മലപ്പുറം: ഹരിത മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്നും പ്രവർത്തനം ക്യാംപസിൽ മാത്രം മതിയെന്നും വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ക്യാംപസ് പ്രവർത്തനത്തിനായി ഉണ്ടാക്കിയ താൽക്കാലിക സംവിധാനമാണ് ഹരിത. ക്യാംപസിന് പുറത്ത് വനിതാ ലീഗ് മതിയെന്നും അവർ പറഞ്ഞു.

ഹരിത, മുസ്ലിം ലീഗിന് നൽകിയ പരാതിയെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ അറിയില്ല. ലൈംഗികാധിക്ഷേപം നേരിട്ട ഹരിതയുടെ പ്രവർത്തകർ പരാതി നൽകാൻ വൈകിയത് എന്താണെന്നു നൂർബിന ചോദിച്ചു. ലൈംഗികാധിക്ഷേപം ആരു നടത്തിയാലും ഉടൻ പ്രതികരിക്കുകയും. നടപടി സ്വീകരിക്കുകയും വേണമെന്നും നൂർബിന റഷീദ് പറഞ്ഞു.

ഒരു തീരുമാനമെടുക്കുമ്പോൾ വിശദമായി വിശകലനം ചെയ്യുന്ന ഒരു നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളത്. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ അംഗങ്ങൾക്കും അത് ബാധകമാണ്. അതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പാർട്ടിയുടെ കമ്മിറ്റികളിലാണ് പറയേണ്ടതെന്നും നൂർബീന പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച നടപടിയേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.

മുസ്ലിം സ്ത്രീകൾ പൊതുരംഗത്തേക്ക് വരരുതെന്ന് പറഞ്ഞ കാലഘട്ടത്തിലാണ് വനിതാ ലീഗിനെ വളർത്തി വലുതാക്കി ഈ നിലയിലെത്തിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളിലും പൊതുസമൂഹത്തിലും പുരുഷമേധാവിത്വമുണ്ട്. ഹരിതാ പ്രവർത്തകരുടെ പരാതി വനിതാ ലീഗിന്റെ മുന്നിൽ ഇതുവരെ എത്തിയിട്ടില്ല.

എന്തുകൊണ്ടാണ് പാർട്ടിക്ക് മുന്നിൽ ഈ പരാതി എത്തിക്കാൻ വൈകിയത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് മുതിർന്ന വനിതാ അംഗങ്ങളോടെങ്കിലും പങ്കുവെക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തിൽ ഒരു മാറ്റവും എവിടേയും വരുത്താൻ പറ്റില്ലെന്നും അവർ പറഞ്ഞു.

വനിതാ കമ്മീഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയായിട്ടാണ് പ്രവർത്തിക്കുന്നത്. മുസ്ലിം ലീഗിന് ഈ പരാതി ലഭിച്ചപ്പോൾ അത് അന്വേഷിക്കാൻ ഒരു ഉപസമിതിയെ വെച്ചു. ഈ സമിതി പരാതിക്കാരേയും ആരോപണവിധേയരേയും ഇരുത്തി സംസാരിച്ചതാണ്. പരാതി ഉണ്ടെങ്കിൽ വനിതാ ലീഗിനെ അറിയിക്കേണ്ടതായിരുന്നു. ഞങ്ങളും പാർട്ടിയുടെ പല സ്ഥാനങ്ങളിലും ഇരിക്കുന്നവരാണെന്നും നൂർബീന റഷീദ് കൂട്ടിച്ചേർത്തു.