- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിത കേസിൽ അതിവേഗ ഇടപെടലുമായി പൊലീസ്; എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കുറ്റപത്രം തയ്യാർ; മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയെ ഒഴിവാക്കി; ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന് വകുപ്പുകൾ; സാക്ഷിപ്പട്ടികയിൽ ഉള്ളത് 18 പേർ
തിരുവനന്തപുരം: മുസ്ലിംലീഗിനെ പ്രതിക്കൂട്ടിലാക്കിയ ഹരിത കേസിൽ അതിവേഗം പൊലീസ് ഇടപെടൽ. കേസിൽ എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത സബ് കമ്മിറ്റി അംഗങ്ങളായ പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് അതിവേഗ നടപടി സ്വീകരിച്ചത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ പ്രതിയാക്കിയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
സ്ത്രീകൾക്കെതിരേ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുക (354എ(1)(4), സ്ത്രീത്വത്തെ അപമാനിക്കുക (509 ഐ.പി.സി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. എം.എസ്.എഫ്. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബിനെതിരേ കേസെടുത്തിരുന്നുവെങ്കിലും കുറ്റപത്രത്തിൽ പേരില്ല. സാക്ഷിപ്പട്ടികയിൽ 18 പേരുണ്ട്. എം.എസ്.എഫ്. സംസ്ഥാന നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ നേതാക്കൾ രംഗത്തുവന്നത് മുസ്ലിം ലീഗിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
ജൂൺ 22-ന് കോഴിക്കോട് എം.എസ്.എഫ്. സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായത്. എം.എസ്.എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചെന്നും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കൾ ആരോപിച്ചിരുന്നു.
ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് 'വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും' എന്ന് പരാമർശിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുൽ വഹാബിന്റെയും പ്രതികരണം.
എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഹരിതാ നേതാക്കൾ ആരോപിച്ചിരുന്നു.
എം.എസ്.എഫ് നേതൃത്വത്തിനെതിരേ രംഗത്തുവന്ന ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലിംലീഗ് മരവിപ്പിച്ചത് വൻവിവാദമായി. പരാതി പിൻവലിച്ചാൽ നടപടി പിൻവലിക്കാമെന്നു ലീഗും നിലപാടിൽ ഹരിതയും ഉറച്ചുനിന്നതോടെ വിഷയം ദേശീയതലത്തിൽ വാർത്തയായി.
മറുനാടന് മലയാളി ബ്യൂറോ