- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ഇക്കുറി റെക്കോർഡ് പോളിങ്ങാകുമെന്ന് സൂചന. ഉച്ചയ്ക്ക് 12.30 വരെ ഇവിടെ 32% പേർ വോട്ട് രേഖപ്പെടുത്തി. എന്നാൽ ശക്തമായ മൽസരം നടക്കുന്ന മഹാരാഷ്ട്രയിൽ പോളിങ്ങ് മന്ദഗതിയിലാണ്. ഉച്ചവരെ 16% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സച്ചിൻ ടെൻഡുൽക്കർ, മഹാരാഷ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ഇക്കുറി റെക്കോർഡ് പോളിങ്ങാകുമെന്ന് സൂചന. ഉച്ചയ്ക്ക് 12.30 വരെ ഇവിടെ 32% പേർ വോട്ട് രേഖപ്പെടുത്തി. എന്നാൽ ശക്തമായ മൽസരം നടക്കുന്ന മഹാരാഷ്ട്രയിൽ പോളിങ്ങ് മന്ദഗതിയിലാണ്. ഉച്ചവരെ 16% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സച്ചിൻ ടെൻഡുൽക്കർ, മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ തുടങ്ങിയവർ വോട്ടുരേഖപ്പെടുത്തി. വോട്ടിങ്ങിനിടെ ഇരു സംസ്ഥാനങ്ങളിലും ചെറിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിൽ എൻഎൽഡി പ്രവർത്തകരുടെ ആക്രമണത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. അക്രമത്തിനിടെ വെടിവെയ്‌പ്പും ഉണ്ടായി. മഹാരാഷ്ട്രയിൽ ശിവസേന-എംഎൻഎസ് പ്രവർത്തകരും ഏറ്റുമുട്ടി.
മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അഞ്ച് പ്രമുഖ പാർട്ടികൾ പോരാടുന്ന മഹാരാഷ്ട്രയിൽ 1699 സ്വതന്ത്രരുൾപ്പെടെ 4119 സ്ഥാനാർത്ഥികളാണ് ജനവിധിതേടുന്നത്. 8.25 കോടി വോട്ടർമാരാണ് ഇവിടെയുള്ളത്. 287 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബിജെപി 280, ശിവസേന 282, എൻസിപി 278, എംഎൻഎസ്219 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
ശിവസേന ബിജെപിയുമായും എൻസിപി കോൺഗ്രസ്സുമായും സഖ്യം പിരിഞ്ഞശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ ശ്രദ്ധേയമാണ് മഹാരാഷ്ട്ര. ഗോപിനാഥ് മുണ്ടെ അന്തരിച്ചതിനെത്തുടർന്ന് ഒഴിവുവന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിലും ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കും.
ഹരിയാണയിൽ ഭൂപീന്ദർ ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തുടർച്ചയായ മൂന്നാംതവണയും അധികാരത്തിലേറാനായാണ് മത്സരിക്കുന്നത്. 109 വനിതകളുൾപ്പെടെ 1351 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
രണ്ടിടത്തും ഞായറാഴ്ചയാണ് വോട്ടെണ്ണൽ. ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്ന നാഗാലൻഡിലെ നോർത്തേൺ അംഗാമി2 മണ്ഡലത്തിലെ വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കും.

