കോഴിക്കോട്: എംഎസ്എഫ്-ഹരിത വിഷയത്തിൽ വാദി പ്രതിയായോ എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയവർ ഉൾപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിച്ചുകൊണ്ട് മുസ്‌ലിം ലീഗ്് അച്ചടക്ക നടപടി എടുത്തത് കടുത്ത വിമർശനത്തിന് വഴിവച്ചിരിക്കുകയാണ്. അതേസമയം, വിവാദത്തിൽ മറുപടിയുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് രംഗത്തെത്തി. പാർട്ടിക്കും പാണക്കാട് തങ്ങന്മാർക്കും അപമാനമുണ്ടാവുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും തെറ്റ് പറ്റിയെങ്കിൽ അത് അംഗീകരിക്കുമെന്നും പികെ നവാസ് പറഞ്ഞു.
'പാർട്ടിക്കും പാണക്കാട് തങ്ങന്മാർക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും തന്നിൽ നിന്നുണ്ടായിട്ടില്ല. തെറ്റ് പറ്റിയാൽ അത് അംഗീക്കും. അതാണ് മഹത്തരം. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല.' പികെ നവാസ് വിശദീകരിച്ചു.

അതേസമയം ആരുടേയും സഞ്ചി പിടിച്ചാൽ മാത്രമെ പാർട്ടിയിൽ സ്ഥാനമുള്ളൂവെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നും നവാസ് നിലപാട് വ്യക്തമാക്കി. എംഎസ്എഫുമാർ ഫേസ്‌ബുക്കിലെ ഫാൻസ് അസോസിയേഷൻ ആകരുത്. സംഘടനക്കകത്തെ സംഘങ്ങളിലല്ല അംഗമാവേണ്ടത് അങ്ങനെ അംഗമാകാതിരിക്കുന്നതാണ് തന്റെ രാഷ്ട്രീയ ബോധ്യമെന്നും നവാസ് കൂട്ടിചേർത്തു. എംഎസ്എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് നവാസിന്റെ പ്രതികരണം.

ഹരിതയ്ക്ക് എതിരായ മുസ്ലിം ലീഗ് നടപടിയിൽ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പാർട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയിച്ചത്. കൂടുതൽ നേതാക്കൾ രാജിസന്നദ്ധത അറിയിച്ചെന്നും സൂചനയുണ്ട്.

നേതൃത്വത്തിനെതിരെ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ പരോക്ഷമായി പ്രതികരിച്ചു. ഫേസ്‌ബുക് കുറിപ്പിലൂടെയാണു തെഹലിയയുടെ പ്രതികരണം. ഇഎംഎസ് അല്ല, പാർട്ടിയിലെ പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇഎംഎസിന്റെ ആൺ അഹന്തയ്‌ക്കെതിരെ പൊരുതിയ കെ.ആർ.ഗൗരി ആണെന്റെ ഹീറോ എന്നാണ് തെഹലിയ കുറിച്ചത്. തെഹലിയയെ വിമർശിച്ചും പിന്തുണച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി.

പാർട്ടിക്കു പുറത്തേക്കു പരാതി പോയത് അച്ചടക്ക ലംഘനമെന്നു ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ നടപടി. ആരോപണ വിധേയരായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി പി. അബ്ദുൽ വഹാബ് എന്നിവർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടു.

എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വനിതാ അംഗത്തോട് അശ്ലീലച്ചുവയോടെ സംസാരിച്ചു, മോശം പരാമർശം നടത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചു ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 അംഗങ്ങളാണ് വനിതാ കമ്മിഷനു പരാതി നൽകിയത്. ലീഗ് നേതൃത്വത്തിനു പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനെ തുടർന്നായിരുന്നു ഇത്. പരാതി പിൻവലിക്കാൻ സമ്മർദം ശക്തമായതോടെ കൂട്ടത്തോടെ രാജിവയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ദേശീയ കമ്മിറ്റി നൽകിയ റിപ്പോർട്ടും പുറത്തു വന്നിരുന്നു.