ക്ഷണ ശീലത്തിൽനിന്ന് ബീഫ് ഒഴിവാക്കാതെ മുസ്ലീങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാകരുത് അതെന്നും ഹരിയാന മുഖ്യൻ പറഞ്ഞു. ദാദ്രിയിൽ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവം തെറ്റാണെന്ന് പറഞ്ഞ ഖട്ടാർ, അതൊരു ആശയക്കുഴപ്പം കൊണ്ടുണ്ടായതാണെന്ന് ന്യായീകരിക്കുകയും ചെയ്തു.

പശു ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ മുറിവേൽപിക്കാൻ അനുവദിക്കില്ലെന്ന് ഖട്ടാർ പറഞ്ഞു. പശുവും ഗീതയും സരസ്വതിയും ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും വിശ്വാസത്തിന്റെ ആണിക്കല്ലുകളാണ്. ബീഫ് കഴിക്കുന്നത് ഒഴിവാക്കി എന്നതുകൊണ്ട് മുസ്ലീങ്ങളുടെ വിശ്വാസങ്ങളിൽ ഒരു മാറ്റവും വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസുമായി നാല് പതിറ്റാണ്ട് നീണ്ട ബന്ധമുള്ള ഖട്ടാർ, സംസ്ഥാനത്ത് ഗോവധം നിരോധിച്ചിരുന്നു. ഗോവധത്തിന് പത്തുവർഷവും ബീഫ് കഴിക്കുന്നവർക്ക് അഞ്ചുവർഷവുമാണ് ഹരിയാണയിൽ ശിക്ഷ. ഉത്തർ പ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവത്തിൽ രണ്ടുഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് ഖട്ടാർ പറയുന്നത്.

അത് സംഭവിക്കരുതായിരുന്നു. എന്നാൽ, സംഭവത്തിൽ രണ്ടുകൂട്ടർക്കും തെറ്റുപറ്റിയിട്ടുണ്ട്. പശുവിനെക്കുറിച്ച് നടത്തിയ മോശം പരാമർശങ്ങളാണ് എതിർവിഭാഗത്തെ ചൊടിപ്പിച്ചതും ആക്രമണത്തിന് പ്രകോപനമായതും. അമ്മയെ ആക്രമിക്കുന്നതിനും സഹോദരിയെ മാനഭംഗപ്പെടുത്തുന്നതിനും തുല്യമായാണ് ഇതിനെ ഖട്ടാർ താരതമ്യപ്പെടുത്തിയത്. ദാദ്രിയിൽ കൊല നടത്തിയവരെ നിയപ്രകാരം ശിക്ഷിക്കണമെന്ന് പറയുമ്പോഴും, കൊല്ലപ്പെട്ടയാൾ ചെയ്ത തെറ്റുകൂടി പരിഗണിക്കണമെന്നും ഹരിയാണ മുഖ്യമന്ത്രി പറയുന്നു.

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മറ്റുള്ളവരെ വേദനിപ്പിക്കുന്നതാകരുത് സ്വാതന്ത്ര്യം. പശുക്കളെ കൊന്നൊടുക്കുന്നതും ബീഫ് കഴിക്കുന്നതും മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നതിൽനിന്ന് ഭരണഘടന പോലും നമ്മെ വിലക്കുന്നുണ്ട്-ഖട്ടാർ പറഞ്ഞു.