- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയും മുഖ്യപ്രതിയും തമ്മിൽ മുൻകാല പരിചയം; കേസിലെ നാലുപ്രതികളിൽ ഒരാളായ സന്ദീപ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു; പെൺകുട്ടിയുടെ അവഗണനയെ തുടർന്ന് ഇയാൾ നിരാശനായിരുന്നു; ഹത്രാസ് ബലാത്സംഗ-കൊലപാതക കേസിലെ സിബിഐ കുറ്റപത്രത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: ഇന്ത്യയെ ഞെട്ടിച്ച ഹത്രാസ് ബലാത്സംഗ-കൊലപാതക കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രതികളിൽ ഒരാളുമായി അടുപ്പമുണ്ടായിരുന്നതായി സിബിഐ. മുഖ്യപ്രതി, കൊല്ലപ്പെട്ട പെൺകുട്ടിയുടെ അവഗണനയെ തുടർന്ന് നിരാശനായിരുന്നുവെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇരയും പ്രതിയും തമ്മിലുള്ള മുൻകാല പരിചയം, കേസിന്റെ കാലഗണന, ഇക്കാര്യത്തിൽ പൊലീസിന്റെ അവഗണന എന്നിവ കുറ്റപത്രം വെളിപ്പെടുത്തുന്നുണ്ട്.
കേസിലെ നാലുപ്രതികളിലൊരാളായ സന്ദീപ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2019 ഒക്ടോബർ 17 മുതൽ 2020 മാർച്ച് മൂന്ന് വരെ ഇരുവരും നടത്തിയ 105 ഫോൺ റെക്കോർഡുകൾ സിബിഐ കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള അടുപ്പം പെൺകുട്ടിയുടെ വീട്ടുകാർ കണ്ടെത്തിയെന്നും സന്ദീപിന്റെ വീടിന് പുറത്ത് അതു സംബന്ധിച്ച് വഴക്കുണ്ടായെന്നും സാക്ഷികൾ പറഞ്ഞതായി സിബിഐ വ്യക്തമാക്കുന്നു. ഇതിന് ശേഷം സന്ദീപും പെൺകുട്ടിയും തമ്മിൽ വിളിക്കുന്നത് നിർത്തി. തുടർന്ന് സന്ദീപ് പെൺകുട്ടിയുടെ നമ്പറിലേക്ക് തന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോണിൽ നിന്ന് വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഈ കോളുകളിൽ നിന്ന് ഒഴിഞ്ഞുമാറിയതിന് തെളിവുകളുണ്ടെന്നും സിബിഐ പറയുന്നു.
പെൺകുട്ടിക്ക് അവളുടെ സഹോദരിയുടെ ഭർത്താവുമായി ബന്ധമുണ്ടെന്നും സന്ദീപ് സംശയിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. 'സംഭവം നടന്ന സെപ്റ്റംബർ 14-ന് പെൺകുട്ടിയും അമ്മയും മൂത്ത സഹോദരനും രാവിലെ 7.30 ഓടെ വീടിന് സമീപത്തെ വയലിൽ പുല്ലരിയാനായി പോയതായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയായിരുന്നു മൂന്ന് പേരും ഒരുമിച്ച് തുടക്കത്തിൽ പുല്ലരിഞ്ഞിരുന്നത്. കുറച്ച് സമയം കഴിഞ്ഞ സഹോദരൻ അരിഞ്ഞ പുല്ലുമായി വീട്ടിലേക്ക് പോയി. അതിന് ശേഷം തനിക്ക് ക്ഷീണം തോന്നുവെന്ന് പെൺകുട്ടി അമ്മയോട് പറഞ്ഞു. ഇനി പുല്ലരിയേണ്ടെന്നും താൻ അരിഞ്ഞുവെച്ച 50 മീറ്റർ അകലെയുള്ള പുല്ല് എടുത്തുകൊണ്ടുവരാൻ പെൺകുട്ടിയോട് അമ്മ ആവശ്യപ്പെട്ടു. അതിനായി പോയ പെൺകുട്ടി മിനിറ്റുകൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അമ്മ പലയിടത്തും തിരഞ്ഞു. ഒടുവിൽ വയലിനരികിലായി പെൺകുട്ടിയുടെ ചെരിപ്പ് കണ്ടെത്തി. ആ ഭാഗത്തേക്ക് കുറച്ച് മുന്നോട്ട് നടപ്പോൾ മകൾ അവിടെ കിടക്കുന്നതാണ് അമ്മ കണ്ടത്.
ഈ സമയത്താണ് കേസിലെ പ്രധാന സാക്ഷി ഛോട്ടു അങ്ങോട്ടെക്കെത്തിയത്. മകനെ വിളിച്ചുകൊണ്ടുവരാൻ പെൺകുട്ടിയുടെ അമ്മ ഛോട്ടുവിനോട് ആവശ്യപ്പെട്ടു. തുടർന്ന് സഹോദരൻ എത്തുകയും പെൺകുട്ടിയെ തോളിലേറ്റി സമീപത്തുള്ള ചന്ത്പ പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. കേസിൽ ഒന്നിലധികം ഘട്ടങ്ങളിൽ ലോക്കൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ അടിവരയിടുന്നു. പെൺകുട്ടിയുമായി സഹോദരൻ സ്റ്റേഷനിലെത്തിയപ്പോൾ ആദ്യ വീഴ്ചയുണ്ടായി. സന്ദീപിനെതിരെ സഹോദരൻ പരാതി നൽകി. തന്നെ ബലാൽക്കാരം ചെയ്തെന്ന് ഇര പറഞ്ഞിട്ടും പൊലീസ് അത് അവഗണിക്കുകയാണ് ചെയ്തത്. ലൈംഗിക അതിക്രമം നടന്നോ എന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയില്ല. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. പരാതിയിലെ ലൈംഗിക അതിക്രമ ആരോപണം ഒഴിവാക്കുകയും ചെയ്തു.
ആ ദിവസം തന്നെ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പെൺകുട്ടിയെ ഉച്ചയോടെ അലിഗഢ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യസ്ഥി വളരെ മോശമായ നിലയിലാതയതിനാൽ ഈ ഘട്ടത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല.വൈകീട്ട് 3.40 ഓടെ പെൺകുട്ടിയെ ജവഹർലാൽ നെഹ്റു മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. 4.10 ഓടെയാണ് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയത്.
സെപ്റ്റംബർ 19-ന് ആശുപത്രിയിൽ വെച്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ സമയത്തും പെൺകുട്ടി താൻ പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ലൈംഗികാത്രികമത്തിന് ഒരു പരിശോധനയ്ക്ക് ഉത്തരവിടുന്നതിൽ പൊലീസിന് വീണ്ടും വീഴ്ച പറ്റി. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിനുള്ള വകുപ്പ് മാത്രമാണ് ചുമത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ