പെരുമ്പാവൂർ: വാഹന പരിശോധനക്കിടെ രണ്ടുകോടി രൂപ വിലവരുന്ന ഹാഷിഷ് പെരുമ്പാവൂർ പൊലീസ് പിടികൂടി. ചലച്ചിത്രതാരം കൂടിയായ ഇടുക്കി സ്വദേശിയെ സംഭവവുായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലെ പലർക്കും കൊച്ചിയിൽ മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന് വാർത്തകൾ നിരന്തരം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്ര താരം തന്നെ ഇത്രയും ഹാഷിഷ് ഓയിലുമായി പിടിയിലാകുന്നത്.

രാവിലെ 9.30ഓടെ എ.എം. റോഡിൽ ആശ്രമം ഹയർസെക്കണ്ടറി സ്‌കൂൾ സമീപത്തു വച്ചാണ് പിടികൂടിയത്. ഹാഷിഷുമായി എത്തിയ പ്രതി ഇടുക്കി സ്വദേശി ഉടുംമ്പഞ്ചോല കൊന്നത്തടി വില്ലേജിലെ മാടപ്പിള്ളി വീട്ടിൽ ആഗസ്തി മകൻ ആന്റണി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പ്രിൻസിപ്പൽ എസ്.ഐ പി.എ. ഫൈസലിന് രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഹാഷിഷ് കൊണ്ടുവന്ന കെ.എൽ 6എച്ച് 743ാം നമ്പർ ബൈക്കും പൊലീസ് കസ്റ്റടിയിലെടുത്തു.

രണ്ട് ബോട്ടിലുകളിലായി പാക്കു ചെയ്തിരുന്ന രണ്ടു കിലോ ഹാഷിഷ് ആണ് കണ്ടെടുത്തത്. ഇടുക്കിയിൽ നിന്നും എറണാകുളത്തേക്ക് വിൽപ്പനക്കായി കൊണ്ടുപോകും വഴിയാണ് പിടിയിലായത്. പ്രതി മറ്റു പല കേസുകളിലും ബന്ധമുള്ളതായി സംശയിക്കുന്നു. സിനിമ മേഖലയുമായി പ്രതിക്ക് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. മാർക്കറ്റിൽ രണ്ടുകോടി രൂപയോളം വിലവരുന്ന ഹാഷിഷ് കസ്റ്റടിയിലെടുത്തതോടെ ഇതുമായി ബന്ധപ്പെട്ട് ഏതാനും പേർ ഉടൻ പിടിയിലാവുമെന്ന് പൊലീസ് വ്യക്തമാക്കി.

എവിടെനിന്നാണ് ഇത് എത്തിച്ചതെന്നും എങ്ങോട്ടെങ്കിലും കടത്തുകയായിരുന്നോ എന്നും അന്വേഷിച്ചുവരികയാണ് അധികൃതർ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അടുത്തിടെ 30 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തന്നെ സിനിമലോകത്തെ ചില ഉന്നതർക്ക് ഇത്തരത്തിൽ മയക്കുമരുന്ന് കടത്തലുമായി ബന്ധമുണ്ടെന്ന നിലയിൽ സംശയവും ഉയർന്നിരുന്നു. ഇതിൽ അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിലാണ് സിനിമാതാരം ഇപ്പോൾ ഹാഷിഷുമായി പിടിയിലാവുന്നത്.