ന്യൂയോർക്ക്: ശാസ്ത്രം പുരോഗമിക്കുംതോറും ദൈവവിശ്വാസം അകന്നുപോവുകയാണെന്ന് ആരുപറഞ്ഞു? 17,000 പ്രകാശവർഷം അകലെനിന്ന് നാസയുടെ ടെലസ്‌കോപ്പുകൾ പകർത്തിയത് ദൈവത്തിന്റെ കൈയാണെന്ന് സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നു. തീ നാളങ്ങൾക്കിടയിലേക്ക് നീട്ടിയതുപോലുള്ള കൈപ്പത്തിയാണ് നാസയുടെ ടെലസ്‌കോപ്പിൽ പതിഞ്ഞത്.

നാസയുടെ ന്യൂക്ലിയർ സ്‌പെക്ട്രോസ്‌കോപ്പിക് ടെലസ്‌കോപ്പ് അരേയാണ് ഈ ദൃശ്യം പകർത്തിയത്. ഭൂമിയൽനിന്ന് 17,000 പ്രകാശവർഷം അകലെയുള്ള ന്യൂട്രോൺ നക്ഷത്രത്തെ നിരീക്ഷിക്കുന്നതിനിടെയാണ് ടെലസ്‌കോപ്പിൽ ദൃശ്യം പതിഞ്ഞത്. ഇത് ദൈവത്തിന്റെ കൈയാണെന്ന തരത്തിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്.

നക്ഷത്രത്തിൽനിന്ന് പുറത്തേയ്ക്ക് വമിക്കുന്ന പ്രകാശമാണ് കൈയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. എന്നാൽ, നാസയുടെ ടെലസ്‌കോപ്പിൽ ദൈവത്തിന്റെ കൈ പതിഞ്ഞുവെന്നാണ് സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നത്. ചുവപ്പും നീലയും പച്ചയും കലർന്ന തരത്തിലാണ് ഈ ദൃശ്യമുള്ളത്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് നൂസ്റ്റാർ ടെലസ്‌കോപ്പ് ഉപയോഗിച്ച് ഈ ദൃശ്യം പകർത്തിയത്.

ഒപ്റ്റിക്കൽ ഇല്യൂഷനാണ് ഇതെന്ന് ശാസ്ത്രലോകം പറയുമ്പോൾ, വിശ്വാസികൾ അത് ദൈവത്തിന്റേതാണെന്ന് ഉറപ്പിക്കുകയാണ്. ദൈവത്തിന്റെ സാന്നിധ്യം എവിടെയുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യമെന്ന് സ്‌മോട്ട്73 എന്ന പാസ്റ്റർ തന്റെ ബ്ലോഗിൽ കുറിച്ചു. ഇത്രയും പ്രകാശവർഷം അകലെയും താൻ നിലനിൽക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ദൈവം തന്റെ കൈ കാണിച്ചതെന്നും അദ്ദേഹം എഴുതുന്നു.