അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നുള്ള പത്താം ക്ലാസുകാരനായ ഹർഷൻ മറ്റു കുട്ടികളേ പോലെയല്ല. യുദ്ധഭൂമിയിൽ സൈന്യത്തിന് കുഴിബോംബുകൾ കണ്ടെത്താനുള്ള ആളില്ലാ വിമാനം (ഡ്രോൺ) നിർമ്മിച്ച് നൽകാൻ സർക്കാരുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് ഈ പതിനാലുകാരൻ. കൂട്ടുകാർ പത്താംക്ലാസ് പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ ഹർഷൻ സർക്കാരുമായി അഞ്ചുകോടി രൂപയുടെ വ്യവസായ കരാർ ഒപ്പിടുന്ന തിരക്കിലായിരുന്നു.

ഡ്രോൺ നിർമ്മിച്ചു നൽകാനായി ഹർഷവർധൻ ഷാല ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ദേശീയ മാദ്ധ്യമങ്ങളിൽ. ഡ്രോൺ രൂപകൽപന ചെയ്തതും ഹർഷൻ തന്നെയാണ്.

ചെറുപ്പത്തിലേ ഇത്തരം കാര്യങ്ങളിലുണ്ടായിരുന്ന താൽപര്യം കുടുംബവും അദ്ധ്യാപകരുമെല്ലാം പിന്തുണച്ചതോടെ അത് വലിയൊരു പദ്ധതിയായി മാറി. ഇപ്പോൾ സ്വന്തമായി ഒരു കമ്പനി തന്നെ സ്ഥാപിച്ച് ആളില്ലാ വിമാനം നിർമ്മിച്ചുനൽകാൻ കരാർ ഒപ്പിടുകയായിരുന്നു ഈ കൊച്ചുപയ്യൻ. കുഴിബോംബ് പൊട്ടിയും അതു നിർവീര്യമാക്കാൻ ശ്രമിക്കുമ്പോഴും നിരവധി സൈനികർ കൊല്ലപ്പെടുന്നതായുള്ള വാർത്തകളാണ് പുതിയ കണ്ടുപിടിത്തത്തിന് ഹർഷവർധനെ പ്രേരിപ്പിച്ചത്.

ഡ്രോണിന്റെ അഞ്ചു മാതൃകകൾ സൃഷ്ടിക്കാൻ ചെലവാക്കിയതാകട്ടെ വെറും അഞ്ചുലക്ഷം രൂപ മാത്രം. രണ്ടുലക്ഷം രൂപ മാതാപിതാക്കൾ നൽകി. ബാക്കി സർക്കാരും. അമേരിക്കയിലെ ഗൂഗിളിന്റെ പ്രധാന ഓഫിസ് സന്ദർശിക്കാൻ അവസരം കിട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഈ മിടുക്കൻ പറയുന്നു.

ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളുമായി കരാറിലേർപ്പെടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഇതിനായി 'ഏറോബോട്ടിക്' എന്ന കമ്പനിയും സ്ഥാപിച്ചുകഴിഞ്ഞെന്നും ഹർഷൻ പറയുന്നു.