- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണാചൽ തർക്കഭൂമിയോ? ഭൂപടവിവാദം തുടരുന്നു; ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത ഭൂപടത്തിന്റെ കാര്യത്തിൽ ബിജെപിക്ക് മിണ്ടാട്ടമില്ല; ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി മാപ്പു പറയണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത ഭൂപടത്തിൽ അരുണാചൽ പ്രദേശിനെ സൂചിപ്പിച്ചിരിക്കുന്നത് ഇന്ത്യ-ചൈന തർക്കപ്രദേശമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഭൂപടം വിതരണം ചെയ്തത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയില

ന്യൂഡൽഹി: ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത ഭൂപടത്തിൽ അരുണാചൽ പ്രദേശിനെ സൂചിപ്പിച്ചിരിക്കുന്നത് ഇന്ത്യ-ചൈന തർക്കപ്രദേശമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഭൂപടം വിതരണം ചെയ്തത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഭൂപടം വിതരണം ചെയ്തത്. ഗുജറാത്ത് സർക്കാരുമായി വികസന ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കുന്നതിനിടയിൽ നൽകിയ ഭൂപടത്തിലാണ് അരുണാചൽ പ്രദേശിനെ തർക്കപ്രദേശമായി ചിത്രീകരിച്ചിരിക്കുന്നത്.
ഗുരുതര വീഴ്ചയാണിതെന്നും അനാസ്ഥയിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഡീഷണൽ ചീഫ് സെക്രട്ടറി ഡി ജെ പാണ്ഡ്യനും അടക്കമുള്ള പ്രമുഖർ ഇരിക്കെയാണ് ഭൂപടം വിതരണം ചെയ്തത്.
ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങൾ ചൈനയുടേതാണെന്ന രീതിയിലാണ് കാണിച്ചിരിക്കുന്നത്. ഗുജറാത്തും ചൈനയും ഒപ്പുവച്ച കരാറിലും ഇത്തരത്തിൽ തർക്കപ്രദേശമായാണോ അരുണാചലിനെ ചിത്രീകരിച്ചിരിക്കുന്നതെന്നും കോൺഗ്രസ് ചോദിക്കുന്നു.
ബിജെപിയുടെ ഗുജറാത്ത് സർക്കാർ വരുത്തിവച്ചിരിക്കുന്നത് ഗുരുതര പിഴവാണെന്ന് ചൂണ്ടിക്കാട്ടിയ മാക്കൻ, മോദിയുടെ വിശ്വാസ്യതയാണ് ഇക്കാര്യത്തിൽ ചോദ്യംചെയ്യപ്പെടുന്നതെന്നും പറഞ്ഞു. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്നാണ് അരുണാചൽ പ്രദേശിൽ നരേന്ദ്ര മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉറപ്പ് നൽകിയതെന്നും മാക്കൻ ചൂണ്ടിക്കാട്ടി. ഈ പിഴവിൽ മോദി മാപ്പ് പറയണമെന്നും മാക്കൻ ആവശ്യപ്പെട്ടു.
ചൈന രണ്ടു വർഷം മുമ്പ് പുറത്തിറക്കിയ സ്വന്തം ഭൂപട വെബ്‌സൈറ്റിൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിനെയും ജമ്മു കശ്മീരിലെ അക്‌സായി ചിന്നിനെയും സ്വന്തം പ്രദേശങ്ങളായാണ് കാണിച്ചിരുന്നത്. ഇതിന് സമാനമായ ഭൂപടമാണ് ഗുജറാത്ത് സർക്കാരും വിതരണം ചെയ്തത്. ഇന്ത്യയുടെ അരുണാചൽ പ്രദേശ് തങ്ങളുടെ തെക്കൻ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. ജമ്മു കശ്മീരിലെ ലഡാക്കിന്റെ ഭാഗമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ള അക്‌സായി ചിൻ പ്രദേശത്തെയും ചൈന അവരുടെ ഭൂപടത്തിൽ സ്വന്തമായാണ് കാണിച്ചിരുന്നത്.
സ്വന്തം മണ്ണിൽ ചൈനയുടെ നുഴഞ്ഞുകയറ്റം അംഗീകരിക്കുന്ന തരത്തിലാണ് ഗുജറാത്ത് സർക്കാർ ഇറക്കിയ ഭൂപടമെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും നേരെയുള്ള വെല്ലുവിളിയാണിതെന്നും പിഴവ് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.

