ലണ്ടൻ: കുടുംബത്തിന് അപമാനം വരുത്തിവച്ചിടത്തോളം മതി, ഇനി കൂടുതൽ നെഗളിക്കേണ്ട എന്നാണ് എലിസബത്ത് രാജ്ഞി തന്റെ കൊച്ചുമകനോട് പറയുന്നത്. രാജകുടുംബത്തിനെതിരെ കൂടെക്കൂടെ ആരോപണങ്ങളുമായെത്തുന്ന ഹാരിയുടെയും മേഗന്റെയും നടപടികൾ പരിധിവിടുന്നു എന്ന് രാജ്ഞിക്കും തോന്നിത്തുടങ്ങി. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ രാജ്ഞി അനുമതി നൽകിയതായി കൊട്ടാരവുമായി അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തെ ചില പ്രമുഖ നിയമജ്ഞരുമായി കൊട്ടാരം നിയമകാര്യ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതായും ഉപദേശം തേടിയതായും ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അടുത്തവർഷം പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന ഹാരിയുടെ ഓർമ്മക്കുറിപ്പുകൾക്കെതിരെ നടപടികൾ എടുക്കുവാനും കൊട്ടാരം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രസാധകരായ പെബ്ഗ്വിൻ റാൻഡം ഹൗസിന് ഇതിന്റെ മുന്നോടിയായി വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ ആക്രമങ്ങളിൽ രാജ്ഞി തീർത്തും അസ്വസ്ഥയാണെന്നാണ് കൊട്ടാരവുമായി അടുപ്പമുള്ളവർ പറയുന്നത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുകയാണത്രെ.

ആവശ്യത്തിനുള്ള ക്ഷമ രാജകുടുംബം കാണിച്ചു എന്ന് അവർ പറയുന്നു. ഇനി ഹാരിക്കും മേഗനും മുന്നറിയിപ്പ് നൽകും തുടർന്നും കൊട്ടാരത്തെ അപമാനിക്കാനാണെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അവരെ അറിയിക്കും. അപകീർത്തി കേസുകളിലും അതുപോലെ സ്വകാര്യ ഭഞ്ജിക്കുന്നതിനെതിരെയുള്ള കേസുകളിലും വൈദഗ്ദ്യം നേടിയ നിയമജ്ഞരുടെ ഉപദേശം കൊട്ടാരം നിയമകാര്യ വിഭാഗം തേടിക്കൊണ്ടിരിക്കുകയാണ്. ഹാരിയുടെ ഓർമക്കുറിപ്പുകൾ ഒരു കുടുംബത്തിന്റെ സ്വകാര്യതയെ ഇല്ലാതെയാക്കുകയാണ് എന്നുതന്നെയാണ് നിയമജ്ഞരുടെ അഭിപ്രായം.

അതിനിടയിൽ ഹാരിയുടെയും മേഗന്റെയും അനൗദ്യോഗിക ജീവചരിത്രമെഴുതിയ ഓമിഡ്‌സ്‌കോബി, രാജകുടുംബവും ഹാരിയും തങ്ങളുടെ ബന്ധം പൂർവ്വസ്ഥിതിയിലാക്കുന്നതിന് ആവശ്യമായ മുൻകൈ എടുക്കുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു. പീപ്പിൾ മാസികക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛനും സഹോദരനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഹാരി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ സമ്മതിക്കാൻ ഹാരി തയ്യാറാണ് പക്ഷെ മറുഭാഗം അതിനു തയ്യാറാകാത്തതാണ് പ്രശ്ന പരിഹാരം ഇഴഞ്ഞു നീങ്ങാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പുതിയ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തി ഫൈൻഡിങ് ഫ്രീഡം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് സ്‌കോബ്ബി ഇക്കാര്യം പറഞ്ഞത്. ഈ പുസ്തകത്തിൽ പുതിയതായി കൂട്ടിച്ചേർത്ത ഭാഗം ഭാഗികമായി പീപ്പിൾ മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജകുടുംബം വിട്ടുപോകേണ്ടിവന്നതിൽ ഹാരിക്കും മേഗനും ഇപ്പോഴും യാതൊരു പശ്ചാത്താപവുമില്ലെന്നാണ് അതിൽ പറയുന്നത്.