കുടിയേറ്റക്കാർക്കെതിരെ തീവ്ര വലതുപക്ഷക്കാർ നടത്തിയ റാലിക്കെതിരെ കുടിയേറ്റക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾ, ആൾക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി വലതുപക്ഷക്കാരന്റെ പ്രതികാരം. കാറിടിച്ച് ഒരു സ്ത്രീ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിർജീനിയയിലെ ഷാർലറ്റ്‌സ്‌വീലിലാണ് സംഭവം. തുടർന്ന് വലതുപക്ഷപ്രവർത്തകരും കുടിയേറ്റ വിരുദ്ധ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

32 വയസ്സുള്ള യുവതിയാണ് കാറിടിച്ച് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ സ്ഥീരീകരണം കിട്ടാത്തതിനാൽ ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകർ പ്രകടനം നടത്തവെ, ഒരു ഡോഡ്ജ് ചാലഞ്ചർ കാർ ഇവർക്കിടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആളുകളെ ഇടിച്ചുതെറിപ്പിപ്പ് കാർ മുന്നേറുന്നതിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

ഒഹയോ സ്വദേശി ജയിംസ് അലെക്‌സ് ഫീൽഡ്‌സ് എന്ന 20-കാരന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാറോടിച്ചിരുന്നത് ഇയാൾതന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അറസ്റ്റ് വാർത്ത ആൽബർമേൽ-ഷാർലറ്റ്‌സ്‌വീൽ ജയിൽ സൂപ്രണ്ട് മാർട്ടിൻ ക്യൂമർ സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 19 പേർ മാത്രമാണ് പ്രകടനത്തിൽ പങ്കെടുത്തിരുന്നത്. ശേഷിച്ചവർ മറ്റാവശ്യങ്ങൾക്കായി സ്ഥലത്തെത്തിയവവരായിരുന്നു. തീവ്രവലതുപക്ഷ സംഘടനയുടെ റാലിയെയും കാറിടിപ്പിക്കലിനെയും വിർജീനിയ ഗവർണർ ടെറി മക്കലീഫ് കടുത്ത ഭാഷയിൽ അപലപിച്ചു.

രാജ്യസ്‌നേഹമല്ല ഇതിലൂടെ വെളിവാകുന്നതെന്ന് ഓർക്കണമെന്ന് ഗവർണർ വലലതുപക്ഷപ്രവർത്തകരോട് പറഞ്ഞു. ആളുകളെ മുറിപ്പെടുത്തിയും കൊന്നുമല്ല രാജ്യസ്‌നേഹം തെളിയിക്കേണ്ടതെന്നും മക്കലീഫ് പറഞ്ഞു. യുണൈറ്റ് ദ റൈറ്റ് എന്ന സംഘടനയാണ് കുടിയേറ്റക്കാർക്കെതിരെ റാലി സംഘടിപ്പിപ്പിച്ചത്.

ഇമാൻസിപ്പേഷൻ പാർക്കിലുണ്ടായ സംഭവത്തിനുശേഷമുണ്ടായ സംഘർഷത്തിലും 15 പേർക്ക് പരിക്കേറ്റു. സംഭവങ്ങളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിമർശിച്ചു. വെറുപ്പും അക്രമവും ഒന്നിനും പരിഹാരമല്ലെന്നും ഇത്തരം പ്രതികരണങ്ങളാണ് വെറുക്കപ്പെടേണ്ടതെന്നും ട്രംപ് പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയം ഈ നിമിഷം തന്നെ അവസാനിപ്പിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.