ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിൾ ഇപ്പോഴും അമേരിക്കൻ പൗരത്വമുള്ളയാളായതിനാൽ അവർക്ക് മേൽ നികുതി ചുമത്തുന്ന നടപടി അമേരിക്ക തുടരുന്നുവന്നും ഭർത്താവ് ഹാരിയിൽ നിന്നും അവർക്ക് ലഭിക്കുന്ന പണത്തിനും വസ്തുവകകൾക്കും മുകളിൽ വരെ നികുതി ചുമത്തുന്നുണ്ടെന്നും ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം മേഗനും ഭർത്താവും നേടുന്ന എല്ലാ വരുമാനത്തിനും അമേരിക്കയിൽ ടാക്സ് അടച്ചേ പറ്റൂവെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വത്തുക്കൾക്ക് മേൽ നികുതി പിടിക്കാൻ ഒരുങ്ങി അമേരിക്കൻ അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കക്കാരിയായ മേഗനെ കെട്ടിയ ഹാരി രാജകുമാരൻ ഇത്തരത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ്.

മില്യൺ കണക്കിന് പൗണ്ട് വരുന്ന ഹാരി-മേഗൻ വസ്തുവകകളിൽ നിന്നും പരമാവധി നികുതി വസൂലാക്കാനാവുമോ എന്നാണ് അമേരിക്കൻ അധികൃതർ നീക്കമാരംഭിച്ചിരിക്കുന്നത്. യുഎസ് പൗരത്വം ഇപ്പോഴും നിലനിർത്തുന്ന ആളെന്ന നിലയ്ക്ക് മേഗൻ ഇപ്പോഴും യുഎസിൽ നികുതി അടയ്ക്കുന്നുണ്ട്. മേഗൻ ഭർത്താവിൽ നിന്നും നേടുന്ന വസ്തുവകകൾക്കും പണത്തിനും മേൽ വരെ വ്യാപിപ്പിക്കാനാണ് യുഎസ് അധികൃതർ നീക്കം നടത്തുന്നത്. 5 മില്യൺ ഡോളറോളം മൂല്യമുള്ള മേഗന്റെ യുഎസ് വസ്തുവകകൾക്ക് മേലും ഹാരിയുടെ മൂന്ന് ലക്ഷത്തോളം പൗണ്ട് മൂല്യമുള്ള ട്രസ്റ്റ് ഫണ്ടിലേക്കും പുതിയ നികുതി വ്യാപിപ്പിക്കാനാണ് യുഎസ് അധികൃതർ ലക്ഷ്യമിടുന്നത്. ഈ ട്രസ്റ്റ് ഫണ്ടിന് ഹാരി യുകെയിൽ ആദായ നികുതി നൽകുന്നുമുണ്ട്.

രാജ്ഞിയും ചാൾസ് രാജകുമാരനും മേഗൻ-ഹാരി ദമ്പതികൾക്ക് നൽകുന്ന ഫണ്ടുകളിലേക്കും നികുതി വ്യാപിപ്പിക്കാനാണ് യുഎസ് നീക്കം നടത്തുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഹാരി മേഗൻ ദമ്പതികൾ ഒരു ടീം യുഎസ് ഫിനാൻഷ്യൽ കൺസൾട്ടന്റുമായി നിയമിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. രാജകുടുംബം ഇത്തരമൊരു വിഷമാവസ്ഥ ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ലെന്നാണ് ദമ്പതികളുടെ എയ്ഡുകളിലൊരാൾ വെളിപ്പെടുത്തുന്നത്. യുഎസ് പൗരന്മാരുടെ പക്കൽ വിദേശത്തും സ്വദേശത്തുമുള്ള എല്ലാ വസ്തുവകകൾക്കും പണത്തിനും മേൽ നികുതി ചുമത്തുന്നതിൽ യുഎസ് ഇന്റേണൽ റവന്യൂ സർവീസ് കടുത്ത ജാഗ്രതയാണ് എപ്പോഴും പുലർത്തി വരുന്നത്. അതിന്റെ ഭാഗമായിട്ടാണ് മേഗന് നേരെയുള്ള ഇപ്പോഴത്തെ നീക്കവും ശക്തമാക്കിയിരിക്കുന്നത്.

നികുതി അടക്കാത്തവരിൽ നിന്നും അതീടാക്കുന്നതിൽ യുഎസ് ഇന്റേണൽ റവന്യൂ സർവീസ് കർക്കശമായ നടപടികളാണ് കൈക്കൊള്ളുന്നത്. മേഗൻ നിലവിൽ യുകെയിൽ ജീവിക്കുന്നത് ഒരു ഫാമിലി വിസയിലാണ്. അവർ യുഎസ് പൗരത്വം തുടരുന്ന കാലത്തോളം സങ്കീർണമായ നികുതി പാറ്റേണിലൂടെ കടന്ന് പോകേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യുഎസിലെ നികുതി നിയമങ്ങൾ പ്രകാരം ലോസ് ഏയ്ജൽസിൽ ജനിച്ച മേഗൻ എപ്പോഴും യുകെയിൽ ജീവിക്കുകയാണെങ്കിലും അവർ വർഷം തോറും യുഎസിൽ യുഎസ് റിട്ടേൺ ഫയൽ ചെയ്യണമെന്നത് നിർബന്ധമാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ 17നാണ് മേഗൻ ഏറ്റവും അവസാനം റിട്ടേൺ ഫയൽ ചെയ്തിരിക്കുന്നത്. താനും ഹാരിയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത് മുതൽ ഉണ്ടാക്കിയ എല്ലാ പണത്തിന്റെയും വിശദാംശങ്ങൾ ഇതിൽ മേഗൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മേഗന്റെയും ഹാരിയുടെയും വസ്തുവകളെക്കുറിച്ചും മറ്റ് വരുമാനത്തെക്കുറിച്ചും സൂക്ഷ്മമായി നിരീക്ഷിക്കാൻ യുഎസ് അധികൃതർ നീക്കമാരംഭിച്ചതോടെ മേഗന് മേൽ കൂടുതൽ നികുതി ചുമത്താൻ സാധ്യതയേറെയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തന്റെയും ഭർത്താവിന്റെയും കൂട്ട്സ്വത്തുക്കളുടെയടക്കം എല്ലാ വിവരങ്ങളും മേഗൻ യുഎസ് ടാക്സ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ബാങ്ക് അക്കൗണ്ടുകൾ, അല്ലെങ്കിൽ ഓഫ്ഷോർ ട്രസ്റ്റുകൾ തുടങ്ങിയവയിൽ നിന്നുള്ള വരുമാനവുമടക്കം ഉള്ള വിവരങ്ങൾ ഉൾപ്പെടുന്നു.