കൊച്ചി: കൃത്യമായി ജോലി ചെയ്താൽ ക്യത്യമായ ഫലം, അതാണ് എഡിജിപി ബി.സന്ധ്യയുടെ നയം. ജിഷ വധക്കേസ് അന്വേഷണത്തിലും സംഭവിച്ചത് അതുതന്നെ.വധശിക്ഷ ലഭിച്ചത് അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്നും അതിൽ അഭിമാനമുണ്ടെന്നും ബി.സന്ധ്യ പറഞ്ഞു.കോടതി വിധി പൂർണമായും അംഗീകരിക്കുന്നു.

അന്വേഷണ സംഘത്തിൽ പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓർമിക്കുന്നു. കിട്ടാവുന്ന പരമാവധി തെളിവുകൾ ശേഖരിച്ച് കോടതിയിൽ എത്തിച്ചുവെന്നും പൊലീസ് തങ്ങളുടെ ജോലി വളരെ ഭംഗിയായും പ്രൊഫഷണലായും ചെയ്തുവെന്നും എ.ഡി.ജി.പി പറഞ്ഞു.

എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടനാണ് എങ്ങുമെത്താതെ നിന്ന ജിഷവധക്കേസ് എഡിജിപിബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.അതുവരെ നടന്ന അന്വേഷണത്തിൽ പിഴവുകൾ ഏറെയുണ്ടെന്ന കണ്ടെത്തലും ഇതിനു കാരണമായി.

കേസ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നുള്ള ആവശ്യം തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധവും ഈ കേസ് തന്നെയായിരുന്നു.

മുൻപും സ്ത്രീകൾ ഇരകളായ പ്രമാദമായ കേസുകൾ ബി.സന്ധ്യ അന്വേഷിച്ചിട്ടുണ്ട്.

1.നടിയെ ആക്രമിച്ച കേസ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സ്ത്രീപക്ഷത്ത് നിന്ന് കൊണ്ടുള്ള അന്വേഷണമാണ് എഡിജിപി ബി.സന്ധ്യ നടത്തിയത്. കേസിൽ പ്രതിയാകുമെന്ന ഘട്ടം വന്നപ്പോൾ തന്നെ കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി നടൻ ദിലീപ് രംഗത്തെത്തിയിരുന്നു.എന്നാൽ, ആരോപണങ്ങൾ ഒന്നും കൂസാതെ തന്റെ കൃത്യനിർവഹണത്തിൽ ശ്രദ്ധിക്കാനും കുറ്റപത്രം ശാസ്ത്രീയമായി തയ്യാറാക്കാനും സാധിച്ചുവെന്നതാണ് സന്ധ്യയുടെ നേട്ടം.

 

മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നും മറ്റും ആരോപിച്ച് ദിലീപ് രംഗത്തെത്തിയെങ്കിലും കോടതി അത്തരം കാര്യങ്ങളൊന്നും കണക്കിലെടുത്തില്ല. ദിലീപ് എട്ടാം പ്രതിയായാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മൊത്തം 12 പ്രതികളാണുള്ളത്. മഞ്ജു വാര്യരും സാക്ഷിപ്പട്ടികയിലുണ്ട്. സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികളുണ്ട്. കേസിൽ ദിലീപിനെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും മുൻ ഡിജിപി ടി.പി.സെൻകുമാർ ആരോപിച്ചെങ്കിലും, അന്വേഷണം കുറ്റമറ്റതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നായിരുന്നു സന്ധ്യയുടെ പ്രതികരണം

2. ഇന്ദു വധക്കേസ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാർത്ഥി ഒകെ ഇന്ദുവിന്റെ മരണം ആത്മഹത്യ എന്ന് എഴുതിത്ത്ത്തള്ളപ്പെടുമായിരുന്ന അവസ്ഥയിൽ നിന്നാണ് ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യയ്ക്ക് കേസ് കൈമാറുന്നത്.തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഇന്ദു തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്കിടെ 2011 ഏപ്രിൽ 24നാണ് ആലുവ പുഴയിൽ വീണു മരിച്ചത്. ഇന്ദുവിന്റെ സുഹൃത്തും അദ്ധ്യാപകനുമായ സുഭാഷും ഇതേ ബോഗിയിൽ യാത്ര ചെയ്തിരുന്നു.

ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം നടക്കവേ, മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് കൃഷ്ണൻ നായർ ആഭ്യന്തര മന്ത്രിയെ സമീപിക്കുകയും ഡി.ഐ.ജി ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന സന്ധ്യയ്ക്ക് അന്വേഷണച്ചുമതല നൽകുകയുമായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇന്ദുവിന്റെ സഹപ്രവർത്തകനായ സുഭാഷാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു.

3..നിലമ്പൂർ രാധ വധക്കേസ്

കോൺഗ്രസ് ഓഫീസിലെ സ്വീപ്പർ ആയ രാധയെ പ്രതികൾ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കിൽ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കൽ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ തള്ളുകയുമായിരുന്നു. കൊലപാതകത്തിന് മുമ്പ് രാധയെ മാനഭംഗപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പഴ്സണൽ സ്റ്റാഫ് അംഗവും കോൺഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി.കെ.ബിജു നായർ, സുഹൃത്ത് കുന്നശേരി ഷംസുദീൻ എന്ന ബാപ്പുട്ടി എന്നിവരായിരുന്നു പ്രതികൾ. 2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ പരസ്ത്രീബന്ധം പുറത്തറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു കൊല നടത്തിയത്.

ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈൽഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളെ കുടുക്കാൻ സഹായകമായി. കേസിലുള്ള 172 സാക്ഷികളിൽ 108 പേരെയും വിസ്തരിച്ചു. 65 തൊണ്ടി മുതലുകളും 264 രേഖകളും ഹാജരാക്കി. 2014 ഓഗസ്റ്റ് 29നാണ് കുറ്റപത്രം സമർപ്പിച്ചത്. 39 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കുകയും ചെയ്തു.

4.. മുൻ മന്ത്രി പിജെ ജോസഫിന്റെ പേരിൽ ഉണ്ടായ ലൈംഗികാരോപണം

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കേസ് ആയിരുന്നു മുൻ മന്ത്രി പിജെ ജോസഫിന്റെ പേരിൽ ഉണ്ടായ ലൈംഗികാരോപണം. 2006 ഓഗസ്റ്റ് 3ന് ചെന്നൈ- കൊച്ചി വിമാനയാത്രയ്ക്കിടയിൽ വച്ച് സീറ്റിന്റെ വിടവിലൂടെ പിജെ ജോസഫ് മുൻ ടിവി ന്യൂസ് റീഡർ ലക്ഷ്മി ഗോപകുമാറിനെ കടന്നുപിടിക്കുകയും തുടർന്ന് പരാതി പറഞ്ഞ ലക്ഷ്മിക്ക് എയർഹോസ്റ്റസ് മറ്റൊരു സീറ്റ് നൽകുകയും ചെയ്തു. തുടർന്ന് വിമാനത്തിലെ ഉദ്യോഗസ്ഥർക്ക് അവർ പരാതി നൽകുകയായിരുന്നു.

കേസ് വിവാദമായതിനെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഐജി സന്ധ്യയോട് 10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. യുവതിയുടെ ആരോപണം പ്രഥമ ദൃഷ്ട്യാ ശരിയാണ് എന്നുള്ള കണ്ടെത്തലിനെത്തുടർന്ന് പിജെ ജോസഫിന് മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നു. എന്നാൽ കോടതി പിന്നീട് പിജെ ജോസഫിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.