തിരുവനന്തപുരം: ' വേണു ജി താങ്കൾ ആദ്യമായി ന്യായത്തിനു വേണ്ടി നിൽക്കുന്നതു കണ്ടു. എന്തു പറ്റി ! ? മുതിർന്ന ഒരു ജേർണലിസ്റ്റിന്റെ കടമ താങ്കൾ ഇന്നു നിറവേറ്റി എന്നു എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. തുടർന്നും എന്തു വിഷയത്തിലും ഇങ്ങിനെ മുന്നോട്ടു പോകാൻ സ്വാമി അയ്യപ്പൻ തുണക്കട്ടെ...' ഇന്നലെ മാതൃഭൂമി ന്യൂസ് ചാനലിന്റെ സൂപ്പർ പ്രൈം ടൈം ഡിബേറ്റിന് ശേഷം സൈബർലോകത്ത് വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുൻനിലപാടിൽ നിന്നും മാതൃഭൂമി ചാനലും പിന്നോട്ടു പോകുന്നു എന്ന വെളിവാക്കുന്നതായിരുന്നു ഇന്നലെ ഈ വിഷയത്തിൽ നടന്ന ചർച്ച.

ഇതോടെ സൈബർ ലോകത്തും മാതൃഭൂമിയുടെ ചാനൽ ചർച്ച സംസാര വിഷയമായി. മാതൃഭൂമിയുടെയും വേണു ബാലകൃഷ്ണന്റെയും നിലപാട് മാറ്റമായിരുന്നു പ്രശ്‌നം. ഇന്നലെ പന്തളം കൊട്ടാരം മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തുവന്നതിനെ സംബന്ധിച്ചായിരുന്നു ചർച്ച. ഈ വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിലാകുന്നു എന്ന വിധത്തിലായിരുന്നു ചർച്ച. രാജകുടുംബത്തെ അനുകൂലിച്ചു കൊണ്ടുമായിരുന്നു വേണു രംഗത്തെത്തിയത്.

കവനന്റിലെ പ്രധാന വാചകം പന്തളം രാജകുടുംബം ഓർമിപ്പിച്ചതാണ് വിവാദത്തിലെ പുതിയ വഴിത്തിരിവെന്നും പറഞ്ഞ് പിണറായിയുടെ നിലപാടിനെതിരെ എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചയിൽ സൂപ്പർ പ്രൈംടൈമിന്റെ ഇൻട്രോയായി വേണുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:

നിലവിലുള്ള ആചാരങ്ങൾ ദോഷം കൂടാതെ തുടരണമെന്നാണ് കവനന്റിൽ പറഞ്ഞിരിക്കുന്നത്. തിരുവിതാംകൂർ രാജാവ് കവനന്റിലൂടെ കൈമാറിയത് മേൽക്കോയ്മാ അധികാരമാണെന്നും കൊട്ടാരം പറയുന്നു. എന്നുവച്ചാൽ എന്താണ്. തിരുവിതാംകൂർ ഒരു ഹിന്ദു രാജ്യമായിരുന്നു. ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ സെക്കുലർ സംവിധാനമായി. അവിടെ ഹിന്ദു താല്പര്യം നടപ്പാക്കാൻ രാജാവിന് നിർവാഹമില്ല. ഈ മേൽക്കോയ്മാ അധികാരമാണ് ദേവസ്വത്തിന് കവനന്റിലൂടെ കൈമാറിയത്. അതു നടപ്പാക്കുകയാണ് ബോർഡിന്റെ ഉത്തരവാദിത്തം.

ആ ഉത്തരവാദിത്തം നടപ്പാക്കാൻ ഇറങ്ങിയതിനാണ് പത്മകുമാറിന് നടയടി കിട്ടിക്കൊണ്ടിരിക്കുന്നത്. ബോർഡിനെ ബന്ദിയാക്കിയാൽ പിന്നെ ചോദ്യങ്ങൾ ഉയരില്ലെന്ന സർക്കാരിന്റെ മിഥ്യാബോധം മാറ്റാനാണ് വിശ്വാസികൾ രംഗത്തു വന്നത്. വിശ്വാസികൾക്കു വേണ്ടി പ്രവർത്തിക്കേണ്ട ബോർഡിനെ ആ കർത്തവ്യം ഓർമിപ്പിക്കാൻ. അതാണിപ്പോൾ വലിയ കുറ്റമായി സർക്കാർ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ജാത്യടിമത്തത്തെപ്പറ്റിയൊക്കെ വാതോരാതെ പ്രസംഗിക്കുന്നവർ പത്മകുമാറിന്റെ അടിമത്തമെങ്കിലും ഒന്നവസാനിപ്പിച്ചുകൊടുക്കണം. ഹരിവരാസനം ഉറക്കുപാട്ടിന്റെ പുണ്യം സ്വന്തം കുടുംബത്തിന്റെ സംഭാവനയാണെന്ന് അഭിമാനിക്കാറുള്ള പത്മകുമാറിനെ ഭർത്സനങ്ങളുടെ പാട്ടുപാടി ഉറക്കിക്കിടത്തരുത്. പേടിപ്പിച്ച് പാട്ടിലാക്കുകയും അരുത്. ബോർഡ് അധ്യക്ഷനെ ഭീതിപ്പെടുത്തുന്നത് ശബരിമലയെ വരുതിയിലാക്കാനോ എന്നാണ് സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നതെന്നും പറഞ്ഞു.

ഇതോടെ ദേവസ്വത്തിന്റെ സത്ത തകർത്തോ? എന്നും ടാഗിട്ട് ചർച്ച നടത്തു. എം.രാജഗോപാലൻനായർ, എം ടി.രമേശ്, രാഹുൽ ഈശ്വർ എന്നിവർ അടങ്ങുന്ന പാനലിൽ അവതാരകന്റെ നിലപാട് കൂടിയായപ്പോൾ രാജഗോപാലൻ നായർ ഒറ്റപ്പെട്ട അവസ്ഥയായി. ചർച്ചയുടെ പലഘട്ടത്തിലും രാജഗോപാലൻ നായർക്ക് സിപിഎം വാദങ്ങളെ ശരിവെക്കാൻ കഴിയാതെ വിയർത്തുകയും ചെയ്തു. ഈ ചർച്ചയോടെ അയ്യപ്പഭക്തന്മാർക്കും സംഘപരിവാറിനും അനുകൂല നിലപാടാണ് വേണു സ്വീകരിച്ചതെന്ന വാദങ്ങൾ ഉയരുകയും ചെയ്തു. ഇത് മാതൃഭൂമിയുടെ നിലപാട് മാറ്റിന്റെ ഭാഗമായാണ് പൊതുവേ വിലയിരുത്തുന്നത്. ഏതാനും ദിവസമായി മാതൃഭൂമി ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായിയുടെ വാദങ്ങൾ ഖണ്ഡിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

ഹൈന്ദവ സംഘടനകളുടെ പിന്തുണ ആർജ്ജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചാനൽ നീക്കമെനനാണ് പൊതുവേ വിലയിരുത്തുന്നത്. എന്തായലും വേണുവിന്റെ ചർച്ചാശൈലിയെ വിമർശിച്ചു കൊണ്ട് സൈബർ ലോകത്ത് ഇടതുപക്ഷ അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്.