മലപ്പുറം: ഒറ്റ ഹർത്താൽകൊണ്ട് വാട്‌സ് ആപ്പ് 'മാന്യനായി. വാട്സാപ്പിലെ അനാവശ്യ സന്ദേശങ്ങളും വീഡിയോകളും ഓർമ്മയിലേക്ക് മാറുകയാണ്. സന്ദേശങ്ങളുടെ വരവ് ഏറെ കുറഞ്ഞു. അനാവശ്യ വീഡിയോകൾ കാണാതായി. ഇതെല്ലാം വാട്‌സ് ആപ്പിലൂടെ ഹർത്താൽ ആഹ്വാനത്തിന് ശേഷം വന്ന മാറ്റമാണ്. ഈ ഹർത്താൽ അക്രമങ്ങളുണ്ടാക്കി. ഏതാണ്ട് 5000ത്തോളം പേർക്കെതിരെ കേസു വന്നു. ഇതിൽ പലരും അകത്തായി. ഇതോടെയാണ് സന്ദേശങ്ങളിൽ കരുതലെത്തിയത്.

ഗ്രൂപ്പിൽ ആരെങ്കിലും ഇട്ട സന്ദേശങ്ങൾക്ക് അഡ്‌മിൻകൂടി ഉത്തരവാദിയാകുമെന്ന് പല അഡ്‌മിന്മാരും അറിഞ്ഞതുതന്നെ ഹർത്താൽ വിവാദത്തിന് ശേഷമാണ്. മലപ്പുറം ജില്ലാ ഇറിഗേഷൻ വിഭാഗത്തിൽനിന്ന് വിരമിച്ച യു. ഉണ്ണികൃഷ്ണൻ ആറു വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്‌മിനാണ്. കേരളോത്സവം, റവല്യൂഷണറി, സഖാക്കൾ, ചങ്ങാതിക്കൂട്ടം, ക്ലാപ്പ്, വള്ളുവനാട് ചങ്ങാതികൾ തുടങ്ങിയവ. ഹർത്താലിനുശേഷം ഗ്രൂപ്പുകളിൽ മത-രാഷ്ട്രീയ സന്ദേശങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

കോഴിക്കോട്ട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാരൻ ഒരു അഡ്‌മിനെ വിളിച്ച സന്ദേശം ഗ്രൂപ്പിലിട്ടിരുന്നു. ഇതിനുശേഷം അംഗങ്ങളോട് മതസ്?പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടരുതെന്നും പൊതുഗ്രൂപ്പുകളിൽ രാഷ്ട്രീയം പോസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശം നൽകി. മുൻപ് കുട്ടിയെ കാണാതായി തുടങ്ങിയ മെസേജുകൾ സ്ഥിരമായി വരാറുണ്ടായിരുന്നു. അതും കുറഞ്ഞു. ഇതിൽ പലതും കള്ള പോസ്റ്റുകളായിരുന്നു.

ഇന്ന് ആരെങ്കിലും അനാവശ്യ സന്ദേശമയച്ചാൽ അഡ്‌മിന്മാർ വിലക്കും. അല്ലെങ്കിൽ അവരെ പുറത്താക്കും. ഗ്രൂപ്പിന് നിയമങ്ങൾ വന്നു. അങ്ങനെ ഹർത്താൽ വാട്‌സ് ആപ്പിൽ ശുദ്ധിയെത്തി.