കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മറുവാക്കാണ് പഞ്ചാബി ഹൗസിലെ രമണൻ. ഹരിശ്രീ അശോകൻ അനശ്വരമാക്കിയ ഈ കഥാപാത്രം. പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലുന്ന അശോകന്റെ കരിയറിലെ ഏറ്റവും ജനപ്രിയ കഥാപാത്രം.

പഞ്ചാബി ഹൗസ് ഇറങ്ങിയിട്ട് പത്തൊമ്പതു വർഷം കഴിഞ്ഞു. അതിലെ ഹരിശ്രീ അശോകന്റെ രമണൻ എന്ന കഥാപാത്രം ഇന്നും ട്രോളുകാരുടെ പ്രിയ കഥാപാത്രമാണ്. എന്നാൽ ഈ സിനിമയിൽ രമണൻ കരുതുന്ന സീനുമുണ്ടായിരുന്നു. എന്നാൽ അത് തിയേറ്ററിലെത്തിയില്ല. ഇതിന്റെ പിന്നാമ്പുറം തുറന്നു പറയുകയാണ് അശോകനിപ്പോൾ. മാതൃഭൂമിയോടാണ് തുറന്നു പറച്ചിൽ.

രമണനിൽ ചിരിയിൽ പൊതിഞ്ഞ ഒരു ഒരുപാട് ദുഃഖങ്ങളുണ്ടായിരുന്നു. ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത ഒരു രംഗമുണ്ടായിരുന്നു. നായകന് സംസാരിക്കാൻ കഴിയുമെന്ന് രമണൻ അറിഞ്ഞതിന് ശേഷമുള്ള രംഗം. രമണൻ വരാന്തയിൽ ഇരുന്നു കഞ്ഞി കുടിക്കുകയാണ്. ആ സമയം ദിലീപിന്റെ കഥാപാത്രം രമണനോട് ചോദിക്കുന്നുണ്ട്. 'നിനക്ക് എന്നോട് ദേഷ്യമുണ്ടോ?'. അപ്പോൾ രമണൻ പറയും, 'ഇല്ല നമ്മൾ ഇതൊക്കെ ചെയ്യുന്നത് മുതലാളിക്കും കൂടി വേണ്ടിയാണ്. മുതലാളിക്കുവേണ്ടി ഞാൻ എന്റെ ചങ്കു പറിച്ചു കൊടുക്കും. റോഡിൽ കിടന്നു ചാകേണ്ട എന്നെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് അങ്ങേരാ'... സംഭാഷണം പറഞ്ഞതിന് ശേഷം രമണൻ കരയുന്നുണ്ട്.

ഈ രംഗം സിനിമയിലെ നർമരംഗങ്ങളുമായി പൊരുത്തപ്പെട്ട് പോകില്ല എന്നു തോന്നിയതുകൊണ്ടാകണം സംവിധായകർ അവസാനം അത് നീക്കം ചെയ്തതെന്ന് ഹരിശ്രീ അശോകൻ പറയുന്നു. രമണൻ സിനിമയിൽ വീണ്ടുമെത്തുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ അവ എന്റെ അറിവോടു കൂടിയല്ല. അതിനെക്കുറിച്ച് തീരുമാനിക്കേണ്ടതും സംസാരിക്കേണ്ടതും സംവിധായകരാണ്. രമണൻ വരുന്നുണ്ട്. സിനിമയിൽ അല്ല എന്ന് മാത്രം. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അശോകൻ പറയുന്നു.