തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയിൽനിന്നു സച്ചിൻ മടങ്ങിയത് അമർഷത്തോടെ. ധൂർത്തും, അഴിമതിയും, നടത്തിപ്പിലെ കെടുകാര്യസ്ഥതയും ബോധ്യമായതിനാലാണ് ക്രിക്കറ്റ് ഇതിഹാസത്തിന് അമർഷത്തോടെ മടങ്ങേണ്ടിവന്നത്. മറ്റൊരു കോമൺവെൽത്ത് അഴിമതി ആരോപണം ആകുമോ ഇതെന്നും താരത്തിന് സംശയമുണ്ടായി.

ഗെയിംസിന്റെ ഭാഗമായി നടത്തിയ റൺ കേരള റൺ ഉദ്ഘാടനം ചെയ്യാനെത്തിയ സച്ചിൻ അത്ര നല്ല സുഖത്തിലല്ല മടങ്ങിയത്. കേരളം സച്ചിന്റെ പ്രിയപ്പെട്ട സ്ഥലമായിട്ടും ഏറെ ആരാധകർ പൊതിഞ്ഞിട്ടും സച്ചിൻ ഗെയിംസ് നടത്തിപ്പിന്റെ വീഴ്ചയിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ എല്ലാ പരാതികളും ഉദ്ഘാടനത്തോടുകൂടി പരിഹരിക്കും എന്ന ഉറപ്പിന്മേലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി തിരുവഞ്ചൂരും ചേർന്ന് സച്ചിനെ ഉദ്ഘാടനത്തിനും എത്തിച്ചത്. റൺ കേരള റണ്ണിനു വന്നപ്പോൾ ചില ആരാധകർ സച്ചിനെ പിച്ചുകയും മാന്തുകയും തല്ലുകയും അസഭ്യം പറയുകയും ചെയ്തു. കേരളത്തിൽ ഇതുപോലൊരു മോശമായ സ്വീകരണം ഉണ്ടായത് സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്നു പറഞ്ഞ് സച്ചിൻ ഉദ്ഘാടനത്തിൽനിന്നു വിട്ടുനിൽക്കാനായിരുന്നു തീരുമാനം. എന്നാൽ രാജ്യസഭാംഗം എന്നനിലയിലുള്ള സമ്മർദ്ദമാണ് സച്ചിൻ ഉദ്ഘാടനത്തിനായി എത്താൻ കാരണം. ഈ വഴിക്ക് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും സച്ചിനെ പ്രതിരോധത്തിലാക്കുകയും കാലുപിടിക്കുകയും ചെയ്തതായും സൂചനയുണ്ട്.

ഗെയിംസ് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിയെയും തിരുവഞ്ചൂരിനെയും കൂക്കിവിളിച്ചതു കേട്ടും സച്ചിൻ അമ്പരന്നു. കൂവൽ ശക്തമായതോടെ ഇരുവർക്കും അൽപസമയം പ്രസംഗം നിർത്തേണ്ടതായും വന്നു. സർക്കാറിനെതിരെയുള്ള പ്രതിഷേധമാണ് കൂവലിനു പിന്നിലെന്നു മനസിലാക്കിയ സച്ചിൻ തന്നെ സംസാരിക്കാൻ ക്ഷണിക്കരുത് എന്നു നിർദ്ദേശിക്കുകയായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഗെയിംസ് നടത്തിപ്പിന് തന്റെ പിന്തുണയില്ലെന്നും ഇതിനാലാണ് സംസാരിക്കാത്തതെന്നും സച്ചിൻ സംഘാടകരോട് വ്യക്തമാക്കി.

സച്ചിന്റെ നിർദ്ദേശം ഏവരെയും ഞെട്ടിച്ചുകളഞ്ഞെങ്കിലും സംസാരിക്കാൻ ക്ഷണിച്ചാൽ ഗെയിംസ് നടത്തിപ്പിന്റെ പിഴവ് സച്ചിൻ തന്റെ ആരാധകർക്കു മുന്നിൽ തുറന്നുകാട്ടുമെന്നു ഭയന്ന് മന്ത്രിമാർ പിൻതിരിയുകയായിരുന്നു. എന്നാൽ കാണികൾ ആകാക്ഷയോടെ കാത്തിരുന്നിട്ടും സച്ചിനെ സംസാരിക്കാൻ ക്ഷണിക്കാത്തത് കൂവൽ ഭയന്നിട്ടാണെന്നാണ് ഒരു വിഭാഗം സംഘാടകരുടെ വാദം. എന്നാൽ മുഖ്യമന്ത്രിയെയും തിരുവഞ്ചൂരിനെയും കൂവിയ കാണികൾക്കിട്ട് നൽകിയ പണിയായാണ് മന്ത്രിതലത്തിലുള്ള വിലയിരുത്തൽ.

ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും സംസാരിച്ചപ്പോൾ കൂവിയ കാണികൾ കേന്ദ്രമന്ത്രിമാരും മറ്റുള്ളവരും സംസാരിച്ചപ്പോൾ അച്ചടക്കം പാലിച്ചിരുന്നു. അഴിമതിയെക്കുറിച്ച് പുതിയ വിവാദം ഉണ്ടാകുമെന്നു ഭയന്നാണ് ഗെയിംസിനെ കേരളത്തിലെത്തിക്കാൻ പ്രയത്‌നിച്ച അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദനെ ഉദ്ഘാടനത്തിനു ക്ഷണിക്കാതിരുന്നത്. വളരെ കൊട്ടിഘോഷിച്ചു നടത്തിയ ലാലിസവും തകർന്നതോടെ സച്ചിൻ കടുത്ത അമർഷത്തിലാണെന്നാണ് വാർത്തകൾ.