- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിലധികം ഭാര്യമാരുള്ള പുരുഷന്മാർക്കും ഒരാളുടെ ഒന്നിലധികം ഭാര്യമാർക്കും അപേക്ഷിക്കാൻ യോഗ്യതയില്ല; യുപിയിലെ ഉർദു അദ്ധ്യാപക നിയമന യോഗ്യത വിവാദമാകുന്നത് ഇങ്ങനെ
ലക്‌നൗ: ബഹുഭാര്യാത്വം സർക്കാർ ജോലിക്ക് അയോഗ്യതയായി നിർദേശിച്ചുകൊണ്ട് ഉത്തർ പ്രദേശിലെ അഖിലേഷ് യാദവ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് വിവാദമാകുന്നു. ഒന്നിൽക്കൂടുതൽ ഭാര്യമാരുള്ള പുരുഷന്മാർക്കും അത്തരം പുരുഷന്മാരുടെ ഭാര്യമാർക്കും ഉർദു അദ്ധ്യാപകരായി തുടരാൻ യോഗ്യതയില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത്തരക്കാർക്ക് പുതിയ നിയമനത്തിനു

ലക്‌നൗ: ബഹുഭാര്യാത്വം സർക്കാർ ജോലിക്ക് അയോഗ്യതയായി നിർദേശിച്ചുകൊണ്ട് ഉത്തർ പ്രദേശിലെ അഖിലേഷ് യാദവ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് വിവാദമാകുന്നു. ഒന്നിൽക്കൂടുതൽ ഭാര്യമാരുള്ള പുരുഷന്മാർക്കും അത്തരം പുരുഷന്മാരുടെ ഭാര്യമാർക്കും ഉർദു അദ്ധ്യാപകരായി തുടരാൻ യോഗ്യതയില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത്തരക്കാർക്ക് പുതിയ നിയമനത്തിനും യോഗ്യതയുണ്ടായിരിക്കില്ല.
സംസ്ഥാനത്തെ 3,500-ഓളം ഉർദു അദ്ധ്യാപകർക്ക് സർക്കാർ നോട്ടീസ് നൽകിയതോടെയാണ് സംഗതി വിവാദമായത്. വിധവാ പെൻഷൻ നൽകുന്ന കാര്യത്തിലും മരണാനന്തര ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിലും തർക്കവും ആശയക്കുഴപ്പവും ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ പറയുമ്പോൾ കടുത്ത വിവേചനമാണ് ഇക്കാര്യത്തിൽ സർക്കാരിന്റേതെന്ന് ഉർദു അദ്ധ്യാപകരും മതനേതാക്കളും പറയുന്നു.
മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് ആരോപിച്ചു. നിലവിലുള്ള അദ്ധ്യാപകരും പുതിയതായി ജോലിക്കുകയറുന്നവരും വിവാഹം സംബന്ധിച്ച സത്യവാങ്മൂലം നൽകണം. ഒന്നിൽക്കൂടുതൽ ഭാര്യമാർ ജീവിച്ചിരിക്കുന്നുവെങ്കിൽ, അത്തരക്കാരെ അയോഗ്യരായി പ്രഖ്യാപിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഒന്നിൽക്കൂടുതൽ ഭാര്യമാരുള്ള പുരുഷനെ വിവാഹം കഴിക്കുന്ന സ്ത്രീയ്ക്കും അയോഗ്യത വരും.
ഈ നിർദ്ദേശം ഉർദു അദ്ധ്യാപകർക്ക് മാത്രമല്ല, എല്ലാ അദ്ധ്യാപകർക്കും ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. പുതിയ അദ്ധ്യാപക നിയമനത്തിന് സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. ഈ അപേക്ഷ സമർപ്പിക്കുന്നവർ പുതിയതായി സർക്കാർ കൊണ്ടുവന്ന നിർദ്ദേശം പാലിക്കേണ്ടിവരും.
എന്നാൽ, നാലുവിവാഹം വരെ കഴിക്കാൻ മതം അനുവദിക്കുന്നുണ്ടെന്നും ഈ നിർദ്ദേശം വരുന്നതോടെ, മുസ്ലീങ്ങൾ സർക്കാർ ജോലിക്ക് അയോഗ്യരാവുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. സർക്കാർ നിർദ്ദേശം എല്ലാ ജീവനക്കാർക്കും ബാധകമാണെന്നിരിക്കെ, ഉർദു അദ്ധ്യാപകർക്ക് മാത്രം നൽകിയതിനെയും അവർ ചോദ്യം ചെയ്യുന്നു. ഇത്തരം വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡിൽ അംഗം കൂടിയായ ലഖ്‌നൗ ഈദ്ഗാഹ് ഇമാം മൗലാന ഖാലിദ് റഷീദ് ഫിറംഗി മഹല്ലി പറയുന്നു.

