- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മഹാമാരിയുടെ കാലത്തെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണം; പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനെതിരെ രൂക്ഷവിമർശനമുയർത്തി ഹരിയാന മുഖ്യമന്ത്രി; ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കരുതെന്നും മനോഹർ ലാൽ ഖട്ടാർ
ചണ്ഡീഗഢ്: കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനെതിരെ രൂക്ഷവിമർശനമുയർത്തി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. വിലകുറഞ്ഞ രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണമെന്നായിരുന്നു മനോഹർ ലാൽ ഖട്ടാറിന്റെ പ്രതികരണം. നേരത്തേ, കർഷക മാർച്ചിനെ തടഞ്ഞ ഹരിയാന സർക്കാരിനെ വിമർശിച്ച് അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ ജീവൻകൊണ്ട് കളിക്കരുത്, കോവിഡ് മഹാമാരിയുടെ കാലത്തെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണം- മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.
കർഷക പ്രതിഷേധത്തെക്കുറിച്ച് ചർച്ച ചെയ്യാനായി ശ്രമിച്ച തനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് മനോഹർ ലാൽ ഖട്ടാർ ട്വീറ്റ് ചെയ്തു. 'കഴിഞ്ഞ മൂന്ന് ദിവസമായി നിങ്ങളെ ബന്ധപ്പെടാൻ ഞാൻ ശ്രമിക്കുകയാണ്. എന്നാൽ ലഭ്യമാവാതിരിക്കാൻ നിങ്ങൾ ശ്രമിച്ചു. ഇത്ര ഗൗരവത്തോടെയാണോ നിങ്ങൾ കർഷകപ്രശ്‌നങ്ങളെ സമീപിക്കുന്നത്? നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയുമാണ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്?'ഖട്ടാർ ചോദിച്ചു. മിനിമം താങ്ങുവില ഏർപ്പെടുത്തിയത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ താൻ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവും അദ്ദേഹം ആവർത്തിച്ചു. ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കരുത്, നിഷ്‌കളങ്കരായ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖട്ടാർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി മാർച്ചിനെ ഹരിയാന സർക്കാർ അതിർത്തിയിൽ തടഞ്ഞിരുന്നു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അംബാലയ്ക്ക് സമീപം ശംഭു ബോർഡറിലാണ് പൊലീസ് കർഷകരെ തടഞ്ഞത്. മാർച്ചിൽ പങ്കെടുത്ത കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിനിടെ കർഷകർ ബാരിക്കേഡുകൾ തള്ളിമാറ്റി. ഇതിനിടെ ചിലർ ബാരിക്കേഡുകൾ ജഗ്ഗാർ നദിയിലേയ്‌ക്ക് തള്ളിയിട്ടു. മധ്യപ്രദേശിൽനിന്നെത്തിയ കർഷകരെ ആഗ്രയിൽ തടഞ്ഞു. രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകരെ വിവിധ കേന്ദ്രങ്ങളിൽ തടഞ്ഞതിനെതുടർന്ന് അവർ റോഡുകളിൽ കുത്തിയിരുന്നു. ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു.
ഹരിയാന സർക്കാർ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തിയിരുന്നു. ഭരണഘടനാ ദിനമായ ഇന്ന് പ്രതിഷേധിച്ച കർഷകരെ തല്ലിച്ചതച്ച പൊലീസ് നടപടി വിരോധാഭാസമാണെന്ന് അമരീന്ദൻ സിങ് ചൂണ്ടിക്കാട്ടി. ഭരണഘടന ദിനമായ ഇന്ന് സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ ഭരണഘടനാപരമായ അവകാശം ഈ രീതിയിൽ അടിച്ചമർത്തപ്പെടുന്നത് എത്ര ദുഃഖകരമാണ്. എന്തൊരു വിരോധാഭാസമാണ് ഇത്. എം.എൽ ഖട്ടർ ജി, ദയവുചെയ്ത് അവരെ കടന്നുപോകാൻ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമർത്താതിരിക്കൂ. സമാധാനപരമായി അവരെ ഡൽഹിയിലേക്ക് കടത്തിവിടൂ' - അമരീന്ദർ സിങ് ട്വിറ്റ് ചെയ്തു. ‘രാജ്യത്തെ ഊട്ടുന്ന അവരുടെ കൈകൾ ചേർത്തുപിടിക്കണം. തള്ളിമാറ്റുകയല്ല വേണ്ടത്' മറ്റൊരു ട്വീറ്റിൽ അമരീന്ദർ സിങ് ബിജെപിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഹരിയാന മുഖ്യമന്ത്രിയും പ്രതികരണവുമായി രംഗത്തെത്തിയത്.
കർഷകരെ കടത്തിവിടാതിരിക്കാൻ പഴുതടച്ച സന്നാഹങ്ങൾ
ഡൽഹിയിലേയ്‌ക്കുള്ള അഞ്ച് റോഡുകളും അടച്ചാണ് കർഷകർ എത്തുന്നത് തടയാൻ ഹരിയാന പൊലീസ് ശ്രമിച്ചത്. പഞ്ചാബിൽനിന്നുള്ള കർഷകരുടെ മാർച്ച് തടയാൻ പഞ്ചാബ്–-ഹരിയാന അതിർത്തിയിൽ വിപുലമായ സന്നാഹമാണ് ഒരുക്കിയിരുന്നത്. പലതട്ടിലുള്ള ബാരിക്കേഡുകൾക്ക് പുറമെ സിആർപിഎഫ്, ബിഎസ്‌എഫ്, ദ്രുതകർമ സേന വിഭാഗങ്ങളെയും നിയോഗിച്ചു. ജലപീരങ്കിയും കണ്ണീർവാതകവും മണിക്കൂറുകൾ പ്രയോഗിച്ചിട്ടും കർഷകർ പതറിയില്ല. ഇതിനിടെ, പ്രമുഖ നേതാക്കളെയെല്ലാം പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സ്വരാജ് അഭിയാൻ നേതാവും സാമൂഹ്യ പ്രവർത്തകനുമായ യോഗേന്ദ്ര യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിൽ വച്ചാണ് യോഗേന്ദ്ര യാദവിന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിനൊപ്പം പ്രതിഷേധിച്ച കർഷകരേയും പൊലീസ് പിടിച്ചുകൊണ്ടു പോയി. മൊകാൽവാസ് ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്.ഞങ്ങളുടെ എല്ലാ സഖാക്കളെയും മൊകാൽവാസ് ഗ്രാമത്തിലെ സ്‌കൂളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അവിടെ തങ്ങളെ പൂട്ടിയിരിക്കുകയാണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റുചെയ്തു.
ജന്തർ മന്തറിൽ വെച്ച് അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദിനെ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു. അഖിലേന്ത്യാ കിസാൻ ഖാറ്റ് ലേബർ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാംകുമാർ, ഡെപ്യൂട്ടി പ്രധാൻ വിജയ് കുമാർ, സെൻട്രൽ ലേബർ ഓർഗനൈസേഷൻ-എ.ഐ.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് രാജേന്ദ്ര സിങ് എന്നിവരെയും അറസ്റ്റ് ചെയ്‌തു. കർഷകപ്രക്ഷോഭത്തിനു പിന്തുണയുമായി എത്തിയ എസ്‌എഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡൽഹി സംസ്ഥാന പ്രസിഡന്റ് സുമിത്, ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് എന്നിവരെയും കസ്‌റ്റഡിയിൽ എടുത്തു.
മറുനാടന് ഡെസ്ക്