- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ചലോ മാർച്ചിനിടെ ഉയർന്നത് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ; പ്രക്ഷോഭകാരികൾ പഞ്ചാബിൽ നിന്നുള്ളവർ എന്നും ഹരിയാന മുഖ്യമന്ത്രി; കർഷക പ്രക്ഷോഭത്തിന് പിന്നിൽ വിഘടനവാദ ബന്ധം ആരോപിച്ച് മനോഹർ ലാൽ ഘട്ടർ; സമരത്തിൽ പങ്കെടുക്കാത്ത ഹരിയാനയിലെ കർഷകർക്ക് അഭിനന്ദനവും
ന്യൂഡൽഹി: കർഷ പ്രക്ഷോഭത്തിന് പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളെന്ന ആരോപണമുയർത്തി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. പഞ്ചാബിൽ നിന്നുള്ളവരാണ് ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്നതെന്നും ഇവരിൽ ചിലർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും മനോഹർ ലാൽ ഘട്ടർ ആരോപിച്ചു. സംഘർഷത്തിന് പിന്നിൽ പഞ്ചാബിലെ കർഷകരാണെന്ന് ആവർത്തിച്ച ഹരിയാന മുഖ്യമന്ത്രി, സമരത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഹരിയാനയിലെ കർഷകരെ അഭിനന്ദിക്കുകയും ചെയ്തു.
'സമരം ആരംഭിച്ചത് പഞ്ചാബിൽ നിന്നാണ്. സമരവുമായി ചില രാഷ്ട്രീയ പാർട്ടികൾക്കും യൂണിയനുകൾക്കും ബന്ധമുണ്ട്. ഹരിയാനയിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കെടുത്തിട്ടില്ല. അതിന് ഞാൻ അവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പൊലീസിനെയും അഭിനന്ദിക്കുന്നു'അദ്ദേഹം പറഞ്ഞു. ഡൽഹിയിലേക്ക് പുറപ്പെട്ട പഞ്ചാബിൽ നിന്നുള്ള കർഷകരെ ഹരിയാന അതിർത്തിയായ അംബാലയിൽ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കർഷകർ ട്രാക്ടറുകൾ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകൾ നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹി ലക്ഷ്യമാക്കി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അതിർത്തിയിൽ തടഞ്ഞിരുന്നു. ഉത്തർ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്. വിവിധയിടങ്ങളിൽ പൊലീസ് കർഷകരെ തടയുകയും ജലപീരങ്കികൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.
കർഷക പ്രക്ഷോഭത്തിൽ ഹരിയാന -ഡൽഹി അതിർത്തി ഉലഞ്ഞതോടെ പൊലീസും മുട്ടുമടക്കുകയായിരുന്നു. കൂറ്റൻ ബാരിക്കേഡുകൾ നിഷ്ഭ്രമമാക്കിയാണ് ഡൽഹി ലക്ഷ്യമാക്കി കർഷകരുടെ വിജയയാത്ര. അതിർത്തികൾ നീളെ ഒരുക്കിയ പ്രതിരോധങ്ങളെല്ലാം ഇല്ലാതാക്കി ട്രാക്ക്ടറുകൾ മുന്നോട്ട് പായുകയാണ്. കർഷകർ തോറ്റുമടങ്ങില്ലെന്ന് ഉറപ്പിച്ചതോടെ കേന്ദ്രവും അയഞ്ഞു. കർഷകരെ ജയിലിൽ അടയ്ക്കില്ലെന്ന കെജ്രിവാൾ സർക്കാരിന്റെ പ്രഖ്യാപനവും തിരിച്ചടിയായി. ഇതോടെ കർഷകർ ഹരിയാന അതിർത്തി ഭേദിച്ച് ഡൽഹിയിലേക്ക് പ്രവേശിച്ചു. 'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ഡൽഹിയിലെ ബുരാരിയിലെ നിരങ്കരി മൈതാനത്തിൽ പ്രവേശിച്ച് സമരം നടത്തുവാനാണ് കർഷകർക്ക് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
കർഷകർക്ക് രാജ്യവ്യാപകമായി പിന്തുണ ഏറുന്നതോടെ കേന്ദ്രം അയയുകയായിരുന്നു. എന്നാൽ ജന്തർ മന്ദിറിൽ എത്തി പ്രതിഷേധിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ ഇപ്പോഴും.ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്ത പ്രതിബന്ധങ്ങൾ മറികടന്നാണ് കർഷക പ്രതിഷേധം ഡൽഹിയിലേക്കെത്തുന്നത്.കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ ഒമ്പത് സ്റ്റേഡിയങ്ങൾ താത്ക്കാലിക ജയിലാക്കാൻ പൊലീസ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇതിനായി സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ഡൽഹി പൊലീസ് ആം ആദ്മി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ ആവശ്യം സർക്കാർ തള്ളി.
അതേസമയം, മാർച്ച് ചെയ്യുന്ന കർഷകർക്ക് എതിരെ ഹരിയാന പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തു. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുർനാം സിങ് ചരുണി അടക്കമുള്ള നേതാക്കൾക്ക് എതിരെയാണ് ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷനുകളായ 307 ( കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാൻ ശ്രമിക്കൽ) 149 (അനധികൃതമായി സംഘം ചേരൽ) 269 (പകർച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കർഷകർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
രൂക്ഷ വിമർശനം ഉയർത്തി രാഹുൽഗാന്ധി
പ്രതിഷേധമുയർത്തി ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ ഭരണകൂടം വേട്ടയാടിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത വയോധിക കർഷകനു നേരെ ഒരു അർദ്ധസൈനികൻ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവച്ചാണ് രാഹുൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. വളരെ ദുഃഖകരമായ ചിത്രമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 'ജയ് ജവാൻ, ജയ് കിസാൻ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം കർഷകനെതിരെ ജവാൻ നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നു. ഇത് വളരെ അപകടകരമാണ്'. രാഹുൽ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.
രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്ന കർഷക പ്രക്ഷോഭം ഒരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കർഷകരെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കരിനിയമങ്ങൾ പിൻവലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഞാൻ കർഷകർക്കൊപ്പം എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
സത്യവുമായി ഏറ്റുമുട്ടുമ്പോൾ അഹങ്കാരം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചിരിക്കണം. സത്യത്തിനായുള്ള പോരാട്ടത്തിൽ കർഷകരെ തടയാൻ ലോകത്തിലെ ഒരു സർക്കാരിനും കഴിയില്ല.കർഷകരുടെ ആവശ്യങ്ങൾ മോദി സർക്കാർ അംഗീകരിക്കുകയും കരിനിയമങ്ങൾ പിൻവലിക്കുകയും വേണം. ഇത് ഒരു തുടക്കം മാത്രമാണ്!- രാഹുൽ ട്വീറ്റ് ചെയ്തു.
മറുനാടന് ഡെസ്ക്