- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റെക്സ് വിവാദത്തിനിതെ ഹർഷ ഗോയങ്ക പിണറായിയെ പുകഴ്‌ത്തിയത് വെറുതെയായില്ല; എട്ട് ജില്ലകളിൽനിന്ന് ഹാരിസൺ കമ്പനിയുടെ ഭൂമി തിരിച്ച് പിടിക്കാനുണ്ടെങ്കിലും സിവിൽ കേസ് നൽകിയത് നാല് ജില്ലകളിൽ മാത്രം; നാലിടത്ത് പ്രാഥമിക റിപ്പോർട്ട് പോലും ആയില്ലെന്ന് റിപ്പോർട്ട്
കോട്ടയം: എട്ട് ജില്ലകളിൽനിന്ന് ഹാരിസൺ കമ്പനിയുടെ ഭൂമി തിരിച്ച് പിടിക്കാനുണ്ടെങ്കിലും സിവിൽ കേസ് നൽകിയത് നാല് ജില്ലകളിൽ മാത്രം. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കർ ഭൂമിയുടെ അവകാശമാണ് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടർമാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോർട്ട് പോലുമായിട്ടില്ല. ഇതിന് പിന്നിൽ അട്ടിമറിയുണ്ടെന്നാണ് സൂചന.
സർക്കാർ അവകാശം ഉന്നയിച്ചതിൽ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉൾപ്പെടും. 2263.80 ഏക്കർ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസൺ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സർക്കാർ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി തുടരുകയാണ്. റവന്യൂ ഡയറക്ടറേറ്റും നിയമവകുപ്പും തുടർച്ചയായി കളക്ടറേറ്റുകളിലേക്ക് ഓർമക്കുറിപ്പ് അയയ്ക്കുന്നുണ്ടെങ്കിലും റിപ്പോർട്ട് അയയ്ക്കാനായിട്ടില്ല.
പുനലൂർ റിയ റിസോർട്ട് (206.51 ഏക്കർ), ഹാരിസൺ കോന്നി, റാന്നി (9293.74ഏക്കർ), ഇടുക്കി, കോട്ടയം ട്രാവൻകൂർ റബ്ബേഴ്സ് (7373.67 ഏക്കർ), പുനലൂർ ഹാരിസൺ (7588.83 ഏക്കർ), പുനലൂർ ട്രാവൻകൂർ റബ്ബേഴ്സ് (2699.95 ഏക്കർ) എന്നിവയെച്ചൊല്ലിയാണ് അതത് സബ് കോടതികളിൽ കേസുള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലായി 76,769.80 ഏക്കർ ഭൂമിയാണ് ഹാരിസണിന്റെ കൈവശമുള്ളതായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയത്.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സിവിൽ കേസ് വേണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്നാണ് വിവിധ ജില്ലകളിൽ കേസ് കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതാണ് വൈകിപ്പിക്കുന്നത്. സംസ്ഥാനത്ത് പാട്ടഭൂമി കൈവശം വച്ചിരിക്കുന്ന കുത്തക കമ്പനിയാണ് ഹാരിസൺസ് മലയാളം ലിമിറ്റഡ്. ഇതിൽ വലിയൊരു ഭാഗം ഇവർ വിറ്റ് കാശാക്കി. ശേഷിച്ചത് കൈയിൽ വച്ച് കൃഷി നടത്തുന്നു. ഇതിനിടെയാണഅ ഹാരിസൺസ് മുതലാളി ഹർഷ ഗോയങ്ക മുഖ്യമന്ത്രിയെ പുകഴ്‌ത്തി രംഗത്തു വന്നത്.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പിണറായി വിജയൻ അതിന് നേതൃത്വം കൊടുക്കുന്നുവെന്നും ഗോയങ്ക ട്വീറ്റ് ചെയ്തിരുന്നു. നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടിയും നൽകി. എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചാണോ ഗോയങ്ക പിണറായിയെ പുകഴ്‌ത്തിയത് എന്ന സംശയം ഉയർന്നിരുന്നു. കിറ്റക്‌സ് വിവാദം പുകയുമ്പോഴാണ് കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ഹാരിസൺ ഉടമയും ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്. കേരളത്തിലുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഗോയങ്കയുടെ ട്വീറ്റ് പിണറായിക്ക് ആശ്വാസമായി. ഏറ്റവുമധികം പേർക്ക് ശമ്പളം കൊടുക്കുന്ന വ്യവസായം കേരളത്തിൽ നടത്തുന്ന തനിക്ക് ഇതു വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നായിരുന്നു ഹർഷിന്റെ ട്വീറ്റ്.
സർക്കാരിന് ലഭിക്കേണ്ട 59,000-ൽ പരം ഏക്കർ പാട്ടഭൂമി ഏറ്റെടുക്കാതെ കോടതിയിൽ ഹാരിസണ് അനുകൂല നടപടി സ്വീകരിച്ചതിന്റെ ഉപകാര സ്മരണയായാണ് ഹർഷ് ഗോയങ്കയുടെ ട്രീറ്റിനെ പലരും വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് കമ്പനികളായ മലയാളം പ്ലാന്റഷൻസ്, ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് എന്നീ കമ്പനികളുടെ പിന്തുടർച്ചക്കാരെന്ന അവകാശവാദവുമായാണ് ഹാരിസൺസ് മലയാളം കമ്പനി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. പക്ഷെ ഈ അവകാശവാദം വ്യാജ അവകാശവാദമാണ്. ഒറിജിനൽ കമ്പനി എല്ലാം ഇന്ത്യയിൽ ഒഴിവാക്കി ബ്രിട്ടനിലേക്ക് എന്നോ കപ്പല് കയറി. ആ കമ്പനിയുടെ അവകാശവാദമാണ് നിലവിലെ ഹാരിസൺ ഉന്നയിക്കുന്നത്. ഭരണകൂടം കുട പിടിക്കുന്നത് ഈ വ്യാജ അവകാശവാദത്തിനാണ്. സർക്കാർ നിയോഗിച്ച മൂന്നു കമ്മീഷനുകൾ നടത്തിയ അന്വേഷണത്തിൽ ബ്രിട്ടീഷ് കമ്പനികൾ നിയമപ്രകാരം ഇപ്പോഴത്തെ ഹാരിസൺസ് മലയാളം കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നു തെളിഞ്ഞിട്ടുണ്ട്.
ഇവർ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമി അനധികൃതമായി കൈവശം െവച്ചിരിക്കുന്നുവെന്നും കണ്ടെത്തുകയും ചെയ്തു. ഇവ സർക്കാറിന് ഏറ്റെടുക്കാമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാരങ്ങൾ ചമക്കൽ, ഗൂഢാലോചന, വിദേശനാണ്യ വിനിമയ, നിയന്ത്രണചട്ടലംഘനം, സർക്കാർ രേഖകൾ തിരുത്തൽ, ഭൂസംരക്ഷണ നിയമം, ഭൂപരിഷ്‌കരണ നിയമം, ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട്, തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിനിടെ, കമ്പനി ഭൂമി കൈവശം െവച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെങ്കിൽ ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് 2013 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഭൂ സംരക്ഷണ നിയമം അനുസരിച്ച് ഹാരിസൺസിസിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് എം.ജി രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയോഗിച്ചു.
അദ്ദേഹം നടത്തിയ അന്വേഷണത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിലായി കമ്പനി പതിനായിരക്കണക്കിന് ഭൂമി അനധികൃതമായി കൈവശംെവക്കുന്നുവെന്ന് കണ്ടെത്തി. തുടർന്ന് 18 ഉത്തരവുകളിലൂടെ 38171 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഇതിൽ 517 ഏക്കർ ഏറ്റെടുത്ത രണ്ട് ഉത്തരവുകൾ കോടതി ശരിവച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ