- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എലിസബത്ത് രാജ്ഞിയേയും ചാൾസിനേയും പോലും വെറുതെ വിടാതെയുള്ള ഹാരിയുടെ പോഡ്കാസ്റ്റിൽ രോഷം പൂണ്ട് ബക്കിങ്ഹാം കൊട്ടാരം; എല്ലാ പദവികളും എടുത്തു മാറ്റി വീട്ടിൽ കയറ്റാതെ ഒറ്റപ്പെടുത്താൻ സാധ്യത
ലണ്ടൻ: ഏറ്റവും അടുത്ത് പുറത്തുവന്ന ഹാരിയുടെ പോഡ്കാസ്റ്റിൽ രാജകുടുംബാംഗങ്ങളെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കൊട്ടാരം വൃത്തങ്ങൾ ഹാരിയേയും മേഗനേയും വിളിച്ച്ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പദവികളും സ്ഥാനപേരുകളും ഉപേക്ഷിക്കുവാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജകുടുംബാംഗങ്ങളെ നിർത്താതെ അധിക്ഷേപിക്കുന്ന പരിപാടി ഞെട്ടലുളവാക്കുന്നതും അതേസമയം നന്ദികേടുമാണെന്നും കൊട്ടാരത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ചാൾസ് രാജകുമാരൻ മക്കളെ വളർത്തിയ രീതിയെ അധിക്ഷേപിച്ച ഹാരി, പരോക്ഷമായി വിമർശിച്ചത് അത്തരം രീതികൾ ചാൾസിന് പകർന്നു നൽകിയ എലിസബത്ത് രാജ്ഞിയേയും ഫിലിപ്പ് രാജകുമാരനെയുമായിരുന്നു. ഇതാണ് ഇപ്പോൾ കൊട്ടാരംവൃത്തങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഫിലിപ്പ് രാജകുമാരൻ മരണമടഞ്ഞ് അധികനാളുകൾ കഴിയും മുൻപേ രാജ്ഞിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ഹാരിയുടെ നടപടികളോട് കൊട്ടാരം വൃത്തങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തി.
രാജകുടുംബത്തെ ഇപ്പോൾ തന്നെ ആവശ്യത്തിലേറെ ഹാരി അധിക്ഷേപിച്ചു കഴിഞ്ഞിരിക്കുന്നു. രാജകുടുംബം എന്ന സ്ഥാപനത്തോട് ഹാരിക്കുള്ള വെറുപ്പും വിദ്വേഷവുമാണ് ഇത് കാണിക്കുന്നത്. ഇത്തരത്തിൽ വെറുക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നുള്ള പദവികളും ബഹുമതികളും ഹാരി ഇനിമുതൽ കൈവശം വയ്ക്കരുത് എന്നാണ് കൊട്ടാരം വൃത്തങ്ങൾ ആവശ്യപ്പെടുന്നത്. ഇനി മുതൽ അവർ ഹാരി എന്നും മേഗൻ എന്നും മാത്രമായി അറിയപ്പെടണം. അതല്ലാതെ ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട വിശേഷണങ്ങൾ ഉപയോഗിച്ചാൽ അതിനെ ചോദ്യം ചെയ്യുമെന്നും അവർ പറയുന്നു.
ചുരുക്കത്തിൽ ഹാരിയെ കുടുംബത്തിൽ നിന്നും പുറത്താക്കുകയാണ് ഇത്തരമൊരു ആവശ്യമുന്നയിക്കുക വഴി ചെയ്തിരിക്കുന്നത്. ജൂലായ് 1 ന് തന്റെ അമ്മ ഡയാന രാജകുമാരിയുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹാരി എത്തുകയാണെങ്കിൽ, കുടുംബത്തിനുള്ളിൽ കൂടുതൽ സംഘർഷം പ്രതീക്ഷിക്കാം എന്നാണ് കൊട്ടാരത്തിലെ കാര്യങ്ങൾ സസൂക്ഷം നിരീക്ഷിക്കുന്നവരുടെ അഭിപ്രായം.
നേരത്തേ ഒരു പോഡ്കാസ്റ്റിലൂടെ തന്റെ പിതാവിനെയും പരോക്ഷമായി മുത്തശ്ശിയേയും വിമർശിക്കുക വഴി ഹാരിയും കുടുംബവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷ തീരെ ഇല്ലാതെയായിരിക്കുകയാണ്. ആഡംബരങ്ങൾ നിറഞ്ഞ പരിസരത്തെ ഒറ്റപ്പെട്ട ജീവിതം എന്നായിരുന്നു ഹാരി തന്റെ ബാല്യകൗമാരങ്ങളെ വിശേഷിപ്പിച്ചത്. ഇതിന് വലിയൊരു കാരണം തന്റെ പിതാവ് തന്നെ വളർത്തിയ രീതി ആയിരുന്നു എന്നും അദ്ദേഹത്തിന് അത് പകര്ന്നു കിട്ടിയത് മാതാപിതാക്കളായ എലിസബത്ത് രാജ്ഞിയിൽ നിന്നും ഫിലിപ്പ് രാജകുമാരനിൽ നിന്നുമായിരുന്നു എന്നും ഹാരി പറഞ്ഞിരുന്നു.
അതേസമയം, രാജകുടുംബാംഗങ്ങളെ സാധാരണ മനുഷ്യരായി കണക്കാക്കമെങ്കിൽ ചാൾസ് രാജകുമാരൻ ഒരു സിംഗിൾ പാരന്റ് ആയിരുന്നു എന്നും ആ നിലയിൽ അദ്ദേഹം തന്റെ മക്കൾക്ക് വേണ്ടി കഴിയുന്നത്ര ചെയ്തിട്ടുണ്ട് എന്നുമാണ് ചാൾസിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഇത്രയും കഷ്ടപ്പെട്ട് വളർത്തിക്കൊണ്ടുവന്ന മകൻ പരസ്യമായി തള്ളിപ്പറയുമ്പോഴുള്ള ഒരു പിതാവിന്റെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കണം എന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്