ചില വിഷയങ്ങളെക്കുറിച്ച് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത് മുഴുവൻ ഒരു മാദ്ധ്യമ പ്രവർത്തകന് തന്റെ മാദ്ധ്യമത്തലൂടെ വ്യക്തമാക്കാൻ പറ്റിയെന്നു വരില്ല. പ്രത്യേകിച്ചും ചാനൽ ലേഖകർക്ക്. അവരതിന് വേണ്ടി തങ്ങളുടെ സോഷ്യൽ മീഡിയ ഇടം തന്നെ ഉപയോഗിക്കുന്നത് കാണാറുണ്ട്. മനോരമ ന്യൂസിലെ പ്രമോദ് രാമൻ ചാനൽ നിലപാടിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാര്യങ്ങൾ ഫേസ്‌ബുക്കിലൂടെ എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് മാതൃഭൂമിയുടെ ന്യൂസ് അവതാരകനായ ഹർഷൻ മൂന്നാർ സംഭവത്തെക്കുറിച്ച് എഴുതിയ പോസ്റ്റ്.

മൂന്നാറിൽ എന്ത് സംഭവിക്കും എന്ന് വ്യക്തമാക്കി കൊണ്ട് ഹർഷൻ എഴുതിയ പോസ്റ്റ് ഇതിനോടകം നൂറുകണക്കിന് ആളുകൾ ഷെയർ ചെയ്തു കഴിഞ്ഞു. കേരളത്തിലെ ഈ ദിവസങ്ങളിൽ ഏറ്റവും വലിയ ചർച്ചാ വിഷയമായ മൂന്നാർ സമരത്തെക്കുറിച്ച് മൂന്നാറിന് സമീപം പൂപ്പാറ നിവാസികൂടിയായ ഹർഷൻ എഴുതിയ പോസ്റ്റാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് - എഡിറ്റർ.

ക്ഷമയുള്ളവർക്ക് വേണ്ടി മാത്രം മൂന്നാറിൽനിന്നുള്ള റണ്ണിങ് കമന്ററിക്കപ്പുറം ചിലത്:

1. എന്തിനാണ് സമരം?

20 ശതമാനം ബോണസ്, ശമ്പളവർദ്ധനവ്, മെച്ചപ്പെട്ട ചികിത്സാസൗകര്യം, താമസസ്ഥലങ്ങളുടെ അറ്റകുറ്റപ്പണി ഇതൊക്കെയാണ് പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ തവണ 19.5% ബോണസ് കിട്ടിയസ്ഥാനത്ത് ഇത്തവണ കമ്പനി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് 10%. ശമ്പളവർദ്ധനയ്ക്കുവേണ്ടിയുള്ള ചർച്ചകൾ 7 മാസമായി മെല്ലെപ്പോക്കിലാണെന്നതും സമരകാരണമായി.

2. ആർക്കെതിരെയാണ് സമരം?

സാങ്കേതികമായി തൊഴിലാളികൾ ഓഹരിയുടമകളായ കണ്ണൻദേവൻ കമ്പനിക്കെതിരെ. കമ്പനിയോട് അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ പരാജയപ്പെട്ട യൂണിയനുകളുടെ സഹായം വേണ്ടെന്ന് പ്രഖ്യാപിച്ച് സ്ത്രീ തൊഴിലാളികൾ നടത്തുന്ന സമരം.

3. ഏതൊക്കെയാണ് യൂണിയനുകൾ?

മൂന്ന് അംഗികൃത തൊഴിലാളിസംഘടനകളാണ് ഉള്ളത്. മുൻ എംഎൽ എയും കെപിസിസി വൈസ് പ്രസിഡന്റുമായ എ കെ മണി നയിക്കുന്ന INTUC, മുൻ ഡെപ്യൂട്ടി സ്പീക്കർ സിഎ കുര്യൻ നയിക്കുന്ന AITUC, സിപിഎമ്മിന്റെ മുൻ ഏരിയാ സെക്രട്ടറി കെ വി ശശി നയിക്കുന്ന CITU. കുപ്പുസ്വാമി നയിച്ച INTUCയും കുര്യൻ നയിക്കുന്ന AITUCയും മാത്രമേ പതിറ്റാണ്ടുകളോളം ഉണ്ടായിരുന്നുള്ളു. ആറുവർഷം മുമ്പ് മാത്രം CITUവും അംഗീകാരം നേടി. ഇടുക്കി ജില്ലയിലെ വലിയ യൂണിയൻ ഇകഠഡ ആണെങ്കിലും കണ്ണൻദേവനിലെ ചെറിയ യൂണിയനാണ്.

4. എന്തുകൊണ്ട് തൊഴിലാളികൾ യൂണിയനുകൾക്കെതിരെ?

മ്പനി ഏകപക്ഷീയമായി പ്രഖ്യാപിച്ച ബോണസ് വാങ്ങരുതെന്ന് യൂണിയനുകൾ നിർദ്ദേശിച്ചു. 3 തവണ കമ്പനിയുമായി ചർച്ച നടത്തി, ജോയിന്റ് ലേബർ കമ്മീഷണർക്ക് പരാതിയും നൽകി പക്ഷേ വ്യവസ്ഥാപിതമായ രീതിയിൽ നീങ്ങിയ യൂണിയനുകൾക്ക് ഒരബദ്ധം പറ്റി.
'ബോണസ് തർക്കം കൊളുന്തെടുപ്പിൽ(വിളവെടുപ്പ്) പ്രതിഫലിക്കരുതെന്നും ഈ സമയം കൊളുന്തെടുപ്പ് കുറച്ചാൽ അത് അടുത്ത വർഷത്തെ ബോണസിനെ ബാധിക്കുമെന്നും' തനി ഉദ്യോഗസ്ഥശൈലിയിൽ ഒരു നോട്ടീസ് തൊഴിലാളികൾക്ക് നൽകി. കൊളുന്തെടുക്കുന്നത് സ്ത്രീ തൊഴിലാളികളാണല്ലോ അവർ പ്രകോപിതരായി. ചില യൂണിയൻ നേതാക്കൾ കമ്പനിആനുകൂല്യങ്ങൾ പറ്റുന്നതിനെക്കുറിച്ച് ധാരണയുള്ളതുകൊണ്ട് ഇത് ഒത്തുകളിയാണെന്ന് അവർ ധരിച്ചു.ഞങ്ങൾക്കിനി യൂണിയൻ വേണ്ടെന്ന് പ്രഖ്യാപിച്ചു.

5. എന്നാലും ഇത്ര പെട്ടന്ന് സംഘടിക്കുമോ?

87 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന ഒരു സാമ്രാജ്യമാണ് കണ്ണൻ ദേവൻ തോട്ടങ്ങൾ. പെട്ടന്ന് സംഘടിക്കാൻ പാടാണ്.പക്ഷേ ഏതാനും മാസം മുമ്പ് സൈലന്റ് വാലി മൂന്നാം ഡിവിഷനിൽ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് 60 ദിവസം നീണ്ടുനിന്ന ഒരു സമരം നടന്നു. തൊഴിലാളിസംഘടനകളെ ഒഴിവാക്കി നടന്ന ആ സമരം പരാജയപ്പെട്ടെങ്കിലും ആ സാധ്യത തിരിച്ചറിഞ്ഞ ചിലർ അവസരം മുതലാക്കുന്നുണ്ട്.

6. ആരൊക്കെ?

കുഴപ്പിക്കുന്ന ചോദ്യമാണ്, എങ്കിലും BMS, AIADMK, വിടുതലൈ ചിരുത്തൈകൾ, പുതിയ തമിഴകം ഇവരൊക്കെ സഹായവാഗ്ദാനം നടത്തി. പി ചിദംബരത്തിന്റെ മകൻ കാർത്തി, വൈ കോ, രാം ദാസ് തുടങ്ങിയ പേരുകളും അന്തരീക്ഷത്തിലുണ്ട്.അവർക്കൊന്നും സമരംചെയ്യുന്ന
സ്ത്രീ തൊഴിലാളികളുമായി ഒരു ബന്ധവുമില്ല. പക്ഷേ തിരുമാവളന്റെ ഫ്ളാ്‌സ് വച്ചും നോട്ടീസടിച്ചും വഷളാക്കുന്നുണ്ട്. പാവപ്പെട്ട സ്ത്രീ തൊഴിലാളികളോട് പക്ഷേ ഇവർക്ക് ഒരു ബാധ്യതയുമില്ല. സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ കുടുംബങ്ങളിലെ ആണുങ്ങളെയാണ്
ഇവർ മൂപ്പിക്കുന്നത്. പക്ഷേ പരാശക്തി സംഘം എന്ന ഭക്തസംഘം സ്ത്രീകൾക്കിടയിൽ സജീവമാണ്. അതുകൊണ്ട് സംഘടിക്കാൻ പ്രയാസമില്ല.

7. അപ്പോ അവരിൽ തീവ്രവാദികളുണ്ടോ?

ല്ലേയില്ല, പക്ഷേ ദാരിദ്ര്യവും രോഷവും സാമ്പത്തിക അസമത്വവും മുതലാക്കാൻ ശ്രമിക്കുന്നവരുണ്ട്.

8. ഈ തൊഴിലാളികളുടെ അവസ്ഥ എങ്ങനെ?

ബ്ബർഏലം തോട്ടം മേഖലയുമായി താരതമ്യം ചെയ്യുമ്പോ പരിതാപകരം, പലതാണ് കാരണങ്ങൾ.ജോലിഭാരം കൂടുതലും കുറഞ്ഞ കൂലിയും തന്നെ ഒന്നാമത്തെ പ്രശ്‌നം. പിന്നെ നാല് തലമുറമുമ്പ് തമിഴ്‌നാട്ടിൽനിന്ന് ജോടിക്ക് വിലപറഞ്ഞുകൊണ്ടുവന്ന അടിമകളുടെ പിന്മുറക്കാരല്ലേ? അവരുടെ ഊരും വേരും ഈ മണ്ണല്ലേ .? പക്ഷേ അവനിപ്പോഴും അമ്പതോ അറുപതോ കൊല്ലം മുമ്പ് കമ്പനി കൊടുത്ത ജീവിത സാഹചര്യങ്ങളാണുള്ളത്. ഒരു ജോടി രണ്ടും നാലുമൊക്കെയായി പെരുകി, പക്ഷേ രണ്ടുമുറിയിൽനിന്ന് വളരാൻ പലർക്കും പറ്റിയില്ല. മൂന്നാറിൽ ടൂറിസം വളർന്നതോടെ നമ്മുടെ പുത്തൻപണക്കാരും അങ്ങുകേറിയില്ലേ..? ഇല്ലാത്തവൻ തമിഴനും ഉള്ളവൻ മലയാളിയുമായി. ഏലത്തോട്ടം മേഖലയിൽ ഒന്നും രണ്ടും ഏക്കർ വിലയ്ക്ക് വാങ്ങിയും കുത്തകയ്‌ക്കെടുത്തും തമിഴൻ മലയാളിക്കൊപ്പം പിടിച്ചു. പക്ഷേ ലൈൻ വീടുകളിൽ കഴിഞ്ഞ തേയിലത്തോട്ടം തൊഴിലാളിക്ക് അവിടന്നു വളരാൻ പറ്റിയില്ല.രണ്ടോ മൂന്നോ സെന്റ് വാങ്ങി വീട് വയ്ക്കാം എന്നുവച്ചാൽ അതിന് നമ്മൾ ലക്ഷങ്ങൾ വിലയിട്ടുകഴിഞ്ഞു. മൂന്നു സെന്റ് വീതം തൊഴിലാളിക്ക് കൊടുക്കുമെന്ന വാഗ്ദാനം പല കാരണങ്ങൾകൊണ്ട നടപ്പായിട്ടില്ല. കഴിഞ്ഞ സർക്കാർ 3500 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. ശമ്പളവർദ്ധനയും ഉണ്ടായി.അതാണ് വി എസ്സിനോടുള്ള സ്‌നേഹം. ഈ മലകൾ മാത്രം പരിചയമുള്ള തൊഴിലാളികൾക്ക് ഇവിടെത്തന്നെ ജീവിക്കാൻ മണ്ണുവേണം.

9. ഈ സ്ത്രീകൾ മാത്രം സമരത്തിനിറങ്ങിയതെന്താ..?

ലയെന്ന് പറഞ്ഞാൽ പോരാത്ത പർവ്വതങ്ങൾ കയറി കൊളുന്തെടുക്കുന്നത് ഇവിടത്തെ പെണ്ണുങ്ങളാണ്. ടൗണിൽനിന്ന് കിലോമീറ്ററുകൾ അകലെ ഒറ്റപ്പെട്ട തോട്ടങ്ങളിൽ എപ്പോഴും കഴിയേണ്ടതും ഇവരാണ്. മിക്കവാറും കുടുംബങ്ങളുടെ നടത്തിപ്പുകാർ ഈ സ്ത്രീകളാണ്.
ലൈൻ വീട് നഷ്ടപ്പെടാതിരിക്കാൻ കുടുംബത്തിലെ ഒരു സ്ത്രീയെ കമ്പനി തൊഴിലാളി ആക്കുക എന്നതാണ് ഇപ്പോ രീതി. പുരുഷന്മാരിൽ പലരും ടാക്‌സി ഓട്ടോ ഡ്രൈവർമാരോ ഹോട്ടലുകളിൽ പണിയെടുക്കുന്നവരോ ടൗണിലെ മറ്റ് ജോലികൾ ചെയ്യുന്നവരോ ആണ്. ചൂഷണം നേരിട്ടനുഭവിക്കുന്നത് സ്ത്രീയാണ് എന്ന് ചുരുക്കം. യൂണിയൻ നേതാക്കളിൽ ഒരു സ്ത്രീ പോലുമില്ല.

10. പക്ഷേ സമരത്തിനുപിന്നിൽ തമിഴ് തീവ്രവാദികൾ ഉണ്ടെന്ന് പറഞ്ഞകൊണ്ടല്ലേ എസ് രാജേന്ദ്രനെ തടഞ്ഞത്.?

രാജേന്ദ്രൻ ചർച്ചയിൽ പങ്കെടുത്ത രണ്ട് ചാനലുകളിലും അങ്ങനെ പറഞ്ഞിട്ടില്ല, പറഞ്ഞു എന്ന കിംവദന്തി പ്രചരിപ്പിച്ചത് അന്വേഷിക്കേണ്ട സംഗതിയാണ്. പിന്നെ രാജേന്ദ്രൻ അവിടത്തെ യൂണിയൻ നേതാവല്ല. ജനപ്രതിനിധി എന്ന നിലയിൽ സമരം തുടങ്ങി 6 ദിവസമായി സമരരംഗത്ത്
വന്നില്ല എന്നതായിരുന്നു ആദ്യം പരാതി.അതുതന്നെയായിരുന്ന എംപിയിക്കെതിരെയും പരാതി. രാജേന്ദ്രന് തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പറ്റിയില്ല, ബിജിമോൾക്ക് പറ്റി, ജോയ്‌സിനും പറ്റി. തൊഴിലാളി ഒരു പ്രക്ഷോഭം സ്വയം തുടങ്ങിയാൽ അതിനൊപ്പം ചേരുക, അവർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പിന്നീട് തിരുത്തുക എന്നതാണ് തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുന്നവർ ചെയ്യേണ്ടത്.

11. എന്നാലും യൂണിയൻ നേതാക്കൾ തിന്നു കൊഴുത്തല്ലേ?

കൊഴുത്തവരുണ്ട്, മെലിഞ്ഞവരുമുണ്ട്. ഒരുകാര്യം പറയാം, തൊഴിലാളികളെ ഏലത്തട്ട വെട്ടി അടിക്കുന്ന കങ്കാണിമാരെ 38 വയസ്സ് മാത്രം പ്രായമുള്ള എനിക്ക് ഓർമ്മയുണ്ട്. ആ കങ്കാണിമാരെയും തോട്ടമുടമകളെയും 1,2,3 എന്നെണ്ണി തിരിച്ചടിച്ചത് തൊഴിലാളിസംഘടനകളാണ്.
കെ കെ ജയചന്ദ്രന്റെ നെറ്റിയിലെ മുറിപ്പാട് ആ കാലത്തിന്റെ അടയാളമാണ്.പക്ഷേ അവകാശങ്ങൾ ബോണസിലും ഗ്രാറ്റുവിറ്റിയിലും ഒതുങ്ങുന്നു എന്ന് ധരിച്ച രണ്ടാംനിര നേതൃത്വം തേയിലത്തോട്ടങ്ങളിൽ കേവലം യൂണിയൻ ഉദ്യോഗസ്ഥരായിപ്പോയി. INTUC ഏതാണ്ട് മാനേജ്‌മെന്റുകളുടെ ഭാഗമായെങ്കിൽ AITUC കുര്യന്റെ കയ്യിൽ ഒതുങ്ങി. കണ്ണൻദേവനിലെ മിക്കവാറും തൊഴിലാളിനേതാക്കൾ ഒപ്പിച്ചെടുത്തത് ഒഴിഞ്ഞുകിടന്ന സ്റ്റാഫ് ക്വാർട്ടേഴ്‌സുകളാണ്. പിന്നെ മിക്കവാറും നേതാക്കൾ വളർന്നുവന്നതും എംഎൽഎ മാരായതും ലൈൻ വീടുകളിൽനിന്ന് തന്നെയാണ്. സമ്പാദ്യത്തിന്റെ കണക്കെടുത്താൽ തീരും അവിടെ പലരുടേം യൂണിയൻ പ്രവർത്തനം.ബാക്കിയുള്ള വരെ തള്ളിപ്പറയാൻ പറ്റില്ല.

12. സമരം എങ്ങനെ സിപിഎമ്മിനെതിരായി?

വിടെ ചെന്നവരോടല്ലേ പ്രതിഷേധിക്കാൻ പറ്റൂ ? ഏറ്റവും വലിയ സംഘടനയുടെ നേതാവ് എകെ മണി എവിടെ, രണ്ടാമത്തെ വലിയ നേതാവ് കുര്യനെവിടെ? വന്നുനോക്കട്ടെ, അപ്പോ കാണാം പ്രതിഷേധം. ആകെ അവിടെ ചെന്നത് സിപിഐ(എം) നേതാക്കളും ബിജിമോളും മാത്രമാണ്,
തേയിലക്കൊട്ടയുമായി പൊതുവേദിയിലെത്തിയിട്ടുള്ള ബിജിമോളെ സ്വത്വബോധത്തോടെ അവർ തിരിച്ചറിഞ്ഞു.മലയാളവും പറഞ്ഞുചെന്ന മറ്റുനേതാക്കൾ പറഞ്ഞതൊന്നും അവർക്ക് മനസ്സിലായില്ല.പിന്നെ അവിടെയിരിക്കുന്നവരിൽ 40 ശതമാനം AITUCക്കും 40ശതമാനം INTUCക്കും 20 ശതമാനം CITUവിനും വോട്ടുചെയ്തവരാണെന്ന CITUനിലപാട് തള്ളിക്കളയേണ്ടതല്ല. ക്യാമറകൾക്ക് വിരുന്നാവാൻ തൽക്കാലം സിപിഐ(എം) നേതാക്കളെ അവിടെ ചെന്നുള്ളൂ. അതവരുടെ സമയദോഷമെന്നോ മുതലെടുപ്പെന്നോ രാഷ്ട്രീയബുദ്ധിയെന്നോ യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കാം. പിന്നെ ഈ കാണുന്ന ഓരോ പൊട്ടിത്തെറികളിലൂടെയും ഒരനുകൂല സാഹചര്യമൊരുങ്ങും. അപ്പോഴും ചിലരെത്തും. അവരെ സാഹചര്യം മുതലാക്കുന്നവർ എന്ന് വിളിക്കാം. അല്ല..ഈ ബിന്ദു കൃഷ്ണയേം ലതികാ സുഭാഷിനേം സമരക്കാർ ഓടിച്ചത് സിപിഎമ്മിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണോ? കൂർക്കയും ആട്ടിൻകാട്ടവും തിരിയാതെ അവിടെ ചെന്ന ആർഎംപി നേതാക്കളെ ഓടിച്ചതെന്തിനാ..?
രാജീവ് ഗാന്ധിക്കും വി എസ്സിനും ആന്റണിക്കുമിപ്പുറം ഏതെങ്കിലും വലിയനേതാവിന്റെ പേരുപോലും പിടിയില്ലാത്തവരാണ് ആ പാവങ്ങൾ.
ആൾക്കൂട്ടത്തിന്റെ മുന്നിൽ കേറിനിന്ന് ആളാവല്ലേ..?

13. അപ്പോ ഈ കണ്ണൻദേവൻ കമ്പനി എങ്ങനെ..?

കേരളത്തിലെ ഏറ്റവും നല്ല തേയിലതോട്ടം കമ്പനി. കൃത്യമായി ശമ്പളവും ബോണസും കൊടുക്കും. തിരുവനന്തപുരത്തെ പൊന്മുടീം ബോണക്കാടും കൊല്ലത്തെ അമ്പനാടും റോസ് മലേം പീരുമേട്ടിലെ പീരുമേട് ടീ കമ്പനീം ആർബീടീം ടി ആർ ആൻഡ് ടീം എംഎംജേം ഒക്കെ പൂട്ടിപ്പോയപ്പോ പിടിച്ചുനിന്ന കമ്പനി. ഹാരിസൺ ചെയ്തപോലെ മുറിച്ചുവിറ്റിട്ടല്ല. ടാറ്റയുടെ ഉടമസ്ഥതയും പങ്കാളിത്തവും തന്നെയാണ് അതിന് കാരണം. തുറന്നിരിക്കുന്ന മറ്റ് തോട്ടങ്ങളിൽ ആശുപത്രി ,കാന്റീൻ സൗകര്യങ്ങൾ ഇല്ലാതായി. അതിപ്പോഴും പ്രവർത്തിക്കുന്നത് കണ്ണൻ ദേവനിലാ.
മൂന്നാറിൽ അരിക്ക് എല്ലാ കാലത്തും കൂടിയ വിലയാ. അപ്പോ ആന്ധ്രയിൽനിന്ന് നേരിട്ട് കമ്പനി അരി ഇറക്കുമതിചെയ്ത് തൊഴിലാളികൾക്ക് കൊടുത്തു. അതോടെ കച്ചവടക്കാർ കമ്പനിയുടെ ശത്രുപക്ഷത്തായി. മറ്റ് പലവ്യഞ്ജനങ്ങൾ സഹായവിലയ്ക്ക് തൊഴിലാളികൾക്ക് കിട്ടാൻ
ഗുഡ്‌റേൽ ഡിവിഷനിൽ ഒരു കട കമ്പനി തുറന്നു. അപ്പോഴും കമ്പനിക്ക് പ്രാദേശികമായി ശത്രുക്കളുണ്ടായി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് കൃത്യമായി നടക്കും. ആ മേഖലയിൽ വേട്ടയാടൽ കമ്പനിതന്നെ നിരോധിച്ചിട്ടുണ്ട്. വേസ്റ്റ് മാനേജ്‌മെന്റിൽ കണ്ണൻദേവൻ മാതൃകയാണ്. മൂന്നാറിനെ വെടക്കാക്കുന്നത് അവിടത്തെ റിസോർട്ട് മാഫിയയാണ്. അതിന്റെ പഴി മിക്കവാറും കമ്പനിക്ക് കിട്ടുന്നുമുണ്ട്. തൊഴിലാളികെുടെ പങ്കാളിത്തത്തിനുള്ള എക്കണോമിക് ടൈസിന്റെ അവാർഡ് ഇത്തവണ കിട്ടി. കമ്പനി നടത്തുന്ന ഹൈറേഞ്ച് സ്‌കൂൾ ഉന്നതനിലവാരമുള്ളതാ. 50 ശതമാനം സീറ്റ് തൊഴിലാളികളുടെ മക്കൾക്ക് നീക്കിവയ്ക്കും. തൊഴിലാളികുടുംബങ്ങളിൽനിന്ന് വരുന്നവരെത്തന്നെ മാനേജർമാരാക്കുന്നതാണ് മറ്റൊരു കാര്യം.

സംശയമുള്ളവർ ഗുണ്ടുമലയിലെ മാനേജർ ജീവൻ രാജിനോടോ പെരിയകനാലിലെ മാനേജർ സ്റ്റീഫനോടോ പോയി ചോദിക്കണം. അല്ലെങ്കിൽ അരുവിക്കാട്ടിലെ സേവിനോടോ എ ആൻഡ് എല്ലിലെ തങ്കവേലിനോടോ മെറ്റീരിയൽസിലെ ജോൺ പെരേരയോടോ ചോദിക്കണം.
ഓഫീസ് സ്റ്റാഫിലും 60 ശതമാനം തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ളവരാണിപ്പോ.

14. അപ്പോ കമ്പനിക്കൊരു വീഴ്ചയും പറ്റിയിട്ടില്ലേ?

ണ്ട്. മിച്ചഭൂമി തൊഴിലാളിക്ക് കൊടുക്കണം. വർഷാവർഷം കൊടുക്കുന്നത് ബോണസാണോ ഡിവിഡന്റാണോ എന്ന് വ്യക്തമാക്കണം. അത് കൃത്യമായി കൊടുക്കണം. കമ്പനി തൊഴിലാളികളോട് കാലത്തിനനുസരിച്ച് അടുക്കണം. മാനേജർ ദൊരൈ ആയിരുന്ന കാലം പോയെന്ന് തിരിച്ചറിയണം. തൊഴിലാളിക്ക് ഓഹരി ഉടമയുടെ പരിഗണന നൽകണം. ഓഹരി ഉടമകളുടെ ലൈൻസ് നന്നാക്കേണ്ടത് കമ്പനിയുടെ ചുമതലയാണ്. ലോക്കൗട്ട് ചെയ്യും എന്നുള്ള ഭീഷണി നിർത്തണം.

15. അപ്പോ കമ്പനീം തൊഴിലാളികളും യൂണിയൻ നേതാക്കളും കൊള്ളാം എന്നാണോ..?

സംശയമെന്നാ, അവിടത്തെ സാമ്പത്തിക അസമത്വത്തിനും കമ്പനിക്കെതിരായ പ്രാദേശിക എതിർപ്പിനും ഒക്കെ കാരണം ചെന്നു കേറിയ റിസോർട്ട് കാരും പുതിയ തമിഴകം പോലുള്ള വിദ്വേഷപ്രചാരകരുമൊക്കെയാ. അവിടുള്ളതൊക്കെ പച്ചപ്പാവങ്ങളാ. ഒന്നു ചെന്നു കെട്ടിപ്പിടിച്ചാ പൊട്ടിക്കരയും, കണക്കറ്റ് സ്‌നേഹിക്കും, അവരെ നിങ്ങളൊക്കെക്കൂടെ പിന്നേം പറ്റിക്കും.

16. ഇതൊക്കെ പറയാൻ താൻ ആരുവാ..കമ്പനീടെ ആളോ യൂണിയന്റെ ആളോ?

ടുക്കിയിലെ മറ്റു തോട്ടങ്ങൾ ലോക്കൗട്ടിലും മറ്റ് പ്രതിസന്ധിയിലുമായപ്പോ ജീവിതം ദുരിതത്തിലായ 30 പേരെങ്കിലുമുള്ള ഒരുകുടുംബത്തിലെ അംഗം. ജീവിതം വഴിമുട്ടിയ നിരവധിപേരുടെ സഹപാഠി, ടാറ്റ പൂട്ടിയാൽ ജീവിതം വഴിമുട്ടുന്ന പലശതം പേരുടെ സുഹൃത്ത്,സഹപ്രവർത്തകൻ. കൂട്ടംകൂടിനിന്ന് കുരവയിടുന്നവർ ആവേശം തീരുമ്പോ അങ്ങുപോകും, അതുകഴിഞ്ഞ് ആരുണ്ടാകും തൊഴിലാളികൾക്ക് എന്നുനോക്കാം.
വേളാങ്കണ്ണി മരിച്ചപ്പോ ആവേശക്കമ്മറ്റിയായി നിങ്ങളൊക്കെയുണ്ടായിരുന്നല്ലോ..? പിന്നെ നിങ്ങളൊക്കെ എവിടെപ്പോയാരുന്നു ...ഏതു വേളാങ്കണ്ണി..? എന്തു പീരുമേട്..? അല്ലേ....?