കോട്ടയം: മനിതി സംഘടനയെ കേരളത്തിൽ കാലുകുത്താൻ പോലും അനുവദിക്കില്ലെന്നായിരുന്നു സംഘപരിവാറിന്റെ പ്രഖ്യാപനം. ചെന്നൈയിൽ നിന്ന് ട്രെയിനിൽ കോട്ടയത്ത് എത്തുമെന്നായിരുന്നു മനിതിയുടെ നേതാവ് സെൽവിയുടെ പ്രഖ്യാപനം. ഇതോടെ പാലക്കാട് മുതൽ റെയിൽവേ സ്റ്റേഷനുകളിൽ അയ്യപ്പ കർമ്മസമിതിക്കാർ നിരീക്ഷകരായി. കോട്ടയം റെയിൽവേ സ്റ്റേഷൻ ഉപരോധത്തിന് ആയിരങ്ങളെ തയ്യാറാക്കി. ഇതോടെ മനിതിക്ക് കേരളത്തിൽ പോലും എത്താനാകുമോ എന്ന ആശങ്ക സജീവമായി. ഇതോടെയാണ് മനിതിയെ പമ്പയിൽ എത്തിക്കാനുള്ള ദൗത്യം യുവ ഐപിഎസുകാരനായ ഹരിശങ്കറിനെ ഏൽപ്പിക്കുന്നത്. കോട്ടയം എസ്‌പി ഏവരേയും ഞെട്ടിക്കുന്ന തരത്തിൽ തന്ത്രങ്ങളൊരുക്കിയപ്പോൾ പരിവാറുകാർക്ക് മനിതിയെ തൊടാൻ പോലുമായില്ല. വലിയ പ്രതിഷേധമൊന്നുമില്ലാതെ പമ്പ വരെ മനിതിയുടെ പ്രവർത്തകരെ എത്തിച്ചത് ഹരിശങ്കറായിരുന്നു.

മണ്ഡല മകരവിളക്ക് കാലത്ത് തുടക്കത്തിൽ പമ്പയുടെ ചുമതല ഹരിശങ്കറിനായിരുന്നു. പമ്പയിൽ പ്രതിഷേധക്കാർ തമ്പടിക്കാതെ നോക്കിയതും കാര്യങ്ങളെല്ലാം വെടുപ്പിലാക്കിയതും ഹരിശങ്കറായിരുന്നു. ഈ മികവ് തിരിച്ചറിഞ്ഞാണ് മനിതിയെ പമ്പയിലെത്തിക്കാനുള്ള ദൗത്യം ഹരിശങ്കറിനെ പൊലീസിലെ ഉന്നതർ ഏൽപ്പിച്ചത്. ഇതോടെ തന്നെ ഹരിശങ്കർ കരുതലോടെ നീങ്ങി. മനിതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചെന്നൈയിലേക്ക് അയക്കുകയാണ് ചെയ്തത്. ഇവരേയും കേരളത്തിലേക്കുള്ള മനിതിയാത്രക്കാരുടെ സംഘത്തിലെ അംഗങ്ങളാക്കി. ഇവരിലൂടെ ഈ സംഘത്തിന്റെ ഓരോ ചലനവും കേരളാ പൊലീസ് തിരിച്ചറിഞ്ഞു. ഈ സംഘത്തിന് തമിഴ്‌നാട് പൊലീസിന്റെ പൂർണ്ണ സുരക്ഷ ഒരുക്കിയതും ഉദ്യോഗസ്ഥരെ ചെന്നൈയിലെത്തിച്ച ഹരിശങ്കറിന്റെ ബുദ്ധിയാണ്. ഇതിനൊപ്പം യുവതികൾ കോട്ടയത്ത് ട്രെയിനിലൂടെ തന്നെ എത്തുമെന്ന പ്രചരണവും പൊലീസ് നടത്തി. ഇതോടെ പരിവാറുകാരുടെ ശ്രദ്ധ തീവണ്ടികളിലായി.

ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങാതെ മധുരയിൽ നിന്ന് സെൽവിയുമായി യാത്ര തുടങ്ങി. അതും സ്വകാര്യ ടെമ്പോ ട്രാവലറിൽ. ഇക്കാര്യം ഹിന്ദു മുന്നണിക്കാർ അറിഞ്ഞെന്ന് മനസ്സിലായപ്പോൾ പൊലീസ് സുരക്ഷ കർശനമാക്കി. ഈ വാഹനം മധുരയിൽ നിന്ന് നാഗർ കോവിൽ വഴി തിരുവനന്തപുരത്ത് എത്തുമെന്ന് പ്രചരിപ്പിച്ചു. പിന്നീട് ആര്യങ്കാവ് ചെക് പോസ്റ്റ് വഴിയാകുമെന്ന സൂചനകൾ പുറത്തു വിട്ടു. ഇതിന് ശേഷം കമ്പത്തെ കഥ വന്നു. ഈ ഘട്ടത്തിലൊന്നും കേരളാ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ മനിതിക്കൊപ്പമുണ്ടെന്ന് ആരും അറിഞ്ഞില്ല. ടെമ്പോ ട്രാവലറിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലൂടെ യാത്രാ വഴിയും ഹരിശങ്കർ നിശ്ചയിച്ചു. പ്രതിഷേധക്കാർ വലിയ തോതിൽ തമ്പടിച്ചിടത്തൊന്നും വണ്ടി എത്തിയില്ല. കോട്ടയവും എരുമേലിയും ഒഴിവാക്കി വണ്ടിയെ അർദ്ധരാത്രി പമ്പയിലെത്തിച്ചു.

കോട്ടയത്ത് എത്തി മറ്റ് കേരളത്തിൽ നിന്നുള്ള സുഹൃത്തുക്കളുമായി പമ്പയിലെത്താനാണ് സെൽവി ആഗ്രഹിച്ചത്. അതിന് ശ്രമിച്ചാൽ നിലയ്ക്കലിൽ പോലും എത്താനാകില്ലെന്ന് യുവതികളെ മനസിലാക്കിപ്പിച്ചതും ഹരിശങ്കറിന്റെ ഇടപെടലാണ്. അതുകൊണ്ട് മാത്രമാണ് യുവതികൾ പമ്പയിൽ എങ്കിലും എത്തിയത്. അതീവ രഹസ്യമായി യാത്രാ വഴി പോലും സൂക്ഷിച്ചു. സന്നിധാനത്തേയും പമ്പയിലേയും നിലയ്ക്കലിലേയും പൊലീസ് ഉദ്യോഗസ്ഥർ പോലും ഒന്നും അറിഞ്ഞില്ല. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരാതിരിക്കാനായിരുന്നു ഈ കരുതൽ. ഇതും വിജയം കണ്ടു. യാത്രാവഴി ചോരാത്തത് അതുകൊണ്ട് മാത്രമാണ്. മനിതിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു ചാനൽ മധുര മുതൽ ഇവരെ പിന്തുടർന്നു. മുണ്ടക്കയത്ത് വച്ച് ഇവരേയും ഒഴിവാക്കി. അങ്ങനെ തീർത്തും അജ്ഞാതമായ വഴികളിലൂടെ സെൽവിയും കൂട്ടാളികളും പമ്പയിലെത്തി. നിലയ്ക്കലിൽ പോലും അവരെ നിർത്താതെ കൊണ്ടു പോയത് എങ്ങനേയും പമ്പയിലെത്തിക്കണമെന്ന നിശ്ചയ ദാർഢ്യവുമായാണ്.

മുണ്ടക്കയത്ത് വച്ച് പൊലീസ് വാഹനങ്ങൾ ഇടറോഡിലേക്ക് അതിവേഗം വഴി തിരിച്ചു വിട്ടു. ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന വഴി. മാധ്യമങ്ങളും പിന്തുടർന്നു. എന്നാൽ പെട്ടെന്ന് പൊലീസ് വാഹനം നിന്നു. പക്ഷേ യുവതികളുടെ വാഹനം യാത്ര തുടങ്ങി. നിർത്തിയ വാഹനത്തെ മറികടന്ന് മുന്നോട്ട് പോകാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. ഇതോടെ അർദ്ധരാത്രിയിലെ ചാനലുകളുടെ തൽസമയ സംപ്രേഷണവും തീർന്നു. അതുകഴിഞ്ഞ് സംഘം നിലയ്ക്കൽ പിന്ന്ിട്ടപ്പോഴാണ് ചാനലുകൾക്ക് ദൃശ്യങ്ങൾ കിട്ടിയത്. അങ്ങനെ പ്രതിഷേധക്കാർക്ക് യാത്ര റൂട്ടും മനസ്സിലാക്കാൻ പറ്റാതെയായി. എരുമേലിയിലും മറ്റും തടയാനായി സംഘടിച്ചവർ ഇളിഭ്യരാവുകയും ചെയ്തു. പക്ഷേ പൊലീസിന്റെ തന്ത്രങ്ങൾ മനസ്സിലാക്കി ഭക്തർ പമ്പയിൽ പ്രതിരോധം തീർത്തു. ഇതോടെ മനിതികളുടെ മോഹം തകരുകയും ചെയ്തു.

രണ്ടു സംഘങ്ങളായി പിരിഞ്ഞു വരുന്ന മനിതിക്കാരെ കൊണ്ടുവരാൻ പോയത് കേരളാ പൊലീസിലെ ഒരു ഇൻസ്പെക്ടറും എസ്ഐയുമാണ്. ഈരാറ്റുപേട്ടയ്ക്ക് അടുത്ത മേലുകാവ് സ്റ്റേഷനിലെ എസ്ഐ സന്ദീപാണ് റോഡ് മാർഗം സംഘവുമായി വന്നത്. ഇതിനായി രണ്ടു ദിവസം മുൻപ് തന്നെ ഇയാളുടെ നേതൃത്വത്തിൽ സംഘം ചെന്നൈയിൽ തമ്പടിച്ചിരുന്നു. കുമളി ചെക്ക് പോസ്റ്റ് വഴി വരുമെന്ന് അറിയിച്ചതിന് ശേഷം കമ്പത്ത് നിന്ന് തിരിഞ്ഞ് കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി സംഘത്തെ കടത്തിയതും പൊലീസ് ബുദ്ധിയായിരുന്നു. വഴി നീളെ പൊലീസ് സംരക്ഷണം ഒരുക്കി റൂട്ട് മാപ്പും തയാറാക്കിയിരുന്നു. രണ്ടാമത്തെ സംഘത്തെ ട്രെയിനിൽ അയച്ചതും വ്യക്തമായ ആസൂത്രണത്തോടെയാണ്. കോട്ടയം ജില്ലയിലെ പാമ്പാടി പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിനെയാണ് അയച്ചത്. ഇതും ഹരിശങ്കറിന്റെ തന്ത്രപരമായ നീക്കമായിരുന്നു.

അതിനിടെ ശബരിമല വിഷയത്തിൽ ഹൈന്ദവസമൂഹത്തിൽ നിന്ന് നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പും ചേർന്നാണ് നാടകം സ്പോൺസർ ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം.