ദുബായ്: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം ഗെയ്ലിനും വിൻഡിസ് ടീം ഗാർഡ് ഓഫ് ഓണർ നൽകിയതോടെയാണ് വിരമിക്കൽ അഭ്യൂഹം ഉയർന്നത്.തന്റെ ജന്മ നാടായ ജമൈക്കയിൽ വിടവാങ്ങൽ മത്സരം കളിക്കാനാണ് ആഗ്രഹമെന്നും ഗെയ്ൽ പറഞ്ഞു.

22 വർഷങ്ങൾ പിന്നീട്ട രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ സമയമായിട്ടില്ല എന്നുതന്നെയാണു ഗെയ്ൽ പറഞ്ഞു വയ്ക്കുന്നത്. ശനിയാഴ്ച ട്വന്റി20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തിൽ, ഓസീസിനെതിരെ ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ഗെയ്ലിനെ കയ്യടികളോടെയാണ് സഹ താരങ്ങൾ യാത്രയാക്കിയത്.

ഔട്ടായതിനു ശേഷം ആരാധകർക്കു സല്യൂട്ട് നൽകുകയും ആരാധകർക്കു തന്റെ ബാറ്റിങ് ഗ്ലൗസ് ഊരി എറിഞ്ഞുകൊടുക്കുകയും ചെയ്തതിനു ശേഷമാണു ഗെയ്ൽ മൈതാനം വിട്ടത്. നേരത്തേ വിടവാങ്ങൽ പ്രഖ്യാപിച്ച ഡ്വെയ്ൻ ബ്രാവോയ്‌ക്കൊപ്പം ഗെയ്ലിനും വിൻഡീസ് താരങ്ങൾ മത്സരശേഷം ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.

'ഓസീസിനെതിരെ ഞാൻ ചില തമാശകൾ കാണിച്ചു എന്നേയുള്ളു. മറ്റു കാര്യങ്ങൾ നമുക്കു മാറ്റിവയ്ക്കാം. ലോകകപ്പിലെ എന്റെ അവസാന മത്സരം എന്ന നിലയിൽ ആരാധകരുമായി ആശയ വിനിമയം നടത്തി അവരെ അൽപം രസിപ്പിച്ചെന്നേയുള്ളു' ഓസീസിനെതിരായ മത്സരത്തിനു ശേഷം ഐസിസി ഫേസ്‌ബുക്ക് ലൈവ് ഷോയിൽ ഗെയ്ൽ പ്രതികരിച്ചു.

എന്റെ അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനാണ് ഞാൻ ശ്രമിച്ചത്. നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു എനിക്കത്. എന്റെ ഏറ്റവും മോശം ലോകകപ്പായിരുന്നു ഇത്. എന്നാൽ ഇങ്ങനേയും സംഭവിക്കും. എന്റെ കരിയറിന്റെ അവസാനത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ വിൻഡിസ് ടീമിലേക്ക് ഒരുപാട് പുതിയ കഴിവുള്ള താരങ്ങൾ കടന്നു വരികയാണ്, ഗെയ്ൽ പറഞ്ഞു.

ബ്രാവോയെ പോലൊരു ഇതിഹാസം വിടവാങ്ങുകയാണ്. ഞാൻ അവിടെ എന്റെ സമയം ആസ്വദിക്കുകയാണ് ചെയ്തത്. കാണികളുമായി സംവദിക്കുകയായിരുന്നു. ഒരു ലോകകപ്പ് കൂടി കളിക്കണം എന്ന് എനിക്കുണ്ട്. എന്നാൽ അവർ (വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്) അതിന് അനുവദിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത് എന്നും ഗെയ്ൽ പറഞ്ഞു.

എന്റെ വിടവാങ്ങൾ ഞാൻ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ എന്റെ നഗരമായ ജമൈക്കയിൽ ഒരു മത്സരം കൂടി കളിക്കാൻ അനുവദിച്ചാൽ, എനിക്ക് ആരാധകരോടു നന്ദി പറയാനാകും.

നമുക്കു നോക്കാം. അതു നടന്നില്ലെങ്കിൽ ഞാൻ വിരമിക്കൽ പ്രഖ്യാപനം ഔദ്യോഗികമായി നടത്തും. പക്ഷേ, തൽക്കാലം കൂടുതൽ പറയാനാകില്ല'.'വിൻഡീസിനെ പ്രതിനിധീകരിക്കുന്നതിൽ എന്നും ആഹ്ലാദവും അഭിമാനവുമുണ്ട്. ആരാധകരെ രസിപ്പിക്കാനാകാത്തതിലാണ് ഏറ്റവും വിഷമമെന്നും ഗെയ്ൽ പറഞ്ഞു നിർത്തുന്നു.രാജ്യാന്തര ക്രിക്കറ്റിൽ 79 ട്വന്റി20കളും 103 ടെസ്റ്റും, 301 ഏകദിനവും കളിച്ചിട്ടുള്ള താരമാണു 42 കാരനായ ഗെയ്ൽ.