

(പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിൽ പഠിപ്പിച്ച കാലത്തുണ്ടായ അനുഭവം)