തിരുവനന്തപുരം: ദേശീയ അവാർഡ് ചടങ്ങിൽ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരേ സോഷ്യൽമീഡിയയിൽ ബഹിഷ്‌കരണ ക്യാംപയിൻ. സംഘപരിവാർ അനുകൂല സൈബർ ഗ്രൂപ്പുകളിലാണ് ഫഹദിനെതിരേ ക്യാംപയിൻ സജീവമായിരിക്കുന്നത്. സമാന നിലപാടെടുത്ത പാർവതിയടക്കമുള്ളവർക്കെതിരെ മമ്മൂട്ടി ഫാൻസുകാർ പ്രചരണം നടത്തുന്ന വേളയിൽ തന്നെയാണ് ഫഹദിനെ കേന്ദ്രീകരിച്ചുള്ള പ്രചരണവും നടക്കുന്നത്. ഇതിന് പിന്നിൽ വർഗീയ അജണ്ടയുണ്ടെന്ന ആരോപണവും ശക്തമാണ്.

അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാതെ ഫഹദ് ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് തിരിച്ചതുമുതൽ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് ഫഹദിനെ സഖാവാക്കിയും ഉത്തമ കമ്മ്യൂണിസ്റ്റാക്കിയുമൊക്കെ വാഴ്‌ത്തുമ്പോൾ മറുവശത്ത് ഹേറ്റ് ക്യാമ്പയിൻ ശക്തിപ്രാപിക്കുന്നു. ബിജെപി-സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലുമാണ് ഫഹദിനെതിരേ ക്യാമ്പയിൻ നടക്കുന്നത്.

ഫഹദിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു. ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളും കിട്ടി ബഹിഷ്‌കരണ ക്യാമ്പയിൻ കുതിച്ചുകയറുകയുമാണ്. ബിജെപി മന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പുരസ്‌കാര ജേതാവ് അനീസിന്റെ പോസ്റ്റിനുകീഴിൽ ചീത്തവിളിച്ച് നിരവധി പേരെത്തുന്നുണ്ട്. എന്നാൽ ഫഹദ് നേരിടുന്നത്രയും രൂക്ഷമായ സൈബർ ആക്രമണമില്ല. പാർവതിയടക്കമുള്ള നിരവധി പേരുണ്ടായിട്ടും ഫഹദിനെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് വർഗീയ അജണ്ടയുടെ ഭാഗമായെന്നും ആരോപണമുയരുന്നുണ്ട്. എന്നാൽ സൈബർ സഖാക്കൾ ഏറ്റവുമധികം വാഴ്‌ത്തുന്നത് ഫഹദിനെയായതിനാലാണ് വിദ്വേഷപ്രചാരണത്തിന് അദ്ദേഹത്തെ ലക്ഷ്യംവെക്കുന്നതെന്ന വാദവുമുണ്ട്.

ഫഹദ് ഫാസിലിനും ഐ.എസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിക്കും ഇടയിലുള്ള അതിർ വരമ്പ് നേർത്തതാണെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ പോലുമുണ്ട്. ബിജെപി മന്ത്രിമാരുടെ കൈയിൽ നിന്നും ദേശീയ പുരസ്‌കാരം വാങ്ങില്ലെന്നാണ് തീരുമാനം എങ്കിൽ ഇനിയൊരിക്കൽ പോലും ദേശീയ പുരസ്‌കാരം വാങ്ങാനുള്ള യോഗം ഫഹദിനോ മറ്റുള്ളവർക്കോ ഉണ്ടാകില്ലെന്ന വെല്ലുവിളിയും നടത്തുന്നുണ്ട്. ഫഹദ് ഒരു മതമൗലികവാദിയാണെന്ന് തെളിയിച്ച നടപടിയാണ് അവാർഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരണം എന്നും നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചതെന്നും എന്തിനേയും മതത്തിന്റെ പേരിൽ മാത്രം കാണുന്നവനാണ് ഫഹദെന്നും പ്രചരിപ്പിക്കുന്നുണ്ട്.

പതിനൊന്ന് പേർക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവർക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നൽകുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയിൽ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് ഫഹദ് അടക്കമുള്ള 66 ഓളം പേർ ബഹിഷ്‌കരിച്ചത്. ഇക്കൂട്ടത്തിൽ ഫഹദ് ഫാസിലിനെ മാത്രം തിരഞ്ഞു പിടിച്ചാണ് ഇപ്പോൾ ആക്രമിക്കുന്നത്.

അതേസമയം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന് മറുപടിയുമായി ഫഹദിനെ പിന്തുണച്ചുള്ള കാമ്പയിനും മറുവശത്ത് നടക്കുന്നുണ്ട്. അതേസമയം സൈബർ ലോകത്ത് ഈ വിഷയത്തിൽ പ്രചരണം നടക്കുമ്പോഴും ചടങ്ങ് ബഹിഷ്‌ക്കരിച്ചു എന്നതിനെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അതേസമയം ഫഹദ് ഫാസിൽ ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിയാണ് എന്ന വിധത്തിൽ ഇടതു കേന്ദ്രങ്ങളും ആശയപ്രചരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി അലോഷി കമ്മ്യൂണിസ്റ്റാണ് എന്ന ഡയലോഗും കൂട്ടിച്ചേർത്താണ് പ്രചരണം.