ന്യൂയോർക്ക്: ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ ലൈംഗിക ആരോപണങ്ങളുടെ പ്രളയമാണ് ഒന്നിനു പിറകേ മറ്റൊന്നായി എത്തുന്നത്. ഇപ്പോഴിതാ പീഡന ആരോപണഴുമായി മറ്റൊരു നായിക കൂടി രംഗത്തെത്തിയിരിക്കുന്നു. പ്രശസ്തമയാ ഫ്രിദ എന്ന സിനിമയിലെ നായികയായ മെക്‌സിക്കൻ വംശജയായ നടി ഹോളിവുഡ് താരം സൽമ ഹയെക്കാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വെയ്ൻസ്റ്റീൻ നിർമ്മിച്ച ഹിറ്റ് ചിത്രം ഫ്രിദയിലെ നായികയായിരുന്നു സൽമ.

വെയ്ൻസ്റ്റീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ സൽമ ആരോപിച്ചു. ചെകുത്താൻ എന്നാണ് സൽമ വെയ്ൻസ്റ്റീനെ വിശേഷിപ്പിച്ചത്. തിരുമ്മിനും കുളിക്കും സെക്സിനും വിസമ്മതിച്ചതാണ് വെയ്ൻസ്റ്റീന് തന്നോട് വിദ്വേഷമുണ്ടാവാൻ കാരണമെന്ന് സൽമ ആരോപിച്ചു. ഇല്ല എന്ന വാക്കിനെയാണ് വെയ്ൻസ്റ്റീൻ ഏറ്റവും കൂടുതൽ വെറുക്കുന്നതെന്നും സൽമ പറഞ്ഞു. മറ്റ് സ്ത്രീകൾ തങ്ങളുടെ അനുഭവം പങ്കിട്ടതാണ് തനിക്കും ഇക്കാര്യങ്ങളൊക്കെ തുറന്നു പറയാൻ പ്രചോദനമായതെന്നും സൽമ പറഞ്ഞു.

2002ൽ മെക്സിക്കൻ ചിത്രകാരി ഫ്രിദ കാലോയുടെ കഥ പറഞ്ഞ ഫ്രിദ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു വെയ്ൻസ്റ്റീന്റെ അതിക്രമമെന്ന് സൽമ പറഞ്ഞു. വെയ്ൻസ്റ്റീനും അയാളുടെ മിരാമാക്സ് എന്ന കമ്പനിക്കൊപ്പവും പ്രവർത്തിക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അധികം വൈകാതെ തന്നെ വെയ്ൻസ്റ്റീന്റെ മട്ടുമാറി. പലതരം ലൈംഗികാവശ്യങ്ങളും ഉന്നയിച്ചു തുടങ്ങി. ഇതിന് വഴങ്ങാതായതോടെ അയാളുടെ തനിനിറം പുറത്തുവന്നു. ഭീഷണിയും പകപോക്കലുമായി.

ആഷ്ലി ജൂഡ് എന്ന നടിയുമായി പൂർണ നഗ്‌നയായി ഒരു സെക്സ് സീനിൽ അഭിനയിക്കാൻ നിർബന്ധിച്ചു. ഇല്ലെങ്കിൽ കൊന്നുകളയുമെന്നും ഫ്രിദയുടെ ചിത്രീകരണം നിർത്തി വയ്ക്കുമെന്നുമൊക്കെയായിരുന്നു ഭീഷണി. നിർബന്ധത്തിന് വഴങ്ങിയാണ് ആ സീൻ ചെയ്യേണ്ടിവന്നത്. അതോടെ ആകെ തകർന്നുപോയി. കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീക്കൊപ്പം നഗ്‌നയായി നിൽക്കേണ്ടിവന്നതിലല്ല, അത് ഹാർവി വെയ്ൻസ്റ്റീനു വേണ്ടിയാണെന്ന് എന്നറിയുന്നതുകൊണ്ടായിരുന്നു ഞാൻ തകർന്നുപോയത്. സൽമ ലേഖനത്തിൽ പറഞ്ഞു.