ലണ്ടൻ: ബ്രിട്ടീഷുകാർ രാജഭക്തിയുടെ കാര്യത്തിൽ മറ്റാരേക്കാളും മുമ്പിലാണ്. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഓരോ അംഗത്തെയും അവർ അത്രയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുമുണ്ട്. എന്നാൽ ബ്രിട്ടീഷുകാർക്ക് നിലവിൽ രാജകുടുംബാംഗങ്ങളിൽ ഏറ്റവും ഇഷ്ടം ഹാരി രാജകുമാരനെയാണെന്നാണഅ ഏറ്റവും പുതിയൊരു യുഗോവ് പോൾഫലം വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം 77 ശതമാനം ബ്രിട്ടീഷുകാർക്കും ഏറ്റവും ഇഷ്ടം ഹാരിയെയാണ്.

ഇക്കാര്യത്തിൽ 74 ശതമാനം പേരുടെ ഇഷ്ടം നേടിക്കൊണ്ട് എലിസബത്ത് രാജ്ഞി രണ്ടാം സ്ഥാനത്തും 73 ശതമാനം പേരുടെ ഇഷ്ടം നേടിക്കൊണ്ട് വില്യം രാജകുമാരൻ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്ത് കേയ്റ്റ് രാജകുമാരിയുമാണുള്ളത്. ഹാരിയെ ആരാധിക്കാൻ തോന്നുന്നുവെന്നും ഇഷ്ടപ്പെടാൻ തോന്നുന്നുവെന്നും അദ്ദേഹം വളരെ ഫലിതബോധമുള്ളയാളും സ്വതസിദ്ധമായി തുറന്ന് പെരുമാറുന്ന ആളുമാണെന്നാണ് ആരാധകർ സർവേയിൽ പ്രതികരിച്ചിരിക്കുന്നത്.

ജനപ്രീതിയുടെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള കേയ്റ്റിനെ ഇഷ്ടപ്പെടുന്നവർ 64 ശതമാനമാണ്. ഫിലിപ്പ് രാജകുമാരനെ ഇഷ്ടപ്പെടുന്നവർ 56 ശതമാനവും ജനപ്രീതിയുടെ കാര്യത്തിൽ ആറാം സ്ഥാനത്തുള്ള മേഗനെ ഇഷ്ടപ്പെടുന്നവർ 55 ശതമാനം പേരുമാണ്. എന്നാൽ ജനപ്രീതിയുടെ കാര്യത്തിൽ വെറും പത്താം സ്ഥാനത്തുള്ള കാമിലയെ ഇഷ്ടപ്പെടുന്നവർ 29 ശതമാനം പേർ മാത്രമാണ്.ബിയാട്രീസ് രാജകുമാരിക്ക് 22 ശതമാനം പേരുടെ ഇഷ്ടം നേടി 15ാം സ്ഥാനത്തെത്താനേ സാധിച്ചിട്ടുള്ളൂ.

ഹാരിയെ പറ്റി നെഗറ്റീവ് അഭിപ്രായമുള്ളവർ വെറും 7 ശതമാനം മാത്രമാണ്. ഹാരിയെക്കുറിച്ച് ന്യൂട്രൽ നിലപാടെടുത്തത് 13 ശതമാനമാണ്. ചാൾസിനെതിരെ എതിർ അഭിപ്രായമുള്ളവർ 20 ശതമാനം പേരും ന്യൂട്രൽ അഭിപ്രായമുള്ളവർ 30 ശതമാനം പേരുമാണ്. കാമിലക്കെതിരെ നെഗറ്റീവ് കാഴ്ചപ്പാടുള്ളവർ 36 ശതമാനമാണ്. പ്രശസ്തിയുടെ കാര്യത്തിൽ രാജ്ഞിയേക്കാൾ മുന്നിലാണ് വില്യം. മെയ്‌ 15നും ഒക്ടോബർ 31നും ഇടയിൽ 3700 പേരോട് ചോദ്യങ്ങൾ ചോദിച്ചാണ് ഈ റോയൽ റാങ്കിങ് നിർവഹിച്ചിരിക്കുന്നത്.