- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരഞ്ഞെടുപ്പ് ഫണ്ട് വന്നത് കർണാടക വഴി; കേരളത്തിൽ കാര്യങ്ങൾ നിയന്ത്രിച്ചത് സുരേന്ദ്രനും മുരളീധരനും എം ഗണേശനും; 'നേതൃത്വത്തിന്റെ വീഴ്ച' ഉന്നയിച്ച് ബിജെപിയിലെ ഒരു വിഭാഗം; ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ നിർദ്ദേശം നൽകി കേന്ദ്രനേതൃത്വം
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ 'നേതൃത്വത്തിന്റെ വീഴ്ച' ഉന്നയിച്ച് ബിജെപിയിലെ ഒരു വിഭാഗം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശൻ എന്നിവർക്കു മാത്രമാണ് തിരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നു ചില നേതാക്കൾ പറയുന്നു.
മൂന്നു നേതാക്കളും അവരുടെ വിശ്വസ്തരും മാത്രം അറിയുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതാണ് വിവാദങ്ങൾക്കിടയാക്കിയതെന്ന ആരോപണമാണ് ബിജെപിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്.
കർണാടകയിലെ ബിജെപി-ആർഎസ്എസ് നേതൃത്വത്തിനായിരുന്നു കേരളത്തിലെ ഫണ്ടിന്റെ ചുമതല. ഫണ്ട് കേരളത്തിൽ എത്തിക്കുന്നതിനെക്കുറിച്ച് അവർ ആശയവിനിയമം നടത്തിയത് ഈ മൂന്നുപേരോട് മാത്രമായിരുന്നു. മുൻകാലങ്ങളിൽ സംസ്ഥാന-ജില്ലാ നേതൃത്വത്തിലെ ബന്ധപ്പെട്ടവരോട് ചർച്ച ചെയ്തശേഷമാണ് സ്ഥാനാർത്ഥികൾക്കു ഫണ്ട് നൽകിയിരുന്നത്. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ എത്ര ഫണ്ട് വന്നുവെന്നോ എത്ര ചെലവാക്കിയെന്നോ നേതാക്കളിൽ മിക്കവർക്കും ധാരണയില്ല.
വിഷയത്തിൽ പരസ്യപ്രതികരണത്തിനു മുതിരുന്നില്ലെങ്കിലും കേരളത്തിലെ നേതാക്കളെ ഒഴിവാക്കി കർണാടക നേതൃത്വത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുമതലപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നു നേതാക്കൾ പറയുന്നു. രൂക്ഷ വിമർശനം ഉയരുന്നത് എം.ഗണേശനെതിരെയാണ്. സംഘടനാ കാര്യങ്ങൾക്കായി ആർഎസ്എസ് പാർട്ടിയിലേക്കയച്ച ആളാണു ഗണേശൻ. ഗണേശന്റെ നേതൃത്വപരമായ വീഴ്ചയാണ് പാർട്ടി നേരിടുന്ന വിവാദങ്ങൾക്കു പിന്നിലെന്നു കരുതുന്നവരുണ്ട്.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായി. സ്ഥാനാർത്ഥിയെ നിശ്ചയിച്ച കാര്യം സ്ഥാനാർത്ഥി തന്നെ അറിഞ്ഞില്ല എന്നു പറയുന്ന സ്ഥിതിയുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകുന്ന കാര്യത്തിൽ പാളിച്ചയുണ്ടായി.
തിരഞ്ഞെടുപ്പിൽ കോ-ഓർഡിനേഷന് ആരുമുണ്ടായിരുന്നില്ല. ചില നേതാക്കളെ ഇരുട്ടിൽ നിർത്തി. സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചത്. ഇത് ശരിയായ നടപടിയല്ല. തീർത്തും പക്വത ഇല്ലാതെയാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. രണ്ടിടത്ത് കെ. സുരേന്ദ്രൻ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യപ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ല.
സംഘടനാ ശക്തിയില്ലാത്തപ്പോൾപോലും സംഭവിക്കാത്ത നാണക്കേടാണ് ഇപ്പോൾ പാർട്ടിക്കുണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മൂന്നു മണ്ഡലങ്ങളിലെ നാമനിർദേശ പത്രിക തള്ളിയതടക്കമുള്ള വീഴ്ചകളും ഗണേശനുമേൽ ആരോപിക്കുന്നു. ആർഎസ്എസ് ഗണേശനെ മടക്കി വിളിക്കാൻ സാധ്യതയുണ്ട്.
പാർട്ടി നേതൃത്വം ഒന്നടങ്കം പ്രതിരോധത്തിലായ സാഹചര്യത്തിൽ നേതാക്കൾക്കെതിരെ ഉടനെ നടപടി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. നടപടിയുണ്ടായാൽ ആരോപണത്തെ ശരിവയ്ക്കുന്ന സാഹചര്യമുണ്ടാകും. ഗ്രൂപ്പുകൾ മാറ്റിനിർത്തി ഒറ്റക്കെട്ടായി പാർട്ടിയെ പ്രതിരോധിക്കാനാണ് കേന്ദ്ര നിർദ്ദേശം. സുരേന്ദ്രന് എതിരെ നിൽക്കുന്ന നേതാക്കളോട് വരുംദിവസങ്ങളിൽ തുടർച്ചയായി വാർത്താസമ്മേളനം വിളിച്ച് ആരോപണത്തെ പ്രതിരോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും ഇതിനെതിരേ സംസ്ഥാനവ്യാപകമായി ഈ മാസം പത്താം തീയതി മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എ എൻ രാധാകൃഷ്ൺ വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിൽ വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. കേരളം എന്നൊരു ചെറിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇന്ത്യഭരിക്കുന്ന രാഷ്ട്രീയപാർട്ടിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പിണറായി വിജയൻ അടക്കമുള്ള ആളുകൾ തിരഞ്ഞെടുപ്പിൽ ചെലവാക്കിയ പണത്തിന്റെ കണക്കുകൾ കൊണ്ടുവരട്ടേയെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
ബിജെപി ചെലവിട്ട എല്ലാ പണവും കൃത്യമായി രേഖകളുണ്ട്. കൊടകരയിലേത് കുഴൽപ്പണമാണെങ്കിൽ എന്തുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അന്വേഷണം ഏൽപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ തോജോവധം ചെയ്യാനുള്ള ശ്രമമാണ് കേരളത്തിൽ വ്യാപകമായി നടത്തുന്നതെന്നും എ എൻ രാധകൃഷ്ണൻ ആരോപിച്ചിരുന്നു.
കേന്ദ്രം നിർദേശിച്ചതനുസരിച്ച് കൊടകര കുഴൽപണക്കേസിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. പണം തട്ടിയെടുക്കാൻ പ്രധാന നേതാക്കൾ ശ്രമിച്ചിട്ടുണ്ടോ, പാർട്ടിക്കെതിരെ ആസൂത്രിത നീക്കം നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
അതേ സമയം വീണുകിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. ദേശീയ ശ്രദ്ധ നേടിയ കേസായതിനാൽ പരമാവധി തെളിവുകൾ ശേഖരിച്ച് മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിനു നൽകിയിരിക്കുന്ന നിർദ്ദേശം. തൃശൂർ റേഞ്ച് ഡിഐജി അന്വേഷണ വിവരങ്ങൾ ദിവസവും ഡിജിപിക്കു റിപ്പോർട്ടു ചെയ്യുന്നുണ്ട്. സംസ്ഥാന ഇന്റലിജൻസ് വിഭാഗവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ