- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഭവ ബഹളമായ രണ്ടര വർഷത്തെ ട്വന്റി ഫോർ ന്യൂസ് ജീവിതം അവസാനിപ്പിച്ചു! ഇനി ലക്ഷ്യം ഉടുമ്പൻചോലയിലെ സീറ്റ്; എംഎം മണിക്ക് പകരം സീറ്റ് നിലനിർത്താൻ മാധ്യമ പ്രവർത്തകൻ എത്തുമോ? ശ്രീകണ്ഠൻ നായരുടെ ചാനലിൽ നിന്ന് ഹർഷൻ പൂപ്പാറക്കാരൻ രാജിവയ്ക്കുന്നത് സിപിഎം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചെന്ന് സൂചന; ചാനൽ അവതാരകന്റെ രാഷ്ട്രീയം വീണ്ടും ചർച്ചകളിൽ
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിൽ കൃത്യമായ പിണറായി പക്ഷ നിലപാട് പറയുന്ന വ്യക്തിയാണ് ഹർഷൻ. ഹർഷൻ പൂപ്പാറക്കാരൻ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുമുഖങ്ങളിൽ ഒന്ന് കൂടിയാണ് ഹർഷൻ. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും വാർത്താ അവതാരകനും ആയ ടിഎം ഹർഷൻ 24 ന്യൂസിൽ നിന്ന് രാജിവയ്ക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ച്. ഉടുമ്പൻചോലയിൽ ഹർഷൻ സിപിഎം സ്ഥാനാർത്ഥിയാകും.
സംഭവ ബഹളമായ രണ്ടര വർഷത്തെ ട്വന്റി ഫോൺ ന്യൂസ് ജീവിതം അവസാനിപ്പിച്ചുവെന്നാണ് ഹർഷന്റെ പോസ്റ്റ്. ചാനലുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ലെന്ന സൂചനകൾ ഈ വാക്കുകളിൽ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. പലപ്പോഴും മറ്റൊരു ചാനലിലേക്ക് മാറുന്നതാണ് ഹർഷന്റെ ജോലിമാറ്റ ശൈലി. ഇവിടെ അതുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം ചർച്ചയാകുന്നതും. ട്വന്റി ഫോറിലെ അതൃപ്തിക്കൊപ്പം സിപിഎം സ്ഥാനാർത്ഥിത്വവും ഹർഷനെ സ്വാധീനിച്ച ഘടകമാണെന്ന വിലയിരുത്തൽ സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള മാധ്യമ പ്രവർത്തകനാണ് ഹർഷൻ.
24 ന്യൂസിൽ ചില അവഗണനയും ഹർഷൻ നേരിട്ടതായി റിപ്പോർട്ടുണ്ട്. എഡിറ്റോറിയൽ അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. 24 ന്യൂസിന്റെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു ഹർഷൻ. എന്നാൽ അതിന് അപ്പുറത്തേക്കുള്ള തെരഞ്ഞെടുപ്പ് മോഹങ്ങളും ഹർഷനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകരായ എംവി നികേഷ് കുമാറിനും വീണാ ജോർജിനും സിപിഎം സീറ്റ് നൽകി. ഇതിൽ ആറന്മുളയിൽ വീണ ജയിച്ചു. അഴിക്കോട് നികേഷ് തോൽക്കുകയും ചെയ്തു. ഇത്തവണ ഹർഷന് ഉടുമ്പൻചോല നൽകാനാണ് നീക്കം.
24 ന്യൂസ് ചാനലിൽ നിന്ന് രാജി വച്ചെങ്കിലും മാധ്യമ പ്രവർത്തന മേഖലയിൽ തുടരുമെന്ന് ഹർഷൻ പറയുന്നു. തത്കാലം ടെലിവിഷൻ മാധ്യമ പ്രവർത്തനത്തിൽ തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ പിന്നീട് വിശദീകരിക്കാം എന്നാണ് നിലപാട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ടിഎം ഹർഷൻ. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ എന്നിവടങ്ങളിൽ ജോലി ചെയ്തതിന് ശേഷം ആയിരുന്നു അദ്ദേഹം 24 ന്യൂസിൽ എത്തുന്നത്. കേരളത്തിലെ മികച്ച വാർത്താ അവതാരകരിൽ ഒരാൾ എന്ന് പേരെടുത്ത മാധ്യമ പ്രവർത്തകനാണ് ടിഎം ഹർഷൻ. എന്നാൽ എപ്പോഴും ഇടതു നിലപാടുകളിൽ ഉറച്ചു നിന്നു.
24 ന്യൂസിന്റെ പ്രധാന മുഖമാകുമെന്ന പ്രതീക്ഷയിലാണ് അവിടേക്ക് ഹർഷൻ എത്തിയത്. എന്നാൽ കാര്യങ്ങൾ എത്ര സുഗമമായിരുന്നില്ല. അവിടെ പൂർണ്ണ നിയന്ത്രണം ശ്രീകണ്ഠൻ നായർക്കായിരുന്നു. ചാനലിന്റെ മുഖമായി അരുണും മാറി. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തതെന്നും സൂചനയുണ്ട്. എന്നാൽ ഇതിലുപരി തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ മത്സരിക്കാൻ ഹർഷന് കഴിയും എന്ന വിലയിരുത്തലുകൾ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് രാജി.
വൈദ്യുത മന്ത്രി എംഎം മണിയാണ് ഉടുമ്പൻചോലയുടെ എംഎൽഎ. അസുഖങ്ങൾ അലട്ടുന്ന മണി വീണ്ടും മത്സരിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹർഷനെ സിപിഎം പരിഗണിക്കുന്ത്. 2018 ജൂലായിൽ ആയിരുന്നു ഹർഷൻ മീഡിയ വണിൽ നിന്ന് രാജിവയ്ക്കുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തെ തുടർന്ന് മീഡിയ വൺ സ്വീകരിച്ച നിലപാടുകൾ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഹർഷൻ മീഡിയ വൺ വിടാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണെന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത. ഇത്തരം നിലപാടുകളെല്ലാം ഇടതുപക്ഷത്തേക്ക് ഹർഷനെ കൂടുതൽ അടുപ്പിക്കുന്നു.
മാതൃഭൂമി ന്യൂസിൽ നിന്ന് ഹർഷൻ രാജിവച്ചപ്പോഴും അത് മാധ്യമ ലോകത്ത് വലിയ വാർത്തയായിരുന്നു. 2017 മാർച്ചിൽ ആയിരുന്നു അത്. മാതൃഭൂമി ചാനൽ സംഘപരിവാർ സ്വാധീനത്തിൽ പെടുന്നു എന്ന് കടുത്ത ആക്ഷേപമുയർന്ന ഒരു കാലം കൂടിയായിരുന്നു അത്. ഈ കാരണത്താലാണ് മാതൃഭൂമിയിൽ നിന്ന് ഹർഷൻ വിട്ടതെന്നായിരുന്നു അന്നു വന്ന വാർത്തകൾ. എന്നാൽ വിവാദങ്ങളോട് പരസ്യമായ പ്രതികരണത്തിന് ഹർഷൻ ഒരിക്കലും തയ്യാറായിട്ടില്ല. ട്വന്റി ഫോർ ന്യൂസിൽ നിന്ന് രാജിവച്ചെങ്കിലും മാധ്യമ പ്രവർത്തനം തുടരും എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ തത്കാലം ടെലിവിഷൻ മാധ്യമ പ്രവർത്തനത്തിലേക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജി സംബന്ധിച്ച കാര്യങ്ങൾ പിന്നീട് വിശദമാക്കുമെന്നും ഹർഷൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ