ൻഡ്രോയ്ഡിലും ഐഫോണിലുമുള്ള ഡബ്‌സ്മാഷ് എന്ന വീഡിയോ മെസേജ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ കരുതിയിരിക്കുക. നിങ്ങളുടെ വീഡിയോകൾ രൂപം മാറ്റി ഇതേ ആപ്ലിക്കേഷനിലൂടെ ലോകം കണ്ടെന്നിരിക്കും. സിനിമകളുടെ പ്രമോഷനും മറ്റുമായി ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷന് പിന്നിലെ വലിയൊരു അപകടം തുറന്നുകാണിക്കുകയാണ് വിദഗ്ദ്ധർ.

ഏതെങ്കിലും സിനിമയിലേയോ മറ്റോ പ്രശസ്തമായ ഡയലോഗിനൊപ്പം നിങ്ങൾ അഭിനയിക്കുന്ന തരത്തിലുള്ള വീഡിയോ ഷൂട്ട് ചെയ്യാൻ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. ഫേസ്‌ബുക്കിൽ ഇപ്പോൾത്തന്നെ ആയിരക്കണക്കിന് അക്കൗണ്ടുകളിൽ ഡബ്‌സ്മാഷ് വീഡിയോകൾ ലഭ്യമാണ്. യുട്യൂബിലുമുണ്ട് ഡബ്‌സ്മാഷ് വീഡിയോകൾ.

എന്നാൽ, ഇത്തരത്തിലുള്ള അപകടങ്ങളിലൊന്ന് ഇപ്പോൾത്തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 20-കാരിയായ യുവതി പോൺ സിനിമകളിലെ സ്ത്രീയുടെ ശബ്ദം അവതരിപ്പിക്കുന്നതുപോലുള്ള വീഡിയോയാണ് പ്രചാരത്തിലുള്ളത്. പോൺ സിനിമകളിലെ ലൈംഗികച്ചുവയുള്ള ഡയലോഗുകളും യുവതി പറയുന്നതായി ഡബ്‌സ്മാഷ് വീഡിയോയിൽ കാണാം.

ഒരു തമിഴ് സിനിമയിലെ ഡയലോഗ് പറഞ്ഞുകൊണ്ട് യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഈ രീതിയിൽ രൂപം മാറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡബ്‌സ്മാഷ് വീഡിയോകൾ ഡൗൺലോഡ് ചെയ്ത് അതിൽ വേറെ വീഡിയോയിലെ ശബ്ദം മിക്‌സ് ചെയ്താണ് വ്യാജ വീഡിയോകൾ നിർമ്മിക്കുന്നത്. ഒരു തരത്തിൽ ഡബ്‌സ്മാഷിന്റെ സാങ്കേതിക വിദ്യ തിരിച്ചുപയോഗിക്കുകയാണ് ഇതിൽ.

അപകടങ്ങളുണ്ടെങ്കിലും ഡബ്‌സ്മാഷ് വീഡിയോകൾക്ക് വളരെയേറെ പ്രചാരമുണ്ട്. ലക്ഷക്കണക്കിന് വീഡിയോകളാണ് ഡബ്‌സ്മാഷിലൂടെ ഫേസ്‌ബുക്കിലും മറ്റും പ്രചരിക്കുന്നത്. പ്രശസ്തമായ ഡയലോഗുകൾ കോർത്തിണക്കി മുംബൈ ഐഐടിയിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഒരു ബോംബ് കഥ എന്ന വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിനാളുകളെ ആകർഷിച്ചുകഴിഞ്ഞു.