ലണ്ടൻ: രാജകുടുംബത്തിലെ ഒരു വ്യക്തി ഹാരിയുടേയും മേഗന്റെയും ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ തൊലിയുടെ നിറത്തെ കുറിച്ച് ചോദിച്ചു എന്ന് പറയുന്നത് ശരിയാകാം എന്നാണ് മുൻ പ്രൊഫഷണൽ ഫുട്ബോളർ ജോൺ ബാർനെസ് പറയുന്നത്. ഒരു വെള്ളക്കാരിയെ വിവാഹം കഴിച്ച, ഏഴു കുട്ടികളുടെ അച്ഛൻ കൂടിയായ ബാർനെസ് പറയുന്നത് അത്തരത്തിലൊരു ചോദ്യം സ്വാഭാവികമാണെന്നാണ്. ഗർഭത്തിലിരിക്കുന്ന കുട്ടി എങ്ങനെയിരിക്കുമെന്നറിയാനുള്ള സ്വാഭാവികമായ ആകാംക്ഷയിൽ നിന്നുയരുന്ന ചോദ്യമാണത് എന്നാണ് അദ്ദേഹം പറയുന്നത്.

ഇത്തരത്തിൽ സ്വാഭാവികമായി ഉയരാവുന്ന ഒരു ചോദ്യത്തെ വർണ്ണവിവേചനമായി ചിത്രീകരിച്ച് കൊട്ടാരത്തെ മുഴുവൻ മുൾമുനയിൽ നിർത്തുകയായിരുന്നു മേഗൻ. തങ്ങളുടേ കുട്ടിയുടെ ത്വക്കിന്റെ നിറം ഇരുണ്ടതായിരിക്കുമോ എന്നായിരുന്നു ആ രാജകുടുംബാംഗം ചോദിച്ചത് എന്നായിരുന്നു വിവാദ അഭിമുഖത്തിൽ മേഗൻ പറഞ്ഞത്. എന്നാൽ, ഇത് ചോദിച്ചതാരെന്ന് വ്യക്തമാക്കാത്തതിനാൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമൊഴിച്ച് എല്ലാ രാജകുടുംബാംഗങ്ങളും സംശയത്തിന്റെ നിഴലിൽ വന്നിരുന്നു.

വംശീയവിവേചനത്തെ കുറിച്ചെഴുതിയ പുതിയ പുസ്തകത്തിലാണ് ബാർനെസ് ഈ ചോദ്യം തികച്ചും സ്വാഭാവികമാണെന്ന് പറഞ്ഞിരിക്കുന്നത്. ഒട്ടുമിക്ക കറുത്തവർഗ്ഗക്കാരും ഈ ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ടാകും എന്നാണ് ബാർനെസ് പറയുന്നത്. ഇരുണ്ടതായാൽ എന്താണെന്നായിരിക്കും അവരിൽ മിക്കവരും തിരിച്ച് ചോദിച്ചിട്ടുണ്ടാകുക എന്നും അദ്ദേഹം പറയുന്നു.

കുഞ്ഞിന്റെ ത്വക്കിന്റെ നിറത്തെ കുറിച്ച് ആധിപിടിച്ചത് മേഗനായിരുന്നു എന്നാണ് പുസ്തകത്തിൽ പറയുന്നത്. കറുത്തവർഗ്ഗക്കാരിൽ അധികം പെരും ഹാരിയുടേയും മേഗന്റെയും ആരാധകരല്ലെന്നും പുസ്തകത്തിൽ പറയുന്നു.