കൊല്ലം: എംഎം ഹസന്റെ ജനമോചനാ യാത്ര വൻ പ്രതിസന്ധിയിൽ. ഹസനെ കെപിസിസി. അധ്യക്ഷപദത്തിൽനിന്നു നീക്കുമെന്ന അഭ്യൂഹമാണ് എല്ലാത്തിനും കാരണം. ഇത് യാത്രയോടനുബന്ധിച്ചുള്ള പാർട്ടിഫണ്ട് പിരിവിന്റെ താളംതെറ്റിച്ചു. 100 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട യാത്ര അതിന് അടുത്തൊന്നുമെത്താതെ തീരും. ചെലവിനുള്ള കാശെങ്കിലും കിട്ടിയാൽ മതിയെന്നതാണ് അവസ്ഥ. വി എം സുധീരൻ കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ പാർട്ടിയിൽ ഫണ്ടെത്തുന്നത് കുറഞ്ഞു. കെപിസിസി ഓഫീസിന്റെ പ്രവർത്തനം പോലും താളം തെറ്റി. ഈ താളം വീണ്ടെടുക്കാനായിരുന്നു ഹസന്റെ യാത്ര.

ജയ്ഹിന്ദ് ടിവിക്കായി ഫണ്ട് പിരിച്ച ആത്മവിശ്വാസവുമായാണ് ഹസൻ യാത്രയ്ക്ക് ഇറങ്ങിയത്. ഈ യാത്രയിൽ ഇതുവരെ കിട്ടിയത് എട്ടു കോടി മാത്രെമന്നാണ് പുറത്തുവരുന്ന വിവരം. 25 നു യാത്ര സമാപിക്കും. 29 നു ഡൽഹിയിലെത്താൻ ഹസനോടു പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
യാത്രയ്ക്കൊപ്പം ഫണ്ട് പിരിവുകൂടി നിശ്ചയിച്ചതു പാർട്ടിയുടെ പലവിധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു. ബൂത്ത് അടിസ്ഥാനത്തിൽ അര ലക്ഷം രൂപ പിരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഹസൻ മാറും. അതുകൊണ്ട് തന്നെ ആരും പണം കൊടുത്തില്ല. നോട്ട് മാലയ്ക്ക് പകരം ഖദർ ഷാൾ ഇട്ട് ഹസനെ സ്വീകരിച്ചു.

ഇന്ദിരാഭവന്റെ പ്രവർത്തനത്തിനും ശമ്പളം കൊടുക്കുന്നതിനും ജയ്ഹിന്ദ് ടി വി ചാനൽ, വീക്ഷണം പത്രം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിനും പണം വേണം. ജയ്ഹിന്ദ് ടിവിക്കും വീക്ഷണത്തിനും തന്നെ വലിയ ബാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കിട്ടിയ എട്ട് കോടിക്ക് ഒന്നും ചെയ്യാനാകില്ല. 50 കോടിയെങ്കിലും കിട്ടിയാൽ മാത്രമേ കോൺഗ്രസിന് പിടിച്ചു നിൽക്കാനാവൂ എന്നതാണ് അവസ്ഥ. ചുറ്റി സമാഹരണം നാമമാത്രമായതോടെ ഫണ്ട് പിരിവിനായി ഒരു യാത്രകൂടി നടത്തേണ്ടിവരും. പുതിയ അധ്യക്ഷൻ തുടക്കത്തിൽ തന്നെ യാത്ര ചെയ്യാമെന്നതാണ് അവസ്ഥ.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ കെപിസിസി അധ്യക്ഷനാകാൻ ചരടുവലികളുമായി രംഗത്തുണ്ട്. വേണുഗോപാലിനൊപ്പം പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരിലൊരാൾ യു.ഡി.എഫ്. കൺവീനറാകുമെന്നാണു കരുതുന്നത്. നിലവിൽ പി.പി. തങ്കച്ചനാണ് മുന്നണി കൺവീനർ. ഹസനെ പ്രവർത്തകസമിതിയിലെ സ്ഥിരംക്ഷണിതാവാക്കാനാണ് സാധ്യത.