- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതീ പ്രവേശത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിലെ അക്രമങ്ങളിൽ 1.45 കോടിയുടെ നഷ്ടം; കർമ്മസമിതി നേതാക്കളായ സെൻകുമാറും കെ എസ് രാധാകൃഷ്ണനും പ്രതികളായത് 25 കേസുകളിൽ; തുടർ നടപടികൾ തടയണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിക്ക് മുന്നിൽ
കൊച്ചി: ശബരിമല കർമസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടു മുൻ ഡിജിപി ടി. പി. സെൻകുമാറും കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. കെ. എസ്. രാധാകൃഷ്ണനും ഹൈക്കോടതിയിൽ ഹർജി നൽകി.
ശബരിമല കർമസമിതി 2019 ജനുവരി രണ്ടിനും ജനുവരി മൂന്നിനും ആഹ്വാനം ചെയ്ത ഹർത്താലിനോട് അനുബന്ധിച്ച് ഇപ്പോൾ 25 കേസുകളിലാണു പ്രതി ചേർത്തിരിക്കുന്നതെന്നു ഹർജിക്കാർ വ്യക്തമാക്കി. തെളിവോ, വസ്തുതകളോയില്ലാതെ രാഷ്ട്രീയാധികാരം ദുർവിനിയോഗം ചെയ്തു നൽകിയ കേസുകളാണിത്. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ടും സപ്ലിമെന്ററി റിപ്പോർട്ടും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അതേസമയം കർമ്മസമിതി പിന്തുണച്ച ഹർത്താലിൽ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായെന്നുമായിരുന്നു റിപ്പോർട്ട്. മിന്നൽ ഹർത്താൽ വിലക്കിയ ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ ജനുവരി മൂന്നിന് നടത്തിയ ഹർത്താൽ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയത്.
ജനുവരി രണ്ടിനും മൂന്നിനും ഉണ്ടായ അക്രമസംഭവങ്ങൾ 1320 പേരെ അറസ്റ്റു ചെയ്തിരുന്നു. മുൻകരുതൽ കസ്റ്റഡി എന്നനിലയിൽ 843 പേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. വിവിധയിടങ്ങളിൽ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേർക്കെതിരെ കേസെടുത്തു. വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ കൂടുതൽ വിശദമായ കണക്കുകൾ പിന്നീട് ഹാജരാക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലാണ് ഹർത്താൽ അക്രമങ്ങളിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തിൽ നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരുക്ക് പറ്റിയിരുന്നു. 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി. ഹർത്താലുകളുമായി ബന്ധപ്പെട്ട് പ്രാഥമിക നഷ്ടം കണക്കാക്കിയതിൽ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും നഷ്ടമുണ്ട്.
കെ.എസ്.ആർ.ടിസിക്ക് മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ശബരിമല കർമസമിതി ഭാരവാഹികളായ ടി.പി.സെൻകുമാർ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്നാണ് നിർദ്ദേശം.
മറുനാടന് ഡെസ്ക്