ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥവത്താകുന്നതെന്ന് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പൊലീത്താ അഭിപ്രായപ്പെട്ടു .

സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തുംബൈ ഗ്രൂപ്പ് ഫൗണ്ടർ പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീൻ ഉത്ഘാടനം നിർവ്വഹിച്ചു.വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം അധ്യക്ഷത വഹിച്ചു.

ദുബായ് എക്കണോമിക് കൗൺസിൽ അംഗം അബ്ദുള്ള അൽ സുവൈദി, ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സഹ വികാരി ഫാ. സജു തോമസ്, മലയാള മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു, ഷാർജ സെന്റ് ഗ്രിഗോറിയോസ് ഇടവക സഹ വികാരി ഫാ. ജോജി കുര്യൻ, ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. ജേക്കബ് ജോർജ്,സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോജോ ജേക്കബ് മാത്യു, പി.ജി.മാത്യു, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി സാബു വർഗീസ്, ജോയിന്റ് ട്രസ്റ്റീ ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള , ജൂബിലി കൺവീനർമാരായ പി. കെ. ചാക്കോ , ജോസ് ജോൺ, കൊയ്ത്തുത്സവം ജനറൽ കൺവീനർ ജീൻ ജോഷ്വ എന്നിവർ പ്രസംഗിച്ചു.

ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസണെ ചടങ്ങിൽ ആദരിച്ചു.നേരത്തെ വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തിൽ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചു.തുടർന്ന് സൺഡേ സ്‌കൂൾ കുട്ടികളുടെ കലാപരിപാടികൾ , പിന്നണി ഗായകരായ നജീം അർഷാദ്, പ്രീതി വാര്യർ എന്നിവരുടെ ഗാനമേള, ഉല്ലാസ് പന്തളം നേതൃത്വം നൽകിയ ചിരിയരങ്ങു എന്നിവ അരങ്ങേറി.

ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, ഗൃഹാതുരത്വമുണർത്തുന്ന മാടക്കട , കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളായിരുന്നു.